ശാരിക ശങ്കര്‍
മാതൃഭാഷയേതാണെന്നു ചോദിച്ചാല്‍ ഈ നര്‍ത്തകി പറയും, മോഹിനിയാട്ടം. ഓരോ ശ്വാസത്തിലും കലയെ ആരാധിക്കുന്ന ഒരാള്‍. സ്മിത രാജന്‍. അങ്ങനെ സംഭവിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ. രക്തത്തിലലിഞ്ഞതാണു നൃത്തം. കഥകളി ആചാര്യന്‍ കലാമണ്ഡലം കൃഷ്ണന്‍ നായരുടെയും മോഹിനിയാട്ടത്തിന്റെ മാതാവെന്നു വിളിപ്പേരുള്ള കലാമണ്ഡലം കല്യാണിക്കുട്ടിയമ്മയുടെയും കൊച്ചുമകള്‍.
അമ്മമ്മ പറഞ്ഞു കൊടുത്ത പാഠങ്ങള്‍ചിട്ടതെറ്റാതെ പാലിച്ച്, ചട്ടങ്ങള്‍ തെറ്റിക്കാതെ മോഹിനിയാട്ടത്തില്‍ പരീക്ഷണങ്ങള്‍ നടത്തി വിജയിപ്പിക്കാന്‍ കഴിഞ്ഞു സ്മിതയ്ക്ക്. സ്മിതയ്ക്കു മോഹിനിയാട്ടം ഒരു നിയോഗമാണ്.
മോഹിനിയാട്ടം ലാസ്യനടനമാണ്. അതിനെ ഉറക്കംതൂങ്ങി നൃത്തമെന്നു വിളിച്ചു നാണംകെടുത്തുന്നവരുമുണ്ട്. എന്നാല്‍ ഒരു രസം മാത്രമല്ല നവരസങ്ങളും മോഹിനിയാട്ടത്തില്‍ നന്നായി അവതരിപ്പിക്കാമെന്നു കല്യാണിക്കുട്ടിയമ്മ തെളിയിച്ചിരുന്നു. സ്മിത അത് അനുപമസുന്ദരമാക്കുന്നു.
നവരസനടനത്തില്‍ പുരുഷഭാവം വരെ കൊണ്ടുവരാനാവും. എന്തിന്! പുരുഷന്മാര്‍ക്കു പോലും മോഹിനിയാട്ടമാവാമെന്നു സ്മിത. ആടുന്നവര്‍ സ്ത്രൈണത ഒഴിവാക്കണമെന്നു മാത്രം. പുരുഷനടനത്തിനു ചേര്‍ന്ന വിഷയം തെരഞ്ഞെടുക്കുക. മോഹിനിയാട്ടം എന്ന പേരു മാറ്റിയാല്‍ത്തന്നെ ഇതിനൊരു മാറ്റമുണ്ടാകും.
മോഹിനിയാട്ടപ്പദങ്ങള്‍ മലയാളമോ സംസ്കൃതമോ ആവണമെന്നു യാതൊരു നിര്‍ബന്ധവുമില്ല. തമിഴും ഹിന്ദിയുമൊക്കെ സ്മിതയ്ക്ക് നൃത്തത്തിനു കൂട്ടാവുന്നു. ഇക്കഴിഞ്ഞ സൂര്യ ഫെസ്റ്റിവലില്‍ രാമായണം വിഷയമാക്കിയ മോഹിനിയാട്ടം സീരീസായിരുന്നു അവതരിപ്പിച്ചത്. സൂര്‍ദാസിന്റെ ഭജനുകളും ദേശ് രാഗത്തില്‍ ചിട്ടപ്പെടുത്തിയ അനൂപ് ജലോട്ടയുടെ ഗസലും സ്മിതയുടെ ചുവടുകള്‍ക്കു താളമായി. ഭയഭക്തിബഹുമാനങ്ങളോടെയും തികഞ്ഞ ആത്മാര്‍പ്പണത്തോടെയും നൃത്തത്തെ സമീപിച്ചാല്‍ വിജയം നിശ്ചയം. നര്‍ത്തകീലക്ഷണമെന്നു പറയുന്നതൊക്കെ രണ്ടാമതേ വരൂ. താളബോധം കൂടിയുണ്ടായാല്‍ നാട്യദേവതയുടെ അനുഗ്രഹമുണ്ടെന്നു തീര്‍ച്ച.
