ബെര്‍ലിന്‍
തീവണ്ടിയിലെ ആളൊഴിഞ്ഞ കംപാര്‍ട്ടുമെന്റിന്റെ ചുവരുകളില്‍ ഇനി പ്രണയവാചകങ്ങള്‍ എഴുതിവയ്ക്കണ്ട. ചുവരുകളില്‍ പ്രണയസാഹിത്യം നിറയ്ക്കുന്ന അജ്ഞാതനാകണ്ട. മനസില്‍ എത്രയോ നാളായി തിങ്ങിവിങ്ങി നില്‍ക്കുന്ന പ്രണയം നേരിട്ടു പറയാന്‍ ഇതാ അവസരം. ഒരു പ്രണയത്തീവണ്ടി അതിനായി കൂകിപ്പായും. പ്രേമിക്കാന്‍ കൊതിക്കുന്നവര്‍ക്കു സവാരി പോകാം. കാമുകിയെയോ കാമുകനെയോ തെരഞ്ഞെടുക്കാം.
പാളങ്ങളില്‍ പ്രണയം പൂത്തുലയുന്നതങ്ങു ജര്‍മനിയില്‍. അവിടുത്തെ നാഷനല്‍ റയ്‌ല്‌വേ ഓപ്പറേറ്ററാണ് ലവ് ട്രെയ്ന്‍ ഓടിച്ചുകൊണ്ടു ദേശീയതലത്തില്‍ പ്രേമിക്കാന്‍ അവസരം ഒരുക്കുന്നത്. വാലന്റൈന്‍ ദിനത്തിന്റെ തലേന്നു വൈകിട്ട് ആറുമണിക്ക്, പ്രണയത്തിന്റെ പച്ചക്കൊടി വീശുമ്പോള്‍ തുടങ്ങുന്നു ആ യാത്ര.
മൂന്നുമണിക്കൂറോളം നീളുന്ന യാത്രയില്‍ പതിനഞ്ചോളം സ്റ്റേഷനുകള്‍ പിന്നിടും. ഓരോ സ്റ്റേഷനിലും പ്രണയമെന്ന ലക്ഷ്യവുമായി ഒരുപാടുപേര്‍. കഴിഞ്ഞ വര്‍ഷം വാലന്റൈന്‍സ് ദിനത്തിലും ഈ ട്രെയ്ന്‍ ഓടിയിരുന്നു. ഓരോ സ്റ്റേഷനില്‍ നിന്നും നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തിരിക്കുന്ന യാത്രക്കാര്‍. പരസ്പരം കണ്ടും സംസാരിച്ചും ഇഷ്ടപ്പെടുന്നവര്‍ അനവധി. ഇനി കംപാര്‍ട്ട്മെന്റില്‍ കയറിയ ആരെയും ഇഷ്ടപ്പെട്ടില്ലെങ്കില്‍ ചെയിന്‍ വലിച്ചു ഇറങ്ങി പോകുകയൊന്നും വേണ്ട. യാത്രയ്ക്കു ശേഷം യാത്രക്കാരെല്ലാവരും ഒന്നിക്കുന്ന പാര്‍ട്ടിയുമുണ്ട്.
800 സീറ്റുകള്‍ക്ക് കഴിഞ്ഞതവണ അയ്യായിരത്തിലധികം പേര്‍ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. കംപാര്‍ട്ടുമെന്റുകളില്‍ പ്രണയം തുളുമ്പുന്ന അലങ്കാരങ്ങളും അന്തരീക്ഷവും. പ്രായവും ജോലിയും സ്വഭാവവുമൊക്കെ മനസിലാക്കിയ ശേഷമേ തീവണ്ടിയില്‍ ടിക്കറ്റ് ലഭിക്കുകയുള്ളു. പ്രണയത്തിലേക്കുള്ള ടിക്കറ്റിനു ഒരുപാടു പണം നല്‍കണമെന്നു കരുതിയെങ്കില്‍ തെറ്റി. യാത്ര ഫ്രീ.
ജര്‍മന്‍കാര്‍ക്ക് അറിയാം, പ്രണയം തിരക്കുള്ള പാസഞ്ചര്‍ ട്രെയ്നിലെ യാത്ര പോലെയാണെന്ന്. പുറത്തു നില്‍ക്കുന്നവര്‍ക്ക് എങ്ങനെയും അതിനുള്ളിലൊന്നു കയറാന്‍ തോന്നും. പലപ്പോഴും അകത്തുകയറിയവര്‍ എങ്ങനെയെങ്കിലുമൊന്നു പുറത്തിറങ്ങാനുള്ള കഠിനശ്രമത്തിലായിരിക്കും. എന്നാലും തീവണ്ടിയിലെ തിരക്കിനു കുറവൊന്നുമില്ല.
Close...
Maximum Character Allowed -
4000