Friday, May 18, 2012   8:01 PM IST
Vaartha BlogRSS
Loading
ചികില്‍സയ്ക്ക്‌ പൗരത്വരേഖ വേണം
Published : Wednesday, November 19, 2008
|
  
Text Size
തിരുവനന്തപുരം

സ്വന്തം ലേഖകന്‍

റിസോര്‍ട്ടുകള്‍ ഉള്‍പ്പെടെ ആയുര്‍വേദ ചികില്‍സാ കേന്ദ്രങ്ങളില്‍ ചികില്‍സക്കെത്തുന്ന വിദേശികളുടെ പൗരത്വരേഖകള്‍ പരിശോധിച്ച്‌ കൃത്യത ഉറപ്പുവരുത്താതെ ഇനി ചികില്‍സയില്ല. പാസ്പോര്‍ട്ട്‌ നമ്പറും നാട്ടിലെ വിലാസവും ഫോണ്‍ നമ്പറും നിര്‍ബന്ധം. റിസോര്‍ട്ട്‌ മാനേജ്മെന്റ്‌ വിശദാംശങ്ങള്‍ പരിശോധിക്കണം. ഒപി, ഐപി വിഭാഗങ്ങളില്‍ പ്രവേശിപ്പിക്കുന്ന ഓരോ രോഗിയുടെയും കോണ്‍ടാക്റ്റ്‌ ടെലിഫോണ്‍ നമ്പരടക്കം രേഖപ്പെടുത്തിയ രജിസ്റ്റര്‍ സൂക്ഷിക്കണം. ആയുര്‍വേദ ചികില്‍സാകേന്ദ്രങ്ങള്‍ക്ക്‌ അംഗീകാരം നല്‍കലും നിയന്ത്രിക്കലും നിയമത്തിന്റെ ഗസറ്റ്‌ വിജ്ഞാപനത്തിലാണ്‌ വിശദാംശങ്ങള്‍. ഈ മാസം ഒന്നിന്‌ നിലവില്‍ വന്ന നിയമം കര്‍ശനമായി നടപ്പാക്കുന്നതിന്‌ ആരോഗ്യ വകുപ്പിന്റെ കര്‍ശന നിരീക്ഷണമുണ്ടാകും.

മസാജ്‌ പാര്‍ലറുകളുടെ മറവില്‍ സെക്സ്‌ ടൂറിസം വളരുന്നുവെന്ന പരാതികള്‍ മറികടക്കാനുതകുന്ന വ്യവസ്ഥകളാണ്‌ നിയമത്തില്‍.ആയുര്‍വേദ റിസോര്‍ട്ടുകളിലെ വനിതാ മാസിയര്‍മാര്‍ക്കും തെറാപ്പിസ്റ്റുകള്‍ക്കും ഇനി സാരിയോ ചുരിദാറോ നിര്‍ബന്ധം. മുടി അഴിച്ചിടരുത്‌. പുരുഷന്‍മാര്‍ക്ക്‌ പാന്റും ഷര്‍ട്ടും. ഉപയോഗിക്കുന്ന മരുന്നുകളുടെ വിവരങ്ങളും വിവിധ ചികില്‍സകളുടെ ഫീസും ഇനം തിരിച്ച്‌ ഇംഗ്ലീഷിലും മലയാളത്തിലും സ്വീകരണ മുറിയില്‍ പ്രദര്‍ശിപ്പിക്കണം. ഏറ്റവും കുറഞ്ഞത്‌ രണ്ടുവീതം പുരുഷ, സ്ത്രീ തിരുമ്മുകാരും തെറാപ്പിസ്റ്റുകളും ഉണ്ടാകണം. അധിക മുറികള്‍ക്ക്‌ ഓരോ പുരുഷ, സ്ത്രീ ജീവനക്കാര്‍ അധികം വേണം.

എ, ബി, സി കാറ്റഗറികളായി ചികില്‍സാ കേന്ദ്രങ്ങളെ തിരിച്ചു. ഓരോ കാറ്റഗറിയിലും മൂന്നുവീതം സബ്‌ കാറ്റഗറികള്‍ വേറെ. നൂറോ അതില്‍ കൂടുതലോ കിടക്കകളുള്ള കേന്ദ്രങ്ങള്‍ക്ക്‌ അനുമതിക്കും ലൈസന്‍സ്‌ പുതുക്കുന്നതിനും ഫീസ്‌ 20,000 രൂപ. 51 മുതല്‍ 100 വരെ കിടക്കകളുള്ളവയ്ക്ക്‌ 10,000 രൂപയും 50 മുതല്‍ 15 വരെയുള്ളതിന്‌ 5000 രൂപയുമാണ്‌ ഫീസ്‌. എ കാറ്റഗറിയില്‍ താഴത്തേത്‌ 15 കിടക്കകള്‍ വരെയുള്ള കേന്ദ്രങ്ങള്‍. 1000 രൂപയാണ്‌ ഫീസ്‌. ഫൈവ്‌ സ്റ്റാര്‍ ഹോട്ടല്‍ നിലവാരത്തിലെ റിസോര്‍ട്ട്‌, ചികില്‍സാ കേന്ദ്രങ്ങള്‍ ബി കാറ്റഗറിയില്‍. ഫോര്‍, ത്രീ സ്റ്റാറുകള്‍ അതിനു താഴെ.

അപേക്ഷ ലഭിച്ചാല്‍ മൂന്നു മാസത്തിനുള്ളില്‍ വകുപ്പ്‌ തീരുമാനമെടുക്കും. പക്ഷേ, മാലിന്യ നിര്‍മാര്‍ജന സൗകര്യങ്ങളും മറ്റും ഏര്‍പ്പെടുത്തിയതിന്റെ വിശദ സത്യവാങ്മൂലം അപേക്ഷകന്‍ നല്‍കണം.
Rate This News :
Latest News