Saturday, March 13, 2010   6:38 AM IST
Supplements
Home>> News>> Sports
Sports
അജയ്യര്‍
Thursday, December 18, 2008
|
|
|
കൊച്ചി

ഇ.രുദ്രന്‍

വിസ്മയകരമായ ജൈത്രയാത്ര. കോച്ച്‌ രാജുപോളും കുട്ടികളും തലയുയര്‍ത്തി, നെഞ്ചുവിരിച്ചുതന്നെ നില്‍ക്കുന്നു. കോതമംഗലം സെന്റ്‌ ജോര്‍ജ്‌ സ്കൂള്‍ ചോദ്യംചെയ്യാനാളില്ലാതെ കൗമാര കായിക കേരളത്തിന്റെ നെറുകയില്‍ തുടര്‍ച്ചയായി അഞ്ചാംവര്‍ഷവും. ആറുവര്‍ഷം മുന്‍പ്‌ പാലക്കാടു നടന്ന സ്കൂള്‍ കായികമേളയില്‍ യാതൊരു ഗ്ലാമറുമില്ലാതെ എത്തിയതാണു സെന്റ്‌ ജോര്‍ജ്‌. അന്നവര്‍ മടങ്ങിയതു വെറും 34 പോയിന്റുമായി. അവിടെനിന്നുള്ള കുതിപ്പിന്‌ അതിശയിപ്പിക്കുന്ന വേഗം. 2004-ല്‍ 135 പോയിന്റ്‌. 2005-ല്‍ 175. 2006-ല്‍ പാലക്കാട്ട്‌ സുവര്‍ണ ജൂബിലി മേളയില്‍ ചരിത്രം തിരുത്തി 219. കായികമേളയുടെ ചരിത്രത്തില്‍ ജേതാക്കള്‍ക്ക്‌ ഏറ്റവും കൂടുതല്‍ പോയിന്റ്‌ കിട്ടിയത്‌ ആ വര്‍ഷമായിരുന്നു. സെന്റ്ജോര്‍ജിന്റെയും മാര്‍ ബേസിലിന്റെയും പിന്‍ബലത്തില്‍ അന്ന്‌ എറണാകുളം നേടിയത്‌ 421 പോയിന്റ്‌. കഴിഞ്ഞവര്‍ഷം കോട്ടയത്ത്‌ എറണാകുളം(375) നാലാംതവണയും ചാമ്പ്യന്‍മാരായപ്പോള്‍ സെന്റ്ജോര്‍ജിന്‌ 184. ഇക്കുറി ചാലക്കുടിയില്‍ എറണാകുളത്തിന്‌ 400, സെന്റ്‌ ജോര്‍ജിന്‌ 186. റവന്യൂ ജില്ലയില്‍ രണ്ടാമതു വരുന്ന ടീമിനെക്കാള്‍ കൂടുതല്‍ പോയിന്റ്‌ സെന്റ്ജോര്‍ജ്‌ ഒറ്റയ്ക്കു നേടുന്നത്‌ ഇതു മൂന്നാംതവണ. അതാണ്‌ അവരുടെ കരുത്ത്‌. റവന്യൂ ജില്ലയെ ഒരൊറ്റ സ്കൂള്‍ ഒറ്റയ്ക്കു ചാമ്പ്യന്‍മാരാക്കുന്നു, അല്ലെങ്കില്‍ മേറ്റ്ല്ലാ ജില്ലകളെയും ഒറ്റയ്ക്കു പിന്തള്ളുന്നു. 2006-ല്‍ രണ്ടാംസ്ഥാനത്തുവന്ന കോട്ടയം റവന്യൂ ജില്ലയ്ക്ക്‌ 134 പോയിന്റ്‌ മാത്രം. കഴിഞ്ഞവര്‍ഷം രണ്ടാമതായ പാലക്കാടിന്‌ 164. ഇക്കുറിയും റവന്യൂജില്ലകളില്‍ രണ്ടാമതുള്ള പാലക്കാടിന്‌ 138. സ്കൂളുകളില്‍ രണ്ടാമതുള്ള കോതമംഗലത്തെ തന്നെ മാര്‍ ബേസില്‍ 137 പോയിന്റ്‌ നേടിയെന്നറിയുക. കോരുത്തോട്‌ സികെഎംഎച്ച്‌എസിലെ കായികാധ്യാപകനായി തോമസ്‌ മാഷ്‌ ഉണ്ടായിരുന്ന കാലഘട്ടത്തില്‍ കോട്ടയത്തിന്റെ ഓവറോള്‍ കിരീടത്തിനപ്പുറം ചിന്തിക്കാന്‍ സ്കൂള്‍ മേളയ്ക്കു കഴിഞ്ഞിരുന്നില്ല. കോരുത്തോടിനപ്പുറം മികച്ച സ്കൂളും ഉണ്ടായിരുന്നില്ല. ഒന്നര പതിറ്റാണ്ട്‌ അവര്‍ കായികകിരീടം ശിരസിലേന്തി. അര്‍പ്പണ ബോധമുള്ള കായികാധ്യാപകരും സ്കൂള്‍ അധികൃതരും തോളോടുതോള്‍ ചേര്‍ന്നാല്‍ അത്ഭുതം സൃഷ്ടിക്കാമെന്ന്‌ അന്ന്‌ കോരുത്തോടും ഇന്ന്‌ സെന്റ്ജോര്‍ജ്‌, മാര്‍ ബേസില്‍, പറളി സ്കൂളുകളും ഉഷാ സ്കൂളുമൊക്കെ കാണിച്ചുതരുന്നു. ഇവര്‍ക്കു വേണ്ട സഹായം നല്‍കാന്‍ സര്‍ക്കാര്‍ രംഗത്തുവരിക കൂടി ചെയ്താല്‍ കായികകേരളം ഇനിയും ഏറെ ഉയരങ്ങളിലേക്കു കുതിക്കും, തീര്‍ച്ച. മൂന്നോ നാലോ സ്കൂളുകളില്‍ കായികമികവ്‌ ഒതുങ്ങുന്നതിനു പരിഹാരം ചരിത്രത്തില്‍ നിന്നു പാഠം ഉള്‍ക്കൊണ്ടുള്ള പ്രവര്‍ത്തനം തന്നെ. ഇനി സംസ്ഥാന സ്കൂള്‍ കായികമേള നാലുദിവസമായി നടക്കുമെന്നാണു മന്ത്രി എം.എ. ബേബി പ്രഖ്യാപിച്ചിരിക്കുന്നത്‌. പി.ടി. ഉഷയുടെ നിര്‍ദേശം അംഗീകരിക്കാനുള്ള മനസ്‌ മന്ത്രി കാണിച്ചു. 2006-ലെ പാലക്കാടു മേളയ്ക്കിടെ തന്നെ അത്ലറ്റിക്സ്‌ നാലു ദിവസമാക്കണമെന്ന്‌ ഉഷ പറഞ്ഞിരുന്നു. എന്തായാലും വര്‍ഷങ്ങളായുള്ള ഒരു പരാതി പരിഹരിക്കപ്പെടുന്നു. മത്സര ഷെഡ്യൂളിന്റെ ഞെരുക്കം ഇല്ലാതാവുകയാണ്‌. ഹീറ്റ്സിനു തൊട്ടുപിന്നാലെ ഫൈനല്‍ നടത്തുന്നത്‌ പ്രകടനത്തെ ബാധിക്കും. ഫൈനലിനുമുന്‍പ്‌ റിലാക്സ്‌ ചെയ്യാന്‍ സമയം വേണം. മത്സരങ്ങള്‍ അതിനനുസരിച്ചു ക്രമീകരിക്കണം. അതു മീറ്റിന്റെ നിലവാരത്തിനു മാറ്റം വരുത്തും. കുട്ടികളില്‍ മാനസിക സമ്മര്‍ദം കുറയ്ക്കും. സമ്മാനത്തുക കൂട്ടണമെന്ന നിര്‍ദേശവും പരിഗണിക്കുമെന്നാണു വാഗ്ദാനം. അതു കൃത്യമായി കൊടുക്കാനുള്ള നടപടികളും ഉണ്ടാവുമെന്നു പ്രതീക്ഷിക്കുക. സംസ്ഥാന മേളയില്‍ മികവുകാണിച്ചവരെ എലൈറ്റ്‌ താരങ്ങളായി പരിഗണിക്കണമെന്ന ഉഷയുടെ നിര്‍ദേശവും ഗൗരവമുള്ളത്‌. സ്പോര്‍ട്സ്‌ ഡിവിഷനുകളെ പ്രത്യേകം തിരിച്ച്‌ മത്സരങ്ങള്‍ നടത്തുന്നതു തുടരണോ എന്നും ചിന്തിക്കണം. കുറച്ചു കാലമായി പഴി മാത്രം കേള്‍ക്കാനായിരുന്നു സ്പോര്‍ട്സ്‌ ഡിവിഷനുകള്‍ക്കു വിധി. ഇക്കുറി അതിനു മാറ്റം കാണുന്നു. ചാലക്കുടി മീറ്റിലെ 23 റിക്കാര്‍ഡുകളില്‍ മൂന്നിലൊന്ന്‌ സ്പോര്‍ട്സ്‌ ഡിവിഷനുകളുടേതാണ്‌. അതില്‍ ദേശീയ റിക്കാര്‍ഡിനും അപ്പുറമുള്ള പ്രകടനവുമുണ്ട്‌. ഉഷയ്ക്കും ഷൈനിക്കും വല്‍സമ്മയ്ക്കും അഞ്ജുവിനുമൊക്കെ അപ്പുറം പോവാന്‍ ശേഷിയുള്ള, ടിന്റു ലൂക്കയുടെ റിക്കാര്‍ഡുകള്‍ തകര്‍ത്ത്‌ പിന്നാലെ വരാന്‍ കരുത്തുള്ള, കൗമാരക്കാരെ വാര്‍ത്തെടുക്കാന്‍ സ്പോര്‍ട്സ്‌ ഡിവിഷനുകളെയും പ്രാപ്തരാക്കണം
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code