Saturday, March 13, 2010   6:43 AM IST
Supplements
Home>> Headlines
Latest News
അഭയ കേസ്‌: മദര്‍ പറഞ്ഞത്‌ കെട്ടുകഥ
Wednesday, November 19, 2008
|
|
|
വൈദികരും കന്യാസ്ത്രീയും അറസ്റ്റില്‍

കൊച്ചി

സ്വന്തം ലേഖകന്‍

സിസ്റ്റര്‍ അഭയയുടെ മരണം സംബന്ധിച്ചു സംഭവദിവസം കോണ്‍വന്റിലെ മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ലിസ്യൂ ലോക്കല്‍ പൊലീസിനോടു പറഞ്ഞതു കെട്ടുകഥയെന്നു സിബിഐ കണ്ടെത്തി.

കോണ്‍വന്റിലെ നിത്യസന്ദര്‍ശകരായിരുന്ന രണ്ടുവൈദികരുടെ പേരുകള്‍ മനഃപൂര്‍വം മറച്ചുവച്ച്‌ അവിടെ താമസിച്ചിരുന്ന മറ്റുള്ളവരുടെ മേല്‍ കുറ്റം ആരോപിക്കുകയായിരുന്നു മദര്‍ സുപ്പീരിയര്‍.

സിബിഐയുടെ പുനരന്വേഷണത്തില്‍ ഇതു പൊളിഞ്ഞിരിക്കുകയാണ്‌. ആദ്യം കേസന്വേഷിച്ച സിബിഐ ഡിവൈഎസ്പി വര്‍ഗീസ്‌ പി. തോമസും ഇതു കണ്ടെത്തിയിരുന്നു. പരസ്പരവിരുദ്ധമായ കാര്യങ്ങളാണ്‌ മദര്‍ ലിസ്യൂവും അഭയയുടെ മുറിയില്‍ താമസിച്ചിരുന്ന സിസ്റ്റര്‍ വിനിതയും പൊലീസിനോടു പറഞ്ഞത്‌.

അഭയയുടെ മരണത്തെക്കുറിച്ച്‌ അന്വേഷിച്ചവരോടൊക്കെ വിനിത ടെലിഫോണില്‍ പറഞ്ഞത്‌ കൊലപാതകമാണെന്നായിരുന്നു. എന്നാല്‍ മദര്‍ ഇതിനെ മറ്റൊരു രീതിയില്‍ ചിത്രീകരിച്ചു.

മദര്‍ ലിസ്യൂ പൊലീസിനോടു പറഞ്ഞ കഥ ഇങ്ങനെ:

കോണ്‍വന്റില്‍ സിസ്റ്റര്‍മാരെ കൂടാതെ ബിസിഎം കോളജ്‌ വിദ്യാര്‍ഥിനികളും സര്‍ക്കാര്‍, ബാങ്ക്‌ ഉദ്യോഗസ്ഥകളും താമസിച്ചിരുന്നു. സംഭവം നടന്നതിനു നാലുനാള്‍ മുമ്പ്‌ കോണ്‍വന്റില്‍ താമസിച്ചിരുന്ന ചിലര്‍ക്കൊപ്പം കോട്ടയത്തെ ഒരു കോളജില്‍ പഠിച്ചിരുന്ന ആപ്പിള്‍ സാം, ബിജു പണിക്കര്‍ എന്നിവര്‍ ആലപ്പുഴ ബീച്ചില്‍ പോയിരുന്നു. അവിടെ ബ്രേക്ക്‌ ഡാന്‍സ്‌ നടത്തിയ ഇവരെ പൊലീസ്‌ പിടികൂടി കേസെടുത്തിരുന്നു. കോണ്‍വന്റിലുള്ളവരെ സ്റ്റേഷനില്‍ നിന്നും അന്നിറക്കി കൊണ്ടുപോന്നു.

കേസില്‍ കുടുക്കിയതു കോണ്‍വന്റ്‌ അധികൃതരാണെന്ന ധാരണയില്‍ ആപ്പിള്‍ സാമും ബിജു പണിക്കരും കോണ്‍വന്റിനുള്ളില്‍ അസമയത്തു പകരം ചോദിക്കാന്‍ കേറി. ഇവരാണു കൊല നടത്തിയതെന്നും മദര്‍ സുപ്പീരിയര്‍ മൊഴി നല്‍കി യി രുന്നു.

മദറിന്റെ അറിയിപ്പനുസരിച്ച്‌ എത്തിയ അന്നത്തെ എസ്പി കെ. ഗോപിനാഥ്‌ ഇവരെ കസ്റ്റഡിയിലെടുത്തിരുന്നു. എന്നാല്‍ അഭയ കേസുമായി ഇവരെ ബന്ധപ്പെടുത്താന്‍ വേണ്ടത്ര തെളിവില്ലെന്നുകണ്ടു പിന്നീടു വിട്ടയച്ചു.

പുറത്തിറങ്ങിയ ബിജുപണിക്കരെ പിന്നീട്‌ ആരും കണ്ടിട്ടില്ല. ബിജുവുംആപ്പിള്‍ സാമും നാഗര്‍ കോവിലിലെ ഒരു ഹോട്ടലില്‍ ഞരമ്പു മുറിച്ച്‌ ആത്മഹത്യക്കു ശ്രമിച്ചുവെന്നു വാര്‍ത്ത പിന്നീടു പ്രചരിച്ചിരുന്നു.

ബിജുവിനെ കാണാതായതു സംബന്ധിച്ചു ബന്ധുക്കള്‍ എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍ കൊടുത്ത പരാതിയിന്‍മേല്‍ അന്വേഷണം എങ്ങുമെത്തിയിട്ടില്ല. പുതുതായി കേസ്‌ ഏറ്റെടുത്ത അന്വേഷണസംഘം ബിജുവിന്റെ തിരോധാനത്തെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്‌.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code