ബോളിവുഡിന്റെ ക്ലൈമാക്സില്‍ കണക്കെടുപ്പുകള്‍ തുടങ്ങി. ആദ്യ കണക്കുകള്‍ നിരാശാജനകം. അറുനൂറു കോടിയുടെ നഷ്ടം. നാനോ സിനിമകളുടെ വിജയം. ബിഗ്ബജറ്റുകളുടെ കൂപ്പുകുത്തല്‍. വര്‍ഷാവസാനം രണ്ടു സൂപ്പര്‍ഹിറ്റുകളുടെ വിജയം നല്‍കുന്ന ആത്മവിശ്വാസം.
ചെറിയ അത്ഭുതങ്ങള്‍ എന്നാണു ബോളിവുഡിലെ ചെറുകിട സിനിമകളുടെ വിജയത്തെ വിശേഷിപ്പിക്കുന്നത്. അരങ്ങിലും അണിയറയിലും യൂത്തിന്റെ സെലിബ്രേഷനായിരുന്നു ഈ ചിത്രങ്ങള്‍. ബേജാ ഫ്രൈ, ഖോസ്ല കാ ഗോസ്ല എന്നീ സ്മോള്‍ ബജറ്റ് ചിത്രങ്ങളുടെ വിജയത്തോടെയായിരുന്നു 2008ന്റെ തുടക്കം.
ഈ വിജയങ്ങള്‍ നല്‍കിയ ആവേശം ഏറ്റുവാങ്ങിയ സിനിമകള്‍ നിരവധി. ജന്നത്ത്, ആമീര്‍, എ വെനസ്ഡെ, റോക്ക് ഓണ്‍, വെല്‍ക്കം ടു സജ്ജന്‍പുര്‍... വിജയത്തിന്റെ ഈ ശ്രേണിയിലേക്കു കൂടുതല്‍ ചിത്രങ്ങള്‍. രണ്ട് ഹൊറര്‍ ചിത്രങ്ങളും വിജയം കണ്ടു. വിക്രം ഭട്ടിന്റെ 1920, രാംഗോപാല്‍ വര്‍മയെ രക്ഷിച്ച ഫൂങ്ക്തഷാന്‍, ലവ്സ്റ്റോറി 2050, ദ്രോണ, യുവരാജ്, ഹീറോസ് തുടങ്ങിയ ബിഗ് ബജറ്റുകള്‍ തകര്‍ന്നടിയുന്നതിനിടെയായിരുന്നു ചെറുകിട സിനിമകളുടെ വിജയം.
ആഗോളതലത്തിലുണ്ടായ സാമ്പത്തികമാന്ദ്യവും ചെറിയ സിനിമകള്‍ക്കും പുതുമുഖങ്ങള്‍ക്കും ഗുണമായി. യു ടിവിയുള്‍പ്പെടുള്ള വന്‍ നിര്‍മാണക്കമ്പനികള്‍ ചെറിയ സിനിമകള്‍ക്കു മുതല്‍ മുടക്കിത്തുടങ്ങി. അണിയറയിലൊരുങ്ങിയ 90 ശതമാനം സിനിമകളും നിര്‍ ത്തിവയ്ക്കുകയോ നിര്‍മാണം തുടങ്ങിയതില്‍ കുറെച്ചിത്രങ്ങള്‍ മാറ്റിവെയ്ക്കുകയോ ചെയ്തെന്നാണു സംവിധായകനും നിര്‍മാതാവുമായ മഹേഷ് ഭട്ട് പറയുന്നത്. ജാനേ തു യാ ജാനേ നാ, ജന്നത്ത് എന്നിവയാണു ചെറിയസിനിമകളില്‍ സൂപ്പര്‍ഹിറ്റുകള്‍.
റോക്ക് ഓണ്‍, എ വെനസ്ഡെ, വെല്‍ക്കം ടു സജ്ജന്‍പുര്‍, ജോധാ അക്ബര്‍, റേസ്, സിങ് ഇസ് കിങ്, ദോസ്താന, ഗോല്‍മാല്‍ റിട്ടേണ്‍സ്, ആമീര്‍, ഫാഷന്‍ എന്നിവയാണു ഹിറ്റുകള്‍. റബ് നേ ബനാ ദി ജോഡി, ഗജിനി എന്നിവയുടെ വന്‍വിജയം 2009 ന്റെ തുടക്കത്തിലേക്കും കടന്നുനില്‍ക്കുന്നതു ബോളിവുഡിന്റെ പുതുവര്‍ഷം ആവേശമാക്കും. ജനുവരിയില്‍ തിയെറ്ററുകളിലെത്താനിരിക്കുന്ന ചാന്ദ്നി ചൗക്ക് ടു ചൈന, ദില്ലി 6 എന്നീ സിനിമകളിലും പ്രതീക്ഷയുണ്ട്. 2008ന്റെ ഏറ്റവും വലിയ പരീക്ഷണപരാജയം അനിമേഷന്‍ സിനിമകളുടേതായിരുന്നു. സ്ക്രീനിലെത്തിയത് ആറ് അനിമേഷന്‍ ചിത്രങ്ങള്‍. ആറും ബോക്സ് ഓഫിസില്‍ പരാജയം.സെയ്ഫ് അലിഖാനും കരീനാ കപൂറും അനിമേറ്റഡ് കഥാപാത്രങ്ങള്‍ക്കു ശബ്ദം നല്‍കിയിട്ടും റോഡ്സൈഡ് റോമിയോ രക്ഷപ്പെട്ടില്ല.