പാരമ്പ്യരത്തില്‍ അടിയുറച്ചു നിന്നുകൊണ്ടു തന്നെയാണു സ്മിതയുടെ ഓരോ വര്‍ക്കുകളും. മോഹിനിയാട്ടത്തിലെ മുടിക്കെട്ടിനെച്ചൊല്ലിയുണ്ടായ തര്‍ക്കങ്ങള്‍ അതിന്റെ ഭാഗമാണ്. ആദ്യമായി മല്‍സരത്തില്‍ പങ്കെടുത്തപ്പോള്‍ പുറത്താക്കപ്പെട്ടതിന്റെ വേദന ഇപ്പോഴുമുണ്ട് മനസില്‍. മുടി പിറകില്‍ പിന്നിയിട്ടതായിരുന്നു അന്നത്തെ വലിയ അപരാധം. അതിന്റെ ശാസ്ത്രീയത മനസിലാക്കാത്തവരാണ് അന്നങ്ങനെ പ്രതികരിച്ചത്. നൃത്തം യോഗയ്ക്കു തുല്യം. മൂലാധാരത്തില്‍ നിന്നു കുണ്ഡലിനീശക്തിയെ ഉണര്‍ത്തി സഹസ്രാരപത്മത്തിലെത്തിക്കുമ്പോഴാണു യോഗവിദ്യ പൂര്‍ണമാകുന്നത്. മുടി പിറകില്‍ പിന്നിയിടുന്നതിന്റെ ശാസ്ത്രമിങ്ങനെ. സഹസ്രാരപത്മത്തെക്കുറിക്കാന്‍ ഒരു വലിയ പൂ കൂടി ചൂടുന്നു. ഇവയ്ക്കു സാക്ഷിയായി സൂര്യചന്ദ്രന്മാരും നെറ്റിച്ചുട്ടിയും. എന്നാല്‍ മുടി പിന്നില്‍ക്കെട്ടിയതിനു കാരണംകാണിക്കാന്‍ പറഞ്ഞു നൃത്തം അസാധുവാക്കിയ അന്നുപേക്ഷിച്ചതാണു മല്‍സരവേദികള്‍. ഇന്നും തന്റെ വിശ്വാസത്തില്‍ ഉറച്ചുതന്നെയാണു സ്മിതയുടെ ഓരോ ചുവടും.
മോഹിനിയാട്ടവേദികളില്‍ നിറഞ്ഞുനില്‍ക്കുമ്പോഴായിരുന്നു വിവാഹം. ഭര്‍ത്താവ് ജ്യോതിസ് ബാലസുബ്രഹ്മണ്യന്‍ അമേരിക്കയില്‍ വെല്‍സ് ഫാര്‍ഗോയുടെ വൈസ് പ്രസിഡന്റ്. കുടുംബജീവിതവും നൃത്തവും ഒന്നിച്ചു പോകുമോ എന്നാശങ്കപ്പെട്ട സമയം. എന്നാല്‍ ഭര്‍ത്താവിന്റെ മികച്ച പിന്തുണയോടെ സ്മിത വേദിയില്‍ത്തന്നെതുടര്‍ന്നു. അമേരിക്കയിലെ സെന്റ് ലൂയിയിലെ നൃത്തക്കളരിയിലൂടെ മോഹിനിയാട്ടത്തിനു തന്നാല്‍ക്കഴിയുംവിധം പ്രചാരം നല്‍കാനാണു ശ്രമം.
മുത്തച്ഛനാണു സ്മിതയ്ക്കു മുഖാഭിനയത്തില്‍ ഗുരു. പഠിപ്പിക്കുന്നതു തെറ്റാതെ പിന്തുടരണമെന്ന വാശി മുത്തച്ഛനുണ്ടായിരുന്നു. രുഗ്മിണീസ്വയംവരത്തിലെ രുഗ്മിണിയായി സ്മിതയും സുന്ദരബ്രാഹ്മണനായി മുത്തച്ഛനും അരങ്ങിലെത്തിയതിന്റെ ഓര്‍മകള്‍പോലും ആനന്ദദായകം. നൃത്തം സ്മിതയ്ക്കു ജീവവായുവാണ്. അതിനു തടസമാകുമെന്നു തോന്നുന്നതെന്തും ഉപേക്ഷിക്കാന്‍ മടിയുമില്ല. കമലദളത്തില്‍ മോനിഷ അവതരിപ്പിച്ച കഥാപാത്രത്തിനു വേണ്ടി സ്മിതയെ ക്ഷണിച്ചപ്പോള്‍ മറ്റൊന്നും ആലോചിക്കാതെ വേണ്ടെന്നുവച്ചതും നൃത്തത്തിനു പകരം വെയ്ക്കാന്‍ മറ്റൊന്നും വേണ്ട എന്നു തീരുമാനിച്ചതുകൊണ്ട്. ഒരുപാടു വേദികളില്‍ നൃത്തമവതരിപ്പിച്ചു. തന്നേക്കാള്‍ പ്രഗത്ഭര്‍ക്കു മോഹിനിയാട്ടത്തെക്കുറിച്ചു പറഞ്ഞു കൊടുത്തു. ഇന്ത്യയിലും വിദേശത്തും നിരവധി അംഗീകാരങ്ങള്‍.
അച്ഛന്‍ അഡ്വ.ടി.ആര്‍.രാജപ്പന്‍, അമ്മ ശ്രീദേവി. വിവാഹശേഷം വേദികളുപേക്ഷിച്ചു നൃത്താധ്യാപനം വ്രതമാക്കിയ അമ്മയാണു സ്മിതയുടെ വഴികാട്ടി. മക്കള്‍ ജയ്ദേവ്, അഭിനവ്. തലയ്ക്കു മുകളില്‍ അനുഗ്രഹം ചൊരിഞ്ഞു മുത്തച്ഛനും മുത്തശ്ശിയും നില്‍ക്കുന്നതാണ് ഓരോ ചുവടിലും ഈ പ്രതിഭയുടെ ആത്മവിശ്വാസം.
Close...
Maximum Character Allowed -
4000