നല്ല സിനിമകളുടെ കൂട്ടുകാരന്‍
Tuesday,
January 13,
2009
കൊച്ചിയുടെ സൗന്ദര്യം നുകരുമ്പോഴും പ്രസന്ന വിത്തംഗെയുടെ മനസ് നെരൂദയുടെ വഴികളിലാണ്. കാണുന്നതിലും കേള്‍ക്കുന്നതിലുമെല്ലാം സിനിമയെയാണു പ്രസന്ന തിരയുന്നത്. നെരൂദയുടെ മനസിനെ ഉലച്ച പ്രണയിനിയാണ് ഇപ്പോള്‍ പ്രസന്നയുടെ മനംനിറയെ. ലോകപ്രശസ്ത കവി പാബ്ലൊ നെരൂദയുടെ പ്രണയമാണു പ്രസന്നയുടെ അടുത്ത ചിത്രത്തിന്റെ പ്രമേയം. പ്രമുഖ ശ്രീലങ്കന്‍ സംവിധായകന്‍ പ്രസന്ന വിത്തനാഗെ. ഗോവയിലെ രാജ്യാന്തര ചലച്ചിത്രമേളയില്‍ ഗോള്‍ഡന്‍ പീകോക്ക് അവാര്‍ഡ് നേടിയ ആകാശകുസുമത്തിന്റെ സംവിധായകനും തിരക്കഥാകൃത്തും. എറണാകുളത്ത് മെട്രൊ ഫിലിം സൊസൈറ്റി സംഘടിപ്പിച്ച ആകാശകുസുമത്തിന്റെ പ്രദര്‍ശനത്തിന് എത്തിയപ്പോള്‍ നല്‍കിയ അഭിമുഖത്തില്‍ പ്രസന്ന തന്റെ ചലച്ചിത്രാനുഭവങ്ങള്‍ പങ്കുവച്ചത്.47 വയസിനുള്ളില്‍ ലോകസിനിമയില്‍ പേരു പതിപ്പിച്ചതിന്റെ ഭാവമൊന്നും പ്രസന്നയ്ക്കില്ല. ഓരോ വാക്കിലും സിനിമയോടുള്ള പ്രണയം. ഏതു വിഷയവും ചെന്നെത്തുന്നതു സിനിമയില്‍. പുതിയതെന്തു കേട്ടാലും ആദ്യം അറിയേണ്ടതു തന്റെ സിനിമയ്ക്കു പറ്റിയ എന്തെങ്കിലും കിട്ടുമോ എന്ന്. സിനിമയെ അതീവഗൗരവത്തോടെ കാണുന്നതുകൊണ്ടുതന്നെയാണ് ഈ സംവിധായകന്റെ പ്രശസ്തി കടല്‍കടന്നത്. നാടകസംവിധാനത്തിലൂടെയാണു പ്രസന്ന കലാജീവിതം ആരംഭിക്കുന്നത്. ഷേക്സ്പിയറിന്റെ ആംസ് ആന്‍ഡ് ദി മാന്‍ ഉള്‍പ്പെടെയുള്ള കൃതികള്‍ സിംഹള ഭാഷയിലേക്കു വിവര്‍ത്തനം ചെയ്ത് അവതരിപ്പിച്ചിട്ടുണ്ട്. പ്രസന്നയുടെ ഹൊരു സമാഗ ഹേലുവെന്‍ എന്ന നാടകം ഇതിനകം 173 സ്റ്റേജുകള്‍ പിന്നിട്ടു. സിസിലി ഗിനിഗാനിയാണ് ആദ്യ സിനിമ. മിനിമം ഗ്യാരന്റിയുള്ള സംവിധായകനായി അറിയപ്പെടാന്‍ അധികനാള്‍ വേണ്ടിവന്നില്ല. യാഥാര്‍ഥ്യത്തോടു നീതിപുലര്‍ത്തുന്ന ചിത്രങ്ങളെന്നാണു പ്രസന്നയുടെ ചിത്രങ്ങള്‍ക്കുള്ള വിശേഷണം. റിയലിസ്റ്റിക്കായ സിനിമകളാണു മനസില്‍. ചോക്ലേറ്റോ മിഠായിയോ കഴിക്കുന്നതുപോലെയാണു കൊമേഴ്സ്യല്‍ സിനിമകളെന്നു പ്രസന്ന. ഒരിക്കല്‍ രുചിച്ചു കഴിഞ്ഞാല്‍ അവയെ ഓര്‍ക്കാറില്ല. പ്രസന്ന