Sunday, August 01, 2010   5:45 AM IST
Supplements
Home>> Vaartha Life>> Speed
Speed
ഒരു ഓട്ടോമൊബെയില്‍ മുത്തശ്ശിക്കഥ
Tuesday, November 04, 2008
|
|
|
ഓട്ടോമൊബെയില്‍ രംഗത്ത്‌ അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിനു കാര്യമുണ്ടോ? വാഹനങ്ങളല്ലേ ഗുണം ഓടിച്ചു നോക്കിയാലറിയാം. അതു വായനക്കാരെ അറിയിക്കാം. എന്നാല്‍ അന്വേഷിക്കാനുമുണ്ടെന്നു തെളിയിക്കുന്നു കാര്‍ മാര്‍ക്കറ്റ്‌ മാഗസിന്റെ സീനിയര്‍ റിപ്പോര്‍ട്ടര്‍ ടോം കോട്ടര്‍. ഒരു ഓട്ടോമൊബെയില്‍ മുത്തശ്ശിക്കഥയ്ക്കു പിന്നാലെയാണ്‌ ടോം പോയത്‌.

2007മുതല്‍ ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്ന കഥ.അതിങ്ങനെ. ഒരു ന്യൂയോര്‍ക്കുകാരന്‍ വ്യവസായി. ബിസിനസൊക്കെ മക്കളെ ഏല്‍പ്പിച്ചു. ഇനി എവിടെയെങ്കിലും സ്ഥലം വാങ്ങണം. കൃഷി നോക്കണം. ഒരുപാട്‌ അന്വേഷിച്ചു. അന്വേഷണം അവസാനിച്ചതു പോര്‍ച്ചുഗലിലെ ഒരുള്‍ നാട്ടില്‍. പ്രേതബാധയുള്ള വീടെന്നു പറഞ്ഞ്‌ ഉപേക്ഷിച്ചിരുന്ന സ്ഥലം. ഉടമയും ഭാര്യയും മരിച്ചു. ബന്ധുക്കളുടെ കൈവശമാണു സ്ഥലം. എല്ലാവര്‍ക്കും പേടി. പ്രേതത്തെ പേടിയില്ലാത്ത വ്യവസായി സ്ഥലം വാങ്ങി. വീടിനു പിന്നിലുള്ള പൂട്ടിക്കിടന്ന ഗരാഷ്‌ കുത്തിത്തുറന്നു. അത്ഭുതം, പതിനഞ്ചു വര്‍ഷമായി പൂട്ടിക്കിടന്ന ഗരാഷില്‍ ഹായ്‌ പെര്‍ഫോമന്‍സ്‌ വിന്റേജ്‌ കാറുകളുടെ നീണ്ട നിര.
ഇവയില്‍ പലതും ഇന്നു കിട്ടാന്‍ പോലുമില്ലാത്തവ. ഓപ്പല്‍ ജിറ്റി, പോര്‍ഷെ 356, വോള്‍വോ പിവി 544, ഫോര്‍ഡ്‌ വൈ, ബിഎംഡബ്ലിയു വിഃ, ഫിയറ്റ്‌ റ്റോപോളിനോ 2, മെഴ്സിഡസ്‌. ഇനിയുമേറെ. ഈ വാര്‍ത്തയ്ക്കൊപ്പം പൊടി പിടിച്ചു കിടക്കുന്ന നിരവധി വിന്റേജ്‌ കാറുകളുടെ ചിത്രവും. മുഴുവന്‍ വാഹനങ്ങള്‍ക്കും ചേര്‍ത്തു വില നൂറ്റി അന്‍പത്തേഴു കോടി രൂപയിലധികം. ഓട്ടോമൊബെയില്‍ പത്രപ്രവര്‍ത്തകനായ ടോമിന്‌ അന്വേഷിച്ചു പോകാതിരിക്കാനായില്ല.
2007 ജനുവരിയിലാണ്‌ ഈ സംഭവം ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നത്‌. വിന്റേജ്‌ കാറുകള്‍ ശേഖരിക്കുന്ന പ്രേതങ്ങളെ കണ്ടുപിടിക്കാന്‍ തീരുമാനിച്ചു ടോം. പോര്‍ച്ചുഗലിലെത്തി. ചിത്രങ്ങള്‍ നന്നായി പഠിച്ചു. പിന്നെ അവയെടുത്ത ഫോട്ടോഗ്രാഫറെ തേടി അലഞ്ഞു. കണ്ടെത്തി, മാനുവല്‍ മെനീസ്സ്‌ മോറിസ്‌ എന്ന സാധാരണ ഫോട്ടോഗ്രാഫര്‍. കാര്യം ചോദിച്ചപ്പോഴാണ്‌ ലോകമെങ്ങും കണ്ട്‌ അത്ഭുതം കൂറിയ ചിത്രങ്ങളുടെ അസല്‍ കഥ പുറത്തു വന്നത്‌. ആരും ഒന്നും വാങ്ങിയിട്ടില്ല.
ന്യൂയോര്‍ക്കുകാരന്‍ ബിസിനസുകാരനും പ്രേതബാധയുള്ള വീടുമില്ല. 1970 മുതല്‍ കാറുകളുടെ കച്ചവടം നടത്തുന്ന ഒരാള്‍. കാറുകള്‍ വാങ്ങും വില്‍ക്കും. അതിനിടെ കൈയില്‍ വന്നതില്‍ ഇഷ്ടപ്പെട്ട ചിലവ മറിച്ചു വില്‍ക്കാതെ ഗോഡൗണില്‍ സൂക്ഷിച്ചു. കുറച്ചു കഴിഞ്ഞപ്പോള്‍ ഗോഡൗണ്‍ നിറഞ്ഞു. അപ്പോഴൊരു തോന്നല്‍. ഇത്രയും കാറുകളുടെ ശേഖരമുണ്ടെന്നതിനു തെളിവു വേണ്ടേ. നാട്ടിലെ ഫോട്ടോഗ്രാഫര്‍ മാനുവല്‍ മെനീസ്സ്‌ മോറിസിനെ വിളിച്ച്‌ ചിത്രങ്ങളെടുപ്പിച്ചു. ഈ ചിത്രങ്ങള്‍ മോറിസിന്റെ കൈയില്‍ നിന്നു കിട്ടിയ ഏതോ വിരുതന്റെ വകയായിരുന്നു പ്രചരിച്ച കഥ. ചിത്രങ്ങള്‍ യാഥാര്‍ഥ്യവും അതിനു പിന്നിലെ കഥ കെട്ടിച്ചമച്ചതാണെന്നുമറിഞ്ഞ ടോം അന്വേഷണം അവസാനിപ്പിച്ചു. കാറുകളുടെ ശേഖരം ആരുടേതായിരുന്നു എന്നു പറയാതെ.

|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code