വേണ്ടാത്ത പാഠം തല്ലിപ്പഠിപ്പിക്കരുത്
Tuesday,
October 07,
2008
തങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് എന്തുതരം വിദ്യാഭ്യാസം വേണമെന്നു തീരുമാനിക്കാനുള്ള അവകാശം മാതാപിതാക്കള്‍ക്കുണ്ട്. അവകാശങ്ങളെല്ലാം അടിച്ചമര്‍ത്തുന്ന സര്‍വാധിപത്യപ്രവണതയുള്ള ഭരണക്രമത്തില്‍ ഈ അവകാശവും ചവിട്ടിമെതിക്കപ്പെടും . പക്ഷേ, ജനാധിപത്യഭരണക്രമത്തില്‍ അങ്ങനെയൊന്ന് ഉണ്ടാകാന്‍ പാടില്ല.
മതനിരപേക്ഷരാജ്യമായ ഇന്ത്യയില്‍ ഏതു മതത്തില്‍ വിശ്വസിക്കാനും മതത്തിലോ ഈശ്വരനിലോ വിശ്വസിക്കാതിരിക്കാനുമുള്ള അവകാശം ഇവിടത്തെ പൗരര്‍ക്കുണ്ട്. വിശ്വാസമായാലും വിശ്വാസനിഷേധമായാലും മറ്റുള്ളവരില്‍ അടിച്ചേല്‍പിക്കാന്‍ ആര്‍ക്കും, സര്‍ക്കാരിനുപോലും അവകാശമില്ല. സ്വന്തം കുഞ്ഞുങ്ങളുടെ കാര്യത്തില്‍ വിശ്വാസാവകാശം വിനിയോഗിക്കുന്നതു മാതാപിതാക്കളാണ്. തങ്ങളുടെ കുട്ടികളെ ഏതു വിശ്വാസത്തില്‍ വളര്‍ത്തണമെന്നും അതിനിണങ്ങുന്ന വിധം ഏതുതരം വിദ്യാഭ്യാസം തങ്ങളുടെ കുട്ടികള്‍ക്കു നല്‍കണമെന്നും തീരുമാനിക്കേണ്ടതു മാതാപിതാക്കളാണ്. രാഷ്ട്രീയനേതൃത്വമോ ഭരണസംവിധാനമോ അല്ല.
കുട്ടിമനസ്സുകളില്‍ മതനിരാസവും നിരീശ്വരചിന്തയും കടത്തിവിടാന്‍ പ്രത്യേകമായി ഉദ്ദേശിച്ചുള്ള ഒരു പാഠം ഏഴാംക്ലാസിലെ പാഠപുസ്തകത്തിലുള്ളതിനെ ജനങ്ങളില്‍ ഭൂരിപക്ഷവും ഒന്നിച്ചെതിര്‍ത്തിട്ടും ആ പാഠം നിലനിര്‍ത്തിയേ പറ്റൂ എന്ന് സര്‍ക്കാര്‍ ശഠിക്കുന്നതു സര്‍ക്കാരിനെ നയിക്കുന്നവരുടെ വിശ്വാസനിരാസമെന്ന വിശ്വാസം കുട്ടികളില്‍ അടിച്ചേല്‍പിക്കുന്നതിനു തുല്യമാണ്. കേരളം ഭരിക്കുന്നതു കമ്യൂണിസ്റ്റ് കക്ഷികള്‍ നേതൃത്വം നല്‍കുന്ന സര്‍ക്കാരാണെന്നതുകൊണ്ട് ജനങ്ങളെല്ലാം നിരീശ്വവാദികളും മതനിഷേധികളും ആണെന്നു കരുതുന്നതു പരമാബദ്ധമായിരിക്കും.
ഏതു പാര്‍ട്ടിയെ അധികാരത്തിലേറ്റിയാലും ഇവിടത്തെ ജനങ്ങളില്‍ ഭൂരിപക്ഷവും ഈശ്വരവിശ്വാസികളും മതാനുസാരികളുമാണ്. നിരീശ്വരവാദികളും മതനിഷേധകരുമായ നേതാക്കള്‍ ഏറെയുള്ള സി.പി.എമ്മിനെ അധികാരത്തിലേറ്റിയവരും തങ്ങളുടെ വിശ്വാസജീവിതം അപകടത്തിലാക്കാന്‍ സര്‍ക്കാര്‍ മുതിരുകയില്ലെന്ന വിശ്വസിച്ചുകൊണ്ടുതന്നെയാണ് അവര്‍ക്കു വോട്ടു ചെയ്തിട്ടുള്ളത്. അതിനാല്‍ത്തന്നെ അവരുടെ പവിത്രമായ വിശ്വാസങ്ങള്‍ ധ്വംസിക്കുന്നതോ ധ്വംസിക്കാന്‍ ഇടയാക്കുന്നതോ ആയ ഒന്നും സര്‍ക്കാര്‍ ചെയ്യാന്‍ പാടില്ല.
തങ്ങളെ അധികാരത്തിലേറ്റിയവരെല്ലാം തങ്ങളുടെ വിശ്വാസനിഷേധം കൈയടിച്ചംഗീകരിച്ചവരാണെന്നു സര്‍ക്കാരിനെ നയിക്കുന്ന കമ്യൂണിസ്റ്റ് നേതാക്കള്‍ ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അത് അതിരുകടന്ന ചിന്തയാണ്. കുട്ടികളെ നിരീശ്വരവിശ്വാസികളും മതനിഷേധകരുമാക്കാനുള്ള ഉദ്ദേശ്യത്തോടെയാണു തങ്ങള്‍ അധികാരം തേടുന്നതെന്നു തുറന്നു പറഞ്ഞുകൊണ്ട് തെരഞ്ഞെടുപ്പിനെ നേരിടാന്‍ അവര്‍ ആദ്യം തയാറാകട്ടെ. ഭൂരിപക്ഷം മാതാപിതാക്കള്‍ എന്താഗ്രഹിച്ചാലും തങ്ങളുടെ ചിന്താഗതിയേ പാഠ്യക്രമത്തില്‍ ഉള്‍പ്പെടുത്തുകയുള്ളു എന്നവര്‍ തെരഞ്ഞെടുപ്പിനു മുന്നേ ജനങ്ങളെ അറിയിക്കട്ടെ.