ആകാശകുസുമം ഉള്‍പ്പെടെ ആറു സിനിമകള്‍ സംവിധാനം ചെയ്തു. സംവിധായകന്റെ ആശയങ്ങള്‍ പ്രകടിപ്പിക്കാനുള്ള വേദിയാണു സിനിമയെന്നാണു പ്രസന്നയുടെ അഭിപ്രായം. സിനിമയോടും യാഥാര്‍ഥ്യത്തോടുമുള്ള ഗൗരവമായ സമീപനമാണു തന്റെ ചിത്രങ്ങളുടെ ജനപ്രീതിക്കു കാരണമെന്നാണു പ്രസന്നയുടെ വിശ്വാസം. ചിത്രങ്ങള്‍ തിയറ്ററുകളില്‍ നിറഞ്ഞോടുന്നതിനു കാരണവും ഇതു തന്നെ. മലയാളത്തോടും മലയാളസിനിമയോടും പ്രസന്നയ്ക്കു നൂറുവട്ടം ഇഷ്ടം. ചെമ്മീന്‍, പിറവി തുടങ്ങിയ മലയാളം സിനിമകള്‍ കുറച്ചൊന്നുമല്ല സ്വാധീനിച്ചത്. മലയാളത്തിലെ ഒട്ടുമിക്ക സംവിധായകരെയും അറിയും. എംടിയുടെ വിവര്‍ത്തനം ചെയ്ത നോവലുകള്‍ വായിക്കാറുണ്ട്. ഇനിയുമേറെ വായിക്കണമെന്ന് ആഗ്രഹം. ഒരു മലയാളസിനിമ സംവിധാനം ചെയ്യാനും താത്പര്യം തന്നെ. മലയാളതാരങ്ങളില്‍ മമ്മൂട്ടിയെയും മോഹന്‍ലാലിനെയും ഏറെയിഷ്ടം. രണ്ടുപേരിലാരെയാണു കൂടുതല്‍ ഇഷ്ടമെന്നു ചോദിച്ചാല്‍ തന്നെ കുടുക്കല്ലേ എന്നു ചിരിയില്‍പ്പൊതിഞ്ഞ മറുപടി. ഇനിയും കാണാന്‍ അവശേഷിക്കുന്ന മലയാളസിനിമകളുടെ ഒരു ലിസ്റ്റ് തന്നെ പ്രസന്ന തയാറാക്കുന്നുണ്ട്. ഒരിക്കല്‍ താരപ്രഭ പരത്തി പിന്നീട് വിസ്മരിക്കപ്പെടുന്ന സൗന്ദര്യധാമങ്ങളാണ് ആകാശകുസുമത്തിലെ സന്ധ്യാറാണി എന്ന കഥാപാത്രത്തിനു പ്രചോദനമായത്. എന്തുകൊണ്ടു തനിക്കു ചുറ്റുമുള്ള സിനിമാലോകത്തില്‍ നിന്നുള്ള കഥ പറഞ്ഞുകൂടാ എന്നചിന്തയാണ് ആകാശ കുസുമത്തില്‍ എത്തിച്ചത്. മലയാളത്തില്‍ രഞ്ജിത്ത് സംവിധാനം ചെയ്ത തിരക്കഥയും വിസ്മരിക്കപ്പെട്ട നടിമാരുടെ കഥയാണു പറയുന്നത്. തിരക്കഥ കണ്ട പ്രസന്നയ്ക്കു ചിത്രം ഇഷ്ടമായി. രണ്ടുപേരുടെയും അവതരണരീതി വ്യത്യസ്തം. നല്ല സിനിമകളുടെ കൂട്ടുകാരനെന്നു അറിയപ്പെടണമെന്നാണ് ഈ സംവിധായകന്റെ ആഗ്രഹം. ശ്രീലങ്കയിലേക്കുള്ള മടക്കയാത്രയിലും തന്റെ പുതിയ ചിത്രത്തെക്കുറിച്ചാണു പ്രസന്നയുടെ ചിന്ത. നെരൂദയും പ്രണയിനിയും എത്രയും പെട്ടെന്ന് അഭ്രപാളികളിലെത്തിക്കാനുള്ള തിടുക്കം പ്രസന്നയുടെ വാക്കിലും മനസിലും സ്ഫടികം പോലെ സ്പഷ്ടം.
Close...
Maximum Character Allowed -
4000