Tuesday, September 07, 2010   7:10 AM IST
Supplements
Home>> Vaartha Life>> Edu Plus
Edu Plus
നാടിനു വേണ്ടുന്ന വിദ്യാഭ്യാസം വരട്ടെ
Wednesday, October 08, 2008
|
|
|
നൂറ്റുക്കു നൂറു സാക്ഷരതയുടെ സര്‍ട്ടിഫിക്കറ്റ്‌ കൈയിലുണ്ടെന്നല്ലാതെ വിദ്യാഭ്യാസ കാര്യത്തില്‍ കേരളം എങ്ങുമല്ലെന്നു യാഥാര്‍ഥ്യബോധമുള്ളവര്‍ക്കൊക്കെ അറിയാം. അറിഞ്ഞിട്ടും അവഗണിച്ചിരുന്നവര്‍ക്ക്‌ ആസൂത്രണകമ്മീഷന്റെ കേരളവികസനറിപ്പോര്‍ട്ടില്‍ വെളിപ്പെടുന്ന ആ സത്യം അംഗീകരിക്കാതെ ഇനി നിവൃത്തിയില്ല.

വിദ്യാഭ്യാസനിലവാരത്തിന്റെ കാര്യത്തില്‍ ഈ നാട്‌ മറ്റു സംസ്ഥാനങ്ങള്‍ക്കൊപ്പമെങ്കിലും എത്തണമെങ്കില്‍ പത്തുവര്‍ഷംകൊണ്ടു പത്തുശതമാനം വളര്‍ച്ച നേടിയേ മതിയാകൂ എന്നാണു റിപ്പോര്‍ട്ടിന്റെ മുന്നറിയിപ്പ്‌.

കേരളത്തിന്‌ എന്തൊക്കെയോ കേമത്തങ്ങളുണ്ടെന്നു വിശ്വസിപ്പിക്കപ്പെട്ടുപോന്ന മലയാളികള്‍ക്കു പെട്ടെന്നിതു കേള്‍ക്കുമ്പോള്‍ നടുക്കം തോന്നിയേക്കാം.

സമ്പൂര്‍ണസാക്ഷരത പോലുള്ള മുദ്രാവാക്യങ്ങള്‍ കൊണ്ട്‌ ഇവിടത്തെ ചെറുപ്പക്കാരെ രക്ഷിക്കാന്‍ കഴിയില്ലെന്ന കാര്യം കേരളം നേരത്തേ ഓര്‍ക്കേണ്ടതായിരുന്നു.

അക്ഷരാഭ്യാസമില്ലാതിരുന്ന കുറെപ്പേരെക്കൂടി വായിക്കാന്‍ പഠിപ്പിച്ചു എന്നതു ചെറിയ കാര്യമല്ല. പക്ഷേ, വാല്യൂ ഇല്ലാത്ത കപടമുദ്രാവാക്യം മാത്രമായി അതു മാറി. ഇവിടത്തെ വിദ്യാഭ്യാസനിലവാരത്തിന്റെ ന്യൂനതയ്ക്ക്‌ അതൊരു പകരമോ പരിഹാരമോ അല്ല. തെക്കു കന്യാകുമാരിക്കും വടക്കു പാറശാലയ്ക്കുമപ്പുറം ചെന്നു മെച്ചപ്പെട്ട ജോലി നേടാനോ വൊക്കേഷന്‍ കണ്ടെത്താനോ ഇവിടത്തെ വിദ്യാര്‍ഥികളെ സജ്ജമാക്കുന്ന നിലവാരമൊന്നും ഈ നാട്ടിലെ വിദ്യാഭ്യാസത്തിന്‌ ഉണ്ടായിട്ടില്ല. ഇവിടത്തെപ്പോലെ 'പ്രബുദ്ധതയും സാക്ഷരതയു'മില്ലാത്ത പിന്നോക്കസംസ്ഥാനങ്ങള്‍ വരെയും നിലവാരമുള്ള വിദ്യാഭ്യാസം എന്നേ ഉറപ്പാക്കി.

തൊഴിലധിഷ്ഠിതവും തൊഴിലാഭിമുഖ്യമുള്ളതുമായ വിദ്യ നല്‍കാന്‍ അവ വളരെ മുന്നേ പഠിച്ചു. അതുകൊണ്ടാണു മറുനാട്ടിലും വിദേശത്തുമൊക്കെ മെച്ചപ്പെട്ട തൊഴില്‍ നേടാന്‍ അവിടങ്ങളില്‍ നിന്നുള്ളവര്‍ക്കു കഴിയുന്നത്‌.

അതേസമയം തൊഴിലിനോട്‌ ആഭിമുഖ്യം വളര്‍ത്തുന്നതോ തൊഴിലെടുക്കാന്‍ പരിശീലിപ്പിക്കുന്നതോ ആയ നിലവാരമുള്ള ഒരു കോഴ്സ്പോലും ഇവിടെ കൊണ്ടുവരാന്‍ ഭരണചക്രം തിരിക്കുന്നവര്‍ക്കു കഴിഞ്ഞില്ല. നിലവാരമുള്ള പഠനത്തിനേ നിലവാരമുള്ള തൊഴിലാളികളെ സൃഷ്ടിക്കാന്‍ കഴിയൂ. നിലവാരമുള്ള ജീവനക്കാരാകാന്‍ കഴിയുമെന്നുള്ളവരെയേ നിലവാരമുള്ള സ്ഥാപനങ്ങള്‍ക്ക്‌ ആവശ്യവുമുള്ളു.

