അനൂപ് മോഹന്‍
ഈ പുരാതന വസ്തുക്കള്‍ക്കു പൊടിപിടിച്ചിട്ടുണ്ടാവാം.ചരിത്രത്തിനൊപ്പം നടക്കാനുള്ള മാടശേരി ചെറിയാന്റെ ആവേശത്തിനു പൊടിപിടിച്ചിട്ടില്ല. എറണാകുളത്ത് ഷണ്‍മുഖം റോഡില്‍ നിന്നു ബ്രോഡ്‌വേയിലേക്കുള്ള ലിങ്ക് റോഡിലെ പഴയ കടയില്‍ ചരിത്രം സൂക്ഷിക്കുകയാണ് ഈ അറുപത്തഞ്ചുകാരന്‍. ഈ പഴയ കട കൊച്ചിക്കാര്‍ കണ്ടിട്ടുണ്ടാകും.
ഒരിക്കല്ലെങ്കിലും കൗതുകത്തോടെ നോക്കിയിട്ടുമുണ്ടാകും. ചെറിയാന്റെ കടയില്‍ നിറയുന്നത് ചരിത്രം രേഖപ്പെടുത്തിയ നാണയങ്ങള്‍, മുദ്രപ്പത്രങ്ങള്‍, പുരാവസ്തുക്കള്‍, കറന്‍സികള്‍, സ്റ്റാമ്പുകള്‍, രത്നക്കല്ലുകള്‍....... ആ മനസ് കടന്നു ചെല്ലാത്ത ചരിത്രകാര്യങ്ങള്‍ കുറവ്. സ്വാതന്ത്ര്യ സമരത്തിന്റെ ചൂടും ചൂരും, ദാരിദ്ര്യത്തിന്റെ വേദനകളും അനുഭവിച്ചു വളര്‍ന്നുവന്ന തലമുറയായതിനാല്‍ പൈതൃകം വിട്ട് ഒന്നും ചെയ്യില്ലെന്നു ചെറിയാന്‍.ഹിസ്റ്ററി എജ്യുക്കേഷണല്‍ സൊസൈറ്റിയുടെ സെക്രട്ടറി കൂടിയാണ് ചെറിയാന്‍. ഒപ്പം ചരിത്ര മ്യൂസിയവും നടത്തുന്നു.
വൈവിധ്യം നിറഞ്ഞ ചരിത്രശേഖരങ്ങള്‍ എണ്ണിത്തിട്ടപ്പെടുത്തുക സാധ്യമല്ല. മലയാളക്കര ആക്രമിക്കാന്‍ വന്ന ടിപ്പു സുല്‍ത്താന്റെ സേന ഉപയോഗിച്ച പീരങ്കിയുണ്ട, ഇംഗ്ലണ്ടിലും യുഎസിലും ജര്‍മ്മനിയിലും നിര്‍മിച്ച പഴയ ക്യാമറകള്‍, രത്നക്കല്ലിന്റെ അസംസ്കൃത വസ്തു, എഴുത്താണി, താളിയോല... ഈ ചരിത്ര സ്നേഹി നഗരത്തിനു നല്‍കുന്ന കൗതുകങ്ങള്‍ അവസാനിക്കുന്നില്ല. പാഠപുസ്തകങ്ങളില്‍ വായിച്ച ബിസി കാലഘട്ടത്തിന്റെ ഫീലുണ്ട് ഈ ചരിത്രസ്ഥാപനത്തില്‍ നില്‍ക്കുമ്പോള്‍. ക്രിസ്തുവിനെ ഒറ്റു കൊടുക്കാന്‍ യൂദാസിനു നല്‍കിയ വെള്ളിക്കാശുകളുടെ സീരീസില്‍പ്പെട്ട നാണയങ്ങളുണ്ട്, മാടശേരി ചെറിയാന്റെ ശേഖരത്തില്‍. ബിസി നാലിലും ബിസി രണ്ടിലും റോമാ സാമ്രാജ്യത്തില്‍ ഉപയോഗിച്ചിരുന്ന നാണയങ്ങളും കാണാം. പാകിസ്ഥാന്‍ ഉള്‍പ്പെടുന്ന ചിത്രം ആലേഖനം ചെയ്ത രണ്ടണയും നാലണയും വിലയുള്ള നാണയങ്ങളും ഇവിടെയുണ്ട്.
വിഭജനത്തിനു മുമ്പുള്ള ഒരു ദേശത്തിന്റെ കഥ നാണയത്തില്‍ വെളിവാകുന്നു. 625 നാട്ടുരാജ്യങ്ങളുണ്ടായിരുന്നു ഇന്ത്യയില്‍. നാണയം ഇറക്കാനുള്ള അധികാരമുണ്ടായിരുന്നത് 93 രാജ്യങ്ങള്‍ക്ക്. കൊച്ചിയും, തിരുവിതാംകൂറും, മലബാറും ഇതിലുള്‍പ്പെടും. ഈ നാണയങ്ങളും ചെറിയാന്റെ ശേഖരത്തിലുണ്ട്. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് ഈ കടയില്‍ മുപ്പതു വര്‍ഷമായി ചെറിയാനുണ്ട്. ചരിത്രം സൂക്ഷിക്കുക എന്ന തന്റെ ദൗത്യത്തില്‍ ഇദ്ദേഹം പൂര്‍ണ്ണ തൃപ്തനാണ്. അന്വേഷണങ്ങള്‍ക്കൊടുവില്‍ ലഭിച്ച അമ്യൂല്യമായ വസ്തുക്കള്‍ കാണാന്‍ നിരവധി പേര്‍ ഇവിടെയെത്തുന്നുണ്ട്.
അദ്ധ്യാപകര്‍, വിദ്യാര്‍ഥികള്‍, ചരിത്രാന്വേഷകര്‍...അങ്കമാലിക്കടുത്ത് മൂക്കന്നൂര്‍ മാടശേരി കുടുംബാംഗമാണു ചെറിയാന്‍. കൗതുകത്തിലൂന്നിയ ചരിത്രപാഠങ്ങള്‍ പഠിച്ചിറങ്ങിയ നിരവധി ശിഷ്യന്‍മാരും ഇദ്ദേഹത്തിനുണ്ട്. തിരിച്ചൊന്നും പ്രതീക്ഷിക്കുന്നില്ലെങ്കിലും ചരിത്രം എഴുതുമ്പോള്‍ ഒരിക്കലും തെറ്റരുതെന്നു ചെറിയാനു നിര്‍ ബന്ധമാണ്.