Monday, March 15, 2010   4:07 PM IST
Supplements
Home>> Regional>> Kochi
Kochi
ഈ ഓര്‍മകള്‍ പോലും ചിതലരിക്കുന്നു
Tuesday, November 11, 2008
|
|
|
എസ്‌.ഡി. ശങ്കരന്‍കുട്ടി



അഞ്ചലാപ്പീസ്‌ എന്ന പേരുപോലും പുതുതലമുറയ്ക്കു പുതുമയായിരിക്കും. ഇന്റര്‍നെറ്റും ഇ-മെയിലും ബ്ലൂടൂത്തുമൊക്കെ വാര്‍ത്തകളെ കണ്ണഞ്ചിപ്പിക്കുംവേഗത്തില്‍ ലോകമെങ്ങും പരത്തുമ്പോള്‍ അഞ്ചലാപ്പീസ്‌ എന്ന പോസ്റ്റ്‌ ഓഫീസിനെന്തു പ്രസക്തി ! എന്നാല്‍ ഒരഞ്ചലാപ്പീസ്‌ ഇന്നെവിടെയെങ്കിലുമുണ്ടെങ്കില്‍ അതു ചരിത്രമാണ്‌, സ്മാരകമാണ്‌, പൈതൃകസ്വത്താണ്‌, എന്നെന്നേക്കുമായി സംരക്ഷിക്കപ്പെടേണ്ടതാണ്‌.

ലോകമെമ്പാടും പൈതൃക-ചരിത്ര സ്മാരകങ്ങള്‍ വരുംതലമുറകള്‍ക്കുവേണ്ടിക്കൂടി പരിപാലിക്കുമ്പോള്‍ ഇവിടെയതൊന്നും ബാധകമല്ലാത്തതുപോലെ. കേരളത്തില്‍ മറ്റു പലതിനുമുള്ളതുപോലെ അഞ്ചലാപ്പീസിനുമുണ്ടു റോയല്‍ ടച്ച്‌.

ആദ്യമായി തപാല്‍സംവിധാനം ഏര്‍പ്പെടുത്തിയതു തിരുവിതാംകൂര്‍ രാജാക്കന്മാരാണ്‌. ആ നാട്ടുരാജ്യത്തിന്റെ ആദ്യ അഞ്ചലാപ്പീസ്‌ തൃപ്പൂണിത്തുറ പെരുംതൃക്കോവില്‍ ക്ഷേത്രത്തിനു സമീപം. ഇന്നുമതിവിടെയുണ്ട്‌, ഏതുസമയത്തും നിലംപൊത്താം. ഈ നാശത്തിനു കാരണമൊന്നേയുള്ളൂ- അവഗണന.അക്കാലത്തെ അഞ്ചലാപ്പീസുകളില്‍ അളവു-തൂക്ക ഉപകരണങ്ങളും തേക്കിലും ഉരുക്കുപാളികളിലും തീര്‍ത്ത അഞ്ചല്‍പ്പെട്ടികളും ഉണ്ടായിരുന്നു. അവ അടുത്തകാലംവരെ ഇവിടെയുണ്ടായിരുന്നു.

തപാലുരുപ്പടികളുമായി അന്നു പോസ്റ്റ്‌ മാന്‍ നടക്കുകയായിരുന്നില്ല, ഓടുകയായിരുന്നു, അഞ്ചലോട്ടക്കാരന്‍. രാജചിഹ്നം പതിച്ച അധികാരവടിയും മണിയുമുണ്ടായിരുന്നു അഞ്ചലോട്ടക്കാരന്‌. ഒപ്പം പ്രത്യേകമായ ചില അധികാരങ്ങളും അവകാശങ്ങളും. രാജാവിന്റെ തിരുവെഴുത്തുകള്‍പോലും ആ കൈകളിലുണ്ടാകുമായിരുന്നു. അയാളുടെ വടിയും മണിയും അടുത്തകാലംവരെ ഇവിടെയുണ്ടായിരുന്നു. മാര്‍ത്താണ്ഡവര്‍മ 1740 -ല്‍ തിരുവിതാംകൂര്‍ മഹാരാജാവായിരുന്നപ്പോഴാണു നാട്ടുരാജ്യത്തിലെ ആദ്യ അഞ്ചലാപ്പീസ്‌ ഇവിടെ സ്ഥാപിച്ചതെന്നു പഴയ രേഖകള്‍.

