വിവരസാങ്കേതിക വിദ്യ വികസിക്കുമ്പോള്‍ വായന മരിക്കുകയാണെന്നത് ഒരു ക്ലീഷേ ഡയലോഗാണെന്നു കാണണോ? നമുക്ക് എറണാകുളത്തപ്പന്‍ ഗ്രൗണ്ടിലേക്കു പോകാം. കറന്റ്, ഡിസി ബുക്സിന്റെ പുസ്തകചന്ത ഇവിടെയാണ്. അക്ഷരങ്ങളുടെ ഉത്സവ നാളുകളാണു കൊച്ചിയിലെ അക്ഷരപ്രേമികള്‍ക്കു സ്വന്തമായിരിക്കുന്നത്.വിഷയങ്ങളിലുള്ള വൈവിധ്യമാണു പുസതകച്ചന്തയുടെ പ്രത്യേകത.
നോവല്‍, ചെറുകഥ, ബാലസാഹിത്യം, ലോകം അംഗീകരിച്ച ക്ലാസിക്കുകള്‍, അംഗീകാരം തേടുന്ന തുടക്കകാരുടെ കൃതികള്‍, ചരിത്രം, പാചകം, ആത്മകഥകള്‍, ജീവചരിത്രങ്ങള്‍...... വിഷയങ്ങള്‍ അനവധി. വിദ്യാഭ്യാസത്തിനു സഹായകമാകുന്ന റഫറന്‍സ് ബുക്കുകള്‍, വിവിധ സിഡികള്‍ എന്നിവയും പുസ്തകച്ചന്തയിലുണ്ട്.പത്തു രൂപയുടെ മലയാള പുസ്തകങ്ങള്‍ മുതല്‍ അമ്പത്തയ്യായിരം രൂപയുടെ ബ്രിട്ടാനിക്ക എന്‍സൈക്ലോപീഡിയ വരെ വില്‍പ്പനയ്ക്കും പ്രദര്‍ശനത്തിനുമുണ്ട്.
മുപ്പതിനായിരത്തോളം പുസ്തകങ്ങളാണ് വായനക്കാരെ കാത്തിരിക്കുന്നത്. ചലച്ചിത്ര പ്രവര്‍ത്തകരുടെ അക്ഷരസാന്നിധ്യവും ശ്രദ്ധേയം. പടച്ചോന്റെ തിരക്കഥയുമായി ശ്രീനിവാസന്‍, കുസൃതിക്കഥകളുമായി ഇന്നസെന്റിന്റെ മഴക്കണ്ണാടി, മുകേഷ് കഥകള്‍, ഞാന്‍ കല്‍പ്പന.
വടക്കന്‍ വീരഗാഥ, തന്മാത്ര, ബാലേട്ടന്‍, വിനോദയാത്ര, ഒരേ കടല്‍ തുടങ്ങി തിരക്കഥകളും. പുസ്തകമേളകളിലെ കാരണവ സ്ഥാനത്ത് വി.ടി ഭട്ടതിരിപ്പാട്, വികെഎന്‍, എംടി, ടി. പത്മനാഭന്‍. കവിതയില്‍ ഒഎന്‍വി മുതല്‍ പവിത്രന്‍ തീക്കുനി വരെ. ഡ്രാക്കുളയില്‍ തുടങ്ങി കോട്ടയം പുഷ്പനാഥിന്റെ ഡിറ്റക്ടീവ് നോവലുകളില്‍ അവസാനിക്കുന്ന ഹൊറര്‍ സെക്ഷന്‍.
സ്വന്തം വീട്ടില്‍ കയറും വരെ കള്ളന്‍ ഒരു കൗതുകമാണെന്നു പറയുന്ന തസ്ക്കരന്‍ മണിയന്‍പിള്ളയുടെ ആത്മകഥ വ്യത്യസ്ത താരം.പുസ്തകച്ചന്തയ്ക്കു പൊതുവെ നല്ല പ്രതികരണമാണു ലഭിക്കുന്നതെന്നു കറന്റ് ബുക്ക്സ് ബ്രാഞ്ച് മാനേജര്‍ വി.ടി മധുസൂദനന്‍ പറയുന്നു. നല്ല കച്ചവടം ഉണ്ട്. യുവത്വത്തിന്റെ പങ്കാളിത്തം ഇത്തവണ ഉണ്ടെന്നതാണു പുസ്തകച്ചന്തയുടെ പ്രത്യേകത. പത്തു ദിവസത്തെ പുസ്തകച്ചന്ത നവംബര്‍ പത്തു വരെ. പുസ്തകങ്ങള്‍ വാങ്ങാം, മുപ്പതിനായിരത്തോളം പുസ്തകങ്ങളില്‍ തുടിക്കുന്ന അക്ഷരങ്ങള്‍ക്കൊപ്പം കുറച്ചു നേരം ചിലവഴിക്കാം.