Friday, May 18, 2012   8:10 PM IST
Vaartha BlogRSS
Loading
മാനസികമായി പീഡിപ്പിച്ചു:പ്രതികള്‍
Published : Tuesday, December 02, 2008
|
  
Text Size
കൊച്ചി

അഭയാ കേസുമായി ബന്ധപ്പെട്ടു സി.ബി.ഐ മാനസികമായി പീഡിപ്പിച്ചുവെന്നു പ്രതികളായ ഫാ. തോമസ്‌ കോട്ടൂര്‍, ഫാ.ജോസ്‌ പൂതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവര്‍ ചീഫ്‌ ജുഡീഷ്യല്‍ മജിസ്ട്രേറ്റ്‌ കോടതിയില്‍ പറഞ്ഞു. റിമാന്‍ഡ്‌ കാലാവധി തീര്‍ന്ന ഇന്നു മൂന്നു പേരും കോടതിയില്‍ ഹാജരായി. 15 ദിവസം ഭയാനകമായ അന്തരീക്ഷമായിരുന്നു കസ്റ്റഡിയിലെന്നു തോമസ്‌ കോട്ടൂര്‍ പറഞ്ഞു. ശാരീരികമായി പീഡിപ്പിച്ചിട്ടില്ല. മാനസികമായി വളരെയധികം പീഡനം ഏല്‍ക്കേണ്ടിവന്നു. സി.ബി.ഐ കസ്റ്റഡിയൊഴിച്ച്‌ ഏതു ജയിലിലേക്കു പോകാനും തയ്യാറാണെന്നു തോമസ്‌ കോട്ടൂര്‍ പറഞ്ഞു.

ഒരു വി.ഐ.പിക്കു നല്‍കുന്ന പരിഗണനയാണു തന്നതെന്നു ജോസ്‌ പൂതൃക്കയില്‍ പറഞ്ഞു. ഇതു സംബന്ധിച്ചു യാതൊരു പരാതിയുമില്ല. ആദ്യത്തെ ഏഴു ദിവസം ഭീകരമായിരുന്നു. സൂര്യപ്രകാശം കാണിച്ചിട്ടില്ല. പ്രാര്‍ത്ഥനക്ക്‌ അനുമതി നല്‍കിയില്ല. സി.ബി.ഐ മെനഞ്ഞെടുത്ത കഥയിലെ കഥാപാത്രമാകാന്‍ തന്നെ പ്രേരിപ്പിക്കുകയായിരുന്നു. വൈദികനെന്ന നിലയില്‍ തന്നെ സ്വസ്ഥമായി ജീവിക്കാനുള്ള സാഹചര്യം ഉണ്ടാക്കണമെന്നും പൂതൃക്കയില്‍ ആവശ്യപ്പെട്ടു.

1992 മാര്‍ച്ച്‌ 27 നു രാത്രി തോമസ്‌ കോട്ടൂര്‍ എന്റെ അടുത്തു വന്നതായി പറയണമെന്നു സി.ബി.ഐ ആവശ്യപ്പെട്ടതായി സിസ്റ്റര്‍ സെഫി പറഞ്ഞു. തോമസുകുട്ടിയെ മുന്നിലിരിത്തി എന്നോടു ചോദ്യം ചോദിച്ചു. അനുമതി കൂടാതെ കന്യകാത്വം പരിശോധിച്ചു. സെഫി ബോധിപ്പിച്ചു.

സിബിഐ കസ്റ്റഡിയില്‍ പീഡനമേല്‍ക്കേണ്ടി വന്നിട്ടുണ്ടോ എന്നു മാത്രമാണ്‌ ചോദിച്ചതെന്നു കോടതി പറഞ്ഞു. ഇക്കാര്യങ്ങളൊന്നും ഇവിടെ പറയേണ്ടതല്ല. ചോദ്യം ചെയ്യല്‍ പീഡനമല്ലെന്നും മജിസ്ട്രേറ്റ്‌ പി.ഡി സോമന്‍ പറഞ്ഞു. 16 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡില്‍ വയ്ക്കാനും കോടതി ഉത്തരവിട്ടു. പ്രതികളെ പിന്നീട്‌ എറണാകുളം സബ്‌ ജയിലിലേക്കു മാറ്റി.

Rate This News :
Latest News