Sunday, February 05, 2012   6:03 AM IST
Supplements
Home>> Regional>> Kochi
Kochi
പുഞ്ചിരിക്കുട്ടിയാകാന്‍ സുന്ദരിക്കുട്ടികള്‍
Tuesday, January 20, 2009
|
|
|
കൊച്ചി

ആ പാല്‍പ്പുഞ്ചിരി കണ്ടാല്‍ നമ്മളും പുഞ്ചിരിച്ചു പോകും. ഹൗ ക്യൂട്ട്‌ എന്നും പറയും. ശ്രദ്ധിച്ചോ, കുട്ടികളൊക്കെ പുഞ്ചിരി പ്രാക്്റ്റീസിലാണ്‌. ഏറ്റവും അഴകുള്ള പുഞ്ചിരി കാഴ്ച വയ്ക്കേണ്ടതല്ലേ...? നഗരത്തില്‍ അരങ്ങേറാന്‍ പോകുന്ന പുഞ്ചിരി മത്സരമാണു ഈ പ്രാക്റ്റീസിനു പിന്നില്‍.

സ്റ്റാലിയന്‍സ്‌ - മൈ കിങ്ങ്ഡം ഇന്റര്‍ സ്കൂള്‍ യൂത്ത്‌ ഫെസ്റ്റിവലിലാണ്‌ ഏറ്റവും മനോഹരമായ പുഞ്ചിരി തെരഞ്ഞെടുക്കുന്നത്‌. ആയിരത്തിയഞ്ഞൂറോളം കുട്ടികളാണു പുഞ്ചിരിയുടെ മാറ്റുരയ്ക്കുക. മൂന്നു വയസു മുതല്‍ 12 വയസു വരെയുള്ള കുട്ടികള്‍ക്കാണു മത്സരം. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം മത്സരമുണ്ടാവും. ആയിരത്തിലധികം പേരെ പങ്കെടുപ്പിച്ച്‌ ഒരു ഷോപ്പിംഗ്‌ മാളില്‍ മത്സരം നടക്കുന്നുവെന്ന അപൂര്‍വതയും മത്സരത്തിനുണ്ട്‌. ഈ മാസം 25നു രാവിലെ 10 മുതലാണു മത്സരം. വൈകിട്ട്‌ ആറിനു ഫൈനല്‍.

പുഞ്ചിരിമത്സരത്തിനു മുന്നോടിയായി കഴിഞ്ഞദിവസം കുട്ടികള്‍ക്കായി ക്വിസ്‌, ലളിതഗാന മത്സരവും സംഘടിപ്പിച്ചിരുന്നു.

1950ലാണ്‌ സ്റ്റാലിയന്‍സിന്റെ നേതൃത്വത്തില്‍ ആദ്യത്തെ മത്സരം നടന്നത്‌. അന്നു ലിറ്റില്‍ മിസ്‌ കൊച്ചിന്‍ ആയി തെരഞ്ഞെടുക്കപ്പെട്ട കൊച്ചു പെണ്‍കുട്ടി പിന്നീട്‌ മലയാള സിനിമയിലെ അറിയപ്പെടുന്ന താരമായി. ആ താരമാണ്‌ ഉണ്ണിമേരി. ആദ്യമായി സ്റ്റേജിലെത്തിയ കഥ ഉണ്ണിമേരി ഇന്നും പറയാറുണ്ടെന്നു സ്റ്റാലിയന്‍സ്‌ ഭാരവാഹികള്‍. പിന്നീട്‌ ഈ സ്റ്റേജിലെത്തിയ ദിവ്യ ഉണ്ണിയുള്‍പ്പെടെ പലരും താരങ്ങളായി. യൂത്ത്‌ ഫെസ്റ്റിവലില്‍ ഭരതനാട്യം, സിനിമാറ്റിക്‌ ഡാന്‍സ്‌, ഫാന്‍സിഡ്രസ്‌ എന്നിവയും അരങ്ങേറും. കൂടാതെ പ്രസംഗ മത്സരം,ക്ലാസിക്കല്‍ മ്യൂസിക്‌ , ഫൊട്ടൊഗ്രാഫി തുടങ്ങിയ ഇനങ്ങളും നടക്കും.

 24നു ഫൈന്‍ ആര്‍ട്സ്‌ ഹാളില്‍ രാവിലെ ഒന്‍പതു മുതലാണ്‌ മത്സരം. അന്നു തന്നെ മൈ കിങ്ങ്ഡത്തില്‍ മെമ്മറി ടെസ്റ്റ്‌ നടക്കും. മൂന്നു ഫ്ലോറുകളിലായി നിരത്തിയിരിക്കുന്ന വസ്തുക്കള്‍ കണ്ട ശേഷം അവ ഓര്‍ത്തെടുക്കുന്ന മത്സരമാണിത്‌. മൂന്നു ഫ്ലോറുകളിലെയും വസ്തുക്കള്‍ കൃത്യമായി ഓര്‍ത്തെടുത്ത്‌ എഴുതുന്നയാളാണ്‌ വിജയി. അഞ്ചു വയസു മുതല്‍ 10 വയസു വരെ പ്രായമുള്ള കുട്ടികള്‍ക്കായാണു മെമ്മറി ടെസ്റ്റ്‌. മത്സരങ്ങളിലെല്ലാം പ്രോത്സാഹന സമ്മാനങ്ങളും നല്‍കും. കുട്ടികളുടെ കഴിവു വളര്‍ത്തുന്നതിനു അവസരം നല്‍കുകയാണു ലക്ഷ്യമെന്നു സ്റ്റാലിയന്‍സ്‌ രക്ഷാധികാരി എന്‍. ഗോപകുമാര്‍ പറഞ്ഞു.

മത്സരങ്ങളില്‍ വിജയികളാകുന്ന ആയിരത്തോളം പേര്‍ക്കാണു സമ്മാനം നല്‍കുക. ഫെബ്രുവരി ഒന്നിനു വൈകിട്ട്‌ മൈ കിങ്ങ്ഡത്തിലാണു സമ്മാനദാനം. കുട്ടികളുടെ പ്രാക്ടീസ്‌ തകര്‍ക്കുന്നുണ്ട്‌. ഇനി നഗരത്തിന്റെ പുഞ്ചിരിക്കായ്‌ കാത്തിരിക്കാം.

|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code