എന്നാല്‍ ഇന്ന്‌ ഈ കെട്ടിടത്തിന്റെ തൂണുകള്‍ നഷ്ടപ്പെട്ടു. ഓടുകള്‍ പൊട്ടി. ഭിത്തി നനഞ്ഞുകുതിര്‍ന്നു. ഇനിയൊരു മഴക്കാലം കൂടി അതിജീവിക്കില്ല ഈ കെട്ടിടം. തപാല്‍വകുപ്പിന്റെ പൈതൃകസംരക്ഷണപ്പട്ടികയില്‍പ്പെടുത്തി ഇതും പരിപാലിക്കണമെന്നു നിരവധിത്തവണ ആവശ്യപ്പെട്ടിട്ടും യാതൊരു നടപടിയുമുണ്ടായിട്ടില്ല.ഇടയ്ക്കു കേന്ദ്ര ആര്‍ക്കിയോളജിവിഭാഗം ഉദ്യോഗസ്ഥര്‍ വന്നു. കെട്ടിടം പരിശോധിച്ചു. സംരക്ഷിക്കണമെന്നു തപാല്‍വകുപ്പിനു ശുപാര്‍ശ നല്‍കി. പക്ഷേ പിന്നെയൊന്നും നടന്നില്ല. നടപടികള്‍ വല്ലതും അണിയറയിലുണ്ടോ എന്നുറപ്പുമില്ല.തിരുവിതാംകൂര്‍, കൊച്ചി രാജ്യങ്ങളെ വേര്‍തിരിച്ചിരുന്ന തന്ത്രപ്രധാനമായ പെരുംതൃക്കോവിലിനു സമീപത്താണു മാര്‍ത്താണ്ഡവര്‍മ അഞ്ചലാപ്പീസ്‌ സ്ഥാപിച്ചത്‌.

കന്യാകുമാരിവരെ വിശാലമായി പരന്നുകിടന്ന രാജ്യത്ത്‌ എന്തുകൊണ്ടാണു മറ്റൊരിടം ആദ്യ ആപ്പീസ്‌ സ്ഥാപിക്കാന്‍ തെരഞ്ഞെടുക്കാതിരുന്നത്‌ എന്ന ചോദ്യത്തിനു വ്യക്തമായ ഉത്തരമില്ല. അതിര്‍ത്തി സൂചിപ്പിക്കാന്‍ തിരുവിതാംകൂറിനെ പ്രതിനിധീകരിച്ച്‌ ?'തി' എന്നും കൊച്ചിയെ സൂചിപ്പിച്ചു ?'കൊ'? എന്നും കെട്ടിടത്തിനിരുവശങ്ങളിലും കൊത്തിയിട്ടുണ്ട്‌. ഇതിനു സമീപം അതിര്‍ത്തിക്കല്ലും ഇപ്പോഴും കാണാം.അന്നു കൊച്ചിയുടെ വ്യാപാരകേന്ദ്രം പുതിയകാവിലായിരുന്നു. ഇരുരാജ്യങ്ങളുടെയും കരംപിടിക്കുന്ന ചൗക്കയും ഇവിടെയുണ്ടായിരുന്നു. അഞ്ചലാപ്പീസിനും ചൗക്കയ്ക്കും ഇരു നാട്ടുരാജ്യങ്ങളുടേയും സുരക്ഷാഭടന്‍മാര്‍ കാവല്‍ നിന്നിരുന്നതു കാരണവന്മാര്‍ ഇപ്പോഴുമോര്‍ക്കുന്നു.

|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code