അതുവരെ പാര്‍ട്ടിയുടെയും പാര്‍ട്ടിയെ നയിക്കുന്നവരുടെയും മാത്രം ഇഷ്ടവിശ്വാസമായ വിശ്വാസനിഷേധം കുട്ടികളെ പഠിപ്പിച്ചുറപ്പിക്കാനുള്ള നീക്കം പാടുള്ളതല്ല. തങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് ഇതു വേണ്ടാ എന്നു മാതാപിതാക്കളില്‍ മഹാഭൂരിപക്ഷവും വിളിച്ചുപറയുന്ന ഒരു പാഠവും പുസ്തകവും സിലബസില്‍ നിലനിര്‍ത്തണമെന്നുള്ള നിര്‍ബന്ധബുദ്ധി ജനങ്ങള്‍ തെരഞ്ഞെടുത്ത സര്‍ക്കാരിന് ഒട്ടും യോജിച്ചതല്ല. ജവഹര്‍ലാല്‍ നെഹ്‌റു ഇന്ത്യയുടെ മഹാനായ നേതാവുതന്നെയാണ്. അദ്ദേഹത്തിന്റെ മതനിരാസമല്ല, മതവിശ്വാസികളും അല്ലാത്തവരുമായ എല്ലാ ഇന്ത്യക്കാരുടെയും ക്ഷേമത്തിനുവേണ്ടി, രാജ്യത്തിന്റെ അഭ്യുന്നതിക്കുവേണ്ടി ജീവിച്ചു എന്നതാണ് അദ്ദേഹത്തിന്റെ മഹത്വം. എല്ലാ ഇന്ത്യക്കാരെയും ഒരുപോലെ കണ്ടതാണ് അദ്ദേഹത്തിന്റെ ശ്രേഷ്ഠത. കമ്യൂണിസ്റ്റുകളും തീവ്രസോഷ്യലിസ്റ്റുകളും നിരീശ്വരരുമായ കോണ്‍ഗ്രസ് വിരുദ്ധരെയും ആദരവോടെ പരിഗണിച്ചു എന്നതാണ് അദ്ദേഹത്തിന്റെ മഹത്വം.
മറിച്ചു മതനിരാസത്തിന്റെ പേരിലല്ല, ആരുമദ്ദേഹത്തെ മഹാനായി കാണുന്നത്. അതു മഹത്തായ കാര്യമായി അദ്ദേഹത്തെ ആദരിക്കുന്ന ഈശ്വരവിശ്വാസികളായ ഒരു ഇന്ത്യക്കാരനും കാണുന്നുമില്ല. നെഹ്‌റുവിന്റെ മഹത്വത്തിന്റെ യഥാര്‍ഥ ഘടകങ്ങള്‍ ചൂണ്ടിക്കാട്ടാതെ, ആ പ്രതിപക്ഷബഹുമാനം തങ്ങളുടെയും സ്വഭാവമാക്കി മാറ്റാന്‍ പരിശീലിക്കേണ്ട ഇന്നത്തെ രാഷ്ട്രീയനേതൃത്വം ഇന്ത്യയിലെ ഭൂരിപക്ഷം ജനങ്ങളും തള്ളിക്കളയുന്ന മതനിരാസം മാത്രം ഉദാഹരിച്ചു കുട്ടിമനസുകളെ വഴിതെറ്റിക്കാനാകരുതു ശ്രമിക്കുന്നത്.
പലപ്പോഴും അപഭ്രംശങ്ങള്‍ സംഭവിച്ചിട്ടുണ്ടെങ്കിലും ലോകത്തെ ധര്‍മത്തിലും നീതിബോധത്തിലും നയിച്ചിട്ടുള്ളതു മേറ്റ്ന്തിനെക്കാളുമധികം ഈശ്വരവിശ്വാസം തന്നെയാണ്. ആ വിശ്വാസം ഇല്ലാത്തവര്‍ക്കും ഇവിടെ ജീവിക്കാന്‍ അവകാശമുണ്ട്. അവരുടെ അവകാശങ്ങളും സംരക്ഷിക്കപ്പെടണം. പക്ഷേ, അവരുടെ ചിന്തയാണു മഹത്തായത് എന്ന് എല്ലാ കുട്ടികളുടെയും മനസില്‍ അടിച്ചേല്‍പിക്കുന്ന പാഠങ്ങളല്ല നമ്മുടെ സമൂഹത്തിനാവശ്യം. ഭൂരിപക്ഷം മാതാപിതാക്കളും ജനങ്ങളും ഒന്നിച്ചെതിര്‍ക്കുന്ന, അവരുടെ കുട്ടികള്‍ക്ക് അപകടകരമെന്ന് അവര്‍ ഭയക്കുന്ന പാഠഭാഗമോ പുസ്തകമോ ഒഴിവാക്കാനുള്ള വിവേകം സര്‍ക്കാര്‍ കാട്ടണം. അവരുടെ ഈ ആവശ്യത്തിനു മുമ്പില്‍ മറ്റു ന്യായവാദങ്ങള്‍ക്കും നിര്‍ബന്ധബുദ്ധിക്കും പ്രസക്തിയില്ല.
Close...
Maximum Character Allowed -
4000