നാടും ലോകവും ദ്രുതഗതിയില്‍ വളരുന്നതുകണ്ടിട്ടും എല്ലാ മേഖലയിലും ഉയര്‍ന്ന നിലവാരവും മികവും അത്യാവശ്യഘടകങ്ങളായി മാറിയിട്ടും ഇവിടത്തെ നേതൃത്വങ്ങള്‍ ആ കാഴ്ചകളൊന്നും കണ്ടില്ല.

ഇവിടത്തെ ചെറുപ്പക്കാര്‍ ജീവിക്കാന്‍ വിശാലമായ ലോകത്തേക്ക്‌ ഇറങ്ങേണ്ടവരാണെന്ന കാര്യം പോലും ഓര്‍ക്കാതെ അവനവന്റെ പഴകിയ സങ്കല്‍പങ്ങളില്‍ ഒട്ടകപ്പക്ഷിയെപ്പോലെ തല പൂഴ്ത്തി നില്‍ക്കുകയാണു വിദ്യാഭ്യാസമേഖലയെ നയിച്ചവരും ഭരണകര്‍ത്താക്കളും ചെയ്തത്‌.

മികവിന്റെയോ നിലവാരത്തിന്റെയോ അടയാളമെന്നു പറയാവുന്ന ഒരു സ്ഥാപനം പോലും വളര്‍ത്തിയെടുക്കാന്‍ കഴിയാതെ പോയ ഭരണാധികാരികളെക്കുറിച്ച്‌ എന്തു പറയാന്‍.

സ്കൂളുകളും കോളജുകളും പ്രഫഷണല്‍ വിദ്യാഭ്യാസസ്ഥാപനങ്ങളുമായി നിരവധിയെണ്ണം സംസ്ഥാനത്തുണ്ട്‌. പക്ഷേ, നാടിന്റെ അഭിമാനമെന്നു പറയാവുന്ന ഒരെണ്ണംപോലും പൊതുമേഖലയില്‍ ഉണ്ടായതുമില്ല, ഉണ്ടാക്കാന്‍ ആരെയും അനുവദിച്ചതുമില്ല.

വികസനത്തെ അവഗണിച്ച മുന്നണിരാഷ്ട്രീയമാണു പൊതുമേഖലയില്‍ നിലവാരമുള്ള സ്ഥാപനങ്ങള്‍ ഉണ്ടാകാതെ പോകാന്‍ കാരണമെങ്കില്‍ സങ്കുചിതമായ രാഷ്ട്രീയലക്ഷ്യങ്ങളുടെയും കാലഹരണപ്പെട്ട പ്രത്യയശാസ്ത്രങ്ങളുടെയും പേരിലാണു സ്വകാര്യമേഖലയില്‍പ്പോലും ഇത്തരം സ്ഥാപനങ്ങള്‍ വരാന്‍ തടസം നിന്നത്‌.

തട്ടിമുട്ടി അക്ഷരം വായിക്കാന്‍ കുറെ നിരക്ഷരരെ തത്കാലത്തേക്കു പഠിപ്പിച്ചിട്ടെടുത്തിട്ടു രംഗം വിടുന്നതല്ല വിദ്യാഭ്യാസപ്രവര്‍ത്തനമെന്ന കാര്യം ബന്ധപ്പെട്ടവര്‍ മറക്കേണ്ട.

സങ്കുചിത ലക്ഷ്യങ്ങളൊക്കെ മാറ്റിവച്ചു ദീര്‍ഘവീക്ഷണത്തോടെ വിദ്യാഭ്യാസലക്ഷ്യങ്ങള്‍ നിര്‍വചിക്കാനും പദ്ധതികള്‍ ആസൂത്രണം ചെയ്യാനും അവര്‍ ഇനിയെങ്കിലും തയാറാകണം. മറ്റു സംസ്ഥാനങ്ങളുടെയൊക്കെ പിന്നില്‍നിന്നു മുമ്പിലേക്കെത്താന്‍ കേരളം കുറച്ചൊന്നും അധ്വാനിച്ചാല്‍ പോരാ.

കേരളംഇളംപതിഭകള്‍ക്കു മലയാളമണ്ണില്‍ ഒരിക്കലും കുറവുണ്ടായിട്ടില്ല. അവസരങ്ങള്‍ ഉണ്ടാക്കിക്കൊടുക്കാതെയും ഉള്ളവ നശിപ്പിച്ചും പ്രതിഭകളെ മുരടിപ്പിച്ച വര്‍ ചെയ്തതു കൊടിയ ദ്രോഹമാണ്‌. കഴിഞ്ഞുപോയവരോടു ചെയ്തത്‌ ഇനി വരാനിരിക്കുന്നവരോട്‌ ഇവിടത്തെ രാഷ്ട്രീയനേതൃത്വങ്ങളും അക്കാഡമിക്‌ ചുമതലക്കാരും ചെയ്യരുത്‌. പുതിയ കുട്ടികളെങ്കിലും നന്നായി പഠിച്ചു കേമന്മാരും നാടിന്റെ അഭിമാനങ്ങളുമാകട്ടെ. പഴയ പാപങ്ങള്‍ക്ക്‌ അങ്ങനെയെങ്കിലും പരിഹാരം ചെയ്യാം.

|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code