ഇവള്‍ സ്ലം ഡോഗിന്റെ കാമുകി
അവളെന്റെ ആത്മാംശമാണ്. ഇന്നേവരെ കാമുകി വേണമെന്നു ചിന്തിച്ചിട്ടില്ല. പക്ഷേ, അവളുടെ കൂട്ട് കിട്ടിയതിനു ശേഷം ഞാനറിയുന്നു. എന്റെ ഹൃദയത്തില്‍ ചേര്‍ത്തു വയ്ക്കാനൊരാളെ വേണമെന്ന്. പ്രണയാതുരനായ ഈ കാമുകനെയും അവന്റെ മനം കവര്‍ന്ന സുന്ദരിയെയും ഇന്നു ലോകം മുഴുവന്‍ ആരാധിക്കുകയാണ്. അവര്‍ കീഴടക്കാനിരിക്കുന്ന അംഗീകാരങ്ങളുടെ പട്ടിക തയാറാക്കുകയാണ്. സസ്പെന്‍സ് മതിയാക്കാം. സ്ലം ഡോഗ് മില്യനെയറിലെ നായകന്‍ ദേവ് പട്ടേലാണ് കാമുകന്‍, ചിത്രത്തിലെ നായിക ഫ്രയിദ പിന്റോയെ അയാള്‍ ജീവിതത്തിലും നായികയാക്കാന്‍ കൊതിക്കുന്നു.
ആദ്യ ചിത്രത്തിലെ അഭിനയത്തിനു തന്നെ നിരവധി അംഗീകാരങ്ങള്‍ സ്വന്തമാക്കിയ ഫ്രയിദ പിന്റോയെ സ്നേഹിക്കാന്‍ ദേവ് പട്ടേലിനെപ്പോലെ എത്രപേര്‍. ശരാശരി സൗന്ദര്യം മാത്രമുള്ള പെണ്‍കുട്ടി, അഭിനയത്തില്‍ ചെറിയ ചില പയറ്റുകള്‍ നടത്തി വളരെ സാധാരണ രീതിയില്‍ ജീവിക്കുകയായിരുന്നു. അവിടെ നിന്നു ലോകമറിയുന്ന അഭിനേത്രിയായി മാറിയിരിക്കുന്നു. ചെല്ലുന്നിടത്തെല്ലാം റെഡ് കാര്‍പ്പറ്റ് സ്വീകരണം. എല്ലാം ഒരു മുത്ത ശ്ശിക്കഥ പോലെ.
ഫ്രയിടയുടെ തുടക്കം ഇത്ര മനോഹരമായതിന്റെ സന്തോഷത്തിലാണു ചേച്ചി ഷാരോണ്‍ പിന്റോ. എന്‍ഡിറ്റിവിയില്‍ പ്രൊഡ്യൂസറായ ഷാരോണാണ് എന്റര്‍റ്റെയ്ന്‍മെന്റ് രംഗത്ത് ഫ്രയിടയ്ക്ക് ആകെ പരിചയമുണ്ടായിരുന്ന വ്യക്തി. സിനിമയില്‍ അഭിനയിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു, അഭിനിവേശമൊ ന്നുമായിരുന്നില്ലെങ്കിലും. സെന്റ് സേവിയേഴ്സ് കോളജില്‍ പഠിക്കുമ്പോള്‍ ചില നാടകങ്ങളിലൂടെ അഭിനയത്തിനു ഹരിശ്രീ കുറിച്ചു. മോഡലിങ്ങില്‍ ഭാഗ്യം പരീക്ഷിക്കാന്‍ തീരുമാനിച്ചപ്പോള്‍ത്തന്നെ കിട്ടിയതു ഋഗ്ലിസ്, സ്കോഡ, ഇന്ത്യ ടുഡേ, ഡി ബിയേഴ്സ്, ഹച്ച്, എയര്‍ടെല്‍, വിസ തുടങ്ങിയ പ്രമുഖ ബ്രാന്‍ഡുകള്‍.
ഇതിനിടയിലാണു സ്ലം ഡോഗ് മില്യനെയറിന്റെ കാസ്റ്റിങ് ഡയറക്റ്റര്‍ ലവ്ലീന്‍ ടണ്‍ഠന്‍ ഫ്രെയിടയെ വിളിക്കുന്നത്. ഒരു ഓഡിഷന്‍ ടെസ്റ്റുണ്ട് വരണം. ഡാനി ബോയില്‍ ചിത്രത്തിലഭിനയിക്കാനാണു തന്നെ വിളിച്ചതെന്നറിയാതെയായിരുന്നു ഫ്രയിടയുടെ വരവ്. അഭിനയം പഠിച്ചിട്ടില്ല. മുമ്പ് സിനിമ ചെയ്തിട്ടുമില്ല. ഫ്രയിടയ്ക്ക് അത്ര പ്രതീക്ഷയില്ലായിരുന്നു. ആറു മാസം നീണ്