മാറാട്: 62പേര്‍ക്കെതിരെ കൊലക്കുറ്റം
Published : Saturday,
December 27,
2008
കോഴിക്കോട്
കോളിളക്കം സൃഷ്ടിച്ച മാറാട് കൂട്ടക്കൊലക്കേസില്‍ 63 പേര്‍ കുറ്റക്കാര്‍. ഇവരില്‍ 62 പേര്‍ക്കെതിരേ പ്രത്യേക കോടതി കൊലക്കുറ്റം ചുമത്തി. 76 പേരെ നിരുപാധികം വിട്ടയച്ചു. കുറ്റം ചുമത്തപ്പെട്ട 63 പേരുടെയും ജാമ്യം ജഡ്ജി ബാബു മാത്യു പി. ജോസഫ് റദ്ദാക്കി. ശിക്ഷ വരുംദിവസങ്ങളില്‍. 108ാം പ്രതി സുബ്രഹ്മണ്യനെ മാപ്പുസാക്ഷിയാക്കി. നാലരവര്‍ഷത്തെ വിചാരണ നടപടികള്‍ക്കു ശേഷമാണു രണ്ടാം മാറാട് കലാപത്തിന്റെ വിധി.
139ാം പ്രതി മാറാട് സീമാമുന്റകത്ത് ലത്തീഫിനെതിരേ ആരാധനാലയം ദുരുപയോഗം ചെയ്തകേസിലാണു കുറ്റംചുമത്തിയത്. കനത്ത സുരക്ഷയില്‍ ഇന്നു രാവിലെ വിധി പറയുമ്പോള്‍ 139 പ്രതികളും മുഴുവന്‍ സാക്ഷികളും എരഞ്ഞിപ്പാലത്തെ കോടതിയില്‍ ഹാജരായിരുന്നു. 2003 മെയ് രണ്ടിനാണു രണ്ടാം കലാപം നടക്കുന്നത്. ചോയിച്ചന്റകത്ത് മാധവന്‍, ആവത്താന്‍ പുരയില്‍ ദാസന്‍, അരയച്ചന്റകത്ത് കൃഷ്ണന്‍, പാണച്ചന്റകത്ത് ഗോപാലന്‍, ചോയിച്ചന്റകത്ത് ചന്ദ്രന്‍, തെക്കെത്തൊടി പുഷ്പരാജ്, തെക്കെത്തൊടി സന്തോഷ്, തെക്കെത്തൊടി പ്രീജി , അസ്കര്‍ എന്നിങ്ങനെ ഒമ്പതുപേരാണ് കൊല്ലപ്പെട്ടത്.
148 പ്രതികളായിരുന്നു കേസില്‍. ഇവരില്‍ അഞ്ചുപേര്‍ക്കു കലാപം നടക്കുമ്പോള്‍ പ്രായപൂര്‍ത്തിയായിരുന്നില്ല. ഇവരുടെ വിചാരണ ജുവനെയില്‍ ജസ്റ്റിസ് ബോര്‍ഡ് മുമ്പാകെ നടന്നു വരുന്നു. ജുവനെയില്‍ പ്രതികളെ കൂടാതെ 143 പ്രതികള്‍. 95ാം പ്രതി കോയമ്മോനെയും 148ാം പ്രതി നിസാമുദ്ദീനെയും പിടികൂടാനായിട്ടില്ല. 58ാം പ്രതി അസ്കര്‍ കലാപത്തില്‍ വെട്ടേറ്റ് കൊല്ലപ്പെട്ടിരുന്നു. കലാപത്തിന് ഉപയോഗിച്ച വാളുകള്‍ നിര്‍മ്മിച്ചു നല്‍കിയ 108ാം പ്രതി സുബ്രഹ്മണ്യനെ മാപ്പുസാക്ഷിയാക്കി. ഇവരൊഴികെ 139 പ്രതികളുടെ വിധിയാണ് ഇന്ന് പ്രഖ്യാപിച്ചത്.
252 പ്രോസിക്യൂഷന്‍ സാക്ഷികളും ഏഴ് പ്രതിഭാഗം സാക്ഷികളുമാണ് കേസിലുള്ളത്.വാള്‍, ബോംബ് തുടങ്ങി 365 തൊണ്ടി സാധനങ്ങള്‍ കണ്ടെടുത്തു. പ്രത്യേക കോടതി പരിസരം കനത്ത പോലീസ് കാവലിലാണ്. വക്കീലുമാര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും മെറ്റല്‍ ഡിറ്റക്റ്റര്‍ പരിശോധനയ്ക്കുശേഷമായിരുന്നു കോടതിയില്‍ പ്രവേശനം.
കോടതി പരിസരം ഉള്‍പ്പെടെ ജില്ലയിലെ 11 പോലീസ് സ്റ്റേഷന്‍ പരിധികളില്‍ ഇന്നലെ മുതല്‍ ജില്ലാ കലക്റ്റര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. മാറാട്ടും ബേപ്പൂരിലും കനത്ത സുരക്ഷ ഏര്‍പ്പെടുത്തി. ഇവിടെ സായുധ പൊലീസിനെ വിന്യസിച്ചു. മാറാട്ട് പുറത്തു നിന്നുള്ളവര്‍ക്ക് പ്രവേശനം വിലക്കി. പ്രശ്ന ബാധിത പ്രദേശങ്ങളില്‍ നിരോധനാജ്ഞ തിങ്കളാഴ്ച വരെ പ്രാബല്യത്തിലുണ്ടാവും. കെ.എ.പി, എ.ആര്‍, എം.എസ്.പി എന്നീ വിഭാഗത്തില്‍പ്പെട്ട 2000 സായുധപൊലീസുകാരെ ജില്ലയില്‍ അധികമായി വിന്യസിച്ചിട്ടുണ്ട്. മലപ്പുറം ജില്ലയിലും അധിക പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.
കേസിന്റെ നടപടികള്‍ക്കായി 2004 ജനുവരി ഒമ്പതിനാണു എരഞ്ഞിപ്പാലത്തു മാറാട് പ്രത്യേക കോടതി ആരംഭിച്ചത്. അതേ വര്‍ഷം ഡിസംബര്‍ 20 നു വിചാരണ തുടങ്ങി. പ്രോസിക്യൂഷനു വേണ്ടി അഭിഭാഷകരായ പി.കെ ഹരിദാസനും പി.ഡി രവിയും പ്രതിഭാഗത്തിനു വേണ്ടി അഡ്വ ജി. ജനാര്‍ദ്ദനക്കുറുപ്പും ഹാജരായി.
Close...
Maximum Character Allowed -
4000