ബുടാപെസ്റ്റ്
ഇന്‍ജക്ഷന്‍ വേണ്ട. ഗുളിക കഴിച്ചോളാം എന്നു ആദ്യമേ പറഞ്ഞതായിരുന്നു. വയസു മുപ്പത്തിരണ്ടായി. എന്നിട്ടും ഇന്‍ജക്ഷന്‍ പേടി. പക്ഷേ കാര്യങ്ങള്‍ അവിടെയൊന്നും നിന്നില്ല. ഇപ്പോള്‍ ഓപ്പറേഷന്‍ വേണ്ടി വന്നു. ഒപ്പം എന്നും പേടിയുള്ള ഇന്‍ജക്ഷനും ഗുളികയുമൊക്കെയുണ്ട്. ഈസ്റ്റേണ്‍ യൂറോപ്പിലെ ഏറ്റവും പ്രായമേറിയ ഗറില്ല എന്ന ബഹുമതിയുള്ള ലീസല്‍ സുഖം പ്രാപിച്ചു വരുന്നു. ഓപ്പറേഷന് ശേഷം ലീസലിന് ഉടന്‍ തിരികെ പോകേണ്ടതുണ്ട്, ഡാങ്കോ, ഗോര്‍ക്ക, ഇബോബോ എന്നീ മൂന്നുമക്കള്‍ കാത്തിരിക്കുകയാണ്, അമ്മയുടെ വരവിനായി.
ഹംഗറി ബുടാപാസ്റ്റ് മൃഗശാലയിലെ സീനിയര്‍ അന്തേവാസിയാണ് ലീസല്‍. വയറുവേദനയും അല്‍പ്പം അസ്വസ്ഥതയുമൊക്കെ കാണിച്ചു തുടങ്ങിയപ്പോഴാണ് ആശുപത്രിയിലെത്തിച്ചത്. ഏറെ ശ്രമകരമായ പരിശോധനയില്‍ വയറ്റില്‍ ഒരു ട്യൂമര്‍ വളരുന്നുണ്ടെന്നു കണ്ടെത്തി. ഓപ്പറേഷനല്ലാതെ മറ്റു വഴിയില്ല. ഡോക്റ്റര്‍മാര്‍ക്കും ഇതു പുതിയ അനുഭവം. എങ്കിലും ഓപ്പറേഷനുമായി മുന്നോട്ടു പോകാന്‍ തന്നെ തീരുമാനം.
പേഷ്യന്റിനെ ഓപ്പറേഷന്‍ റൂമിലെത്തിക്കാന്‍ പത്തോളംപേര്‍ വേണ്ടിവന്നു. അനസ്തേഷ്യ കൊടുത്തു. മൂന്നു മണിക്കൂര്‍ നീണ്ട ഓപ്പറേഷന്‍. ട്യൂമര്‍ നീക്കം ചെയ്തില്ലായിരുന്നെങ്കില്‍ ജീവന്‍ അപകടത്തിലാവുമായിരുന്നുവെന്ന് ഡോക്റ്റര്‍മാര്‍.
ഇപ്പോള്‍ എന്തായാലും ലീസല്‍ സുഖം പ്രാപിക്കുന്നു. തിരികെ മൃഗശാലയില്‍ എത്തിയാലും കുറച്ചുനാള്‍ പൂര്‍ണവിശ്രമം. അതുകഴിഞ്ഞ് ഉഷാറായി കറങ്ങി നടക്കാം. മക്കളോടൊത്തു സന്തുഷ്ട കുടുംബമായി കഴിയാം.1989ല്‍ ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ട് മൃഗശാലയില്‍ നിന്നാണു ലീസല്‍ ഹംഗറിയില്‍ എത്തിയത്. പുതിയ സങ്കേതത്തില്‍ മൂന്നു കുട്ടികള്‍ക്കു ജന്മം നല്‍കി. ആശുപത്രിയില്‍ അച്ചടക്കമുള്ള രോഗിയായിരുന്നു ലീസലെന്നു ഡോക്റ്റര്‍മാര്‍ പറയുന്നു. കാര്യമായ പ്രശ്നങ്ങളൊന്നും ഉണ്ടാക്കിയില്ല.
Close...
Maximum Character Allowed -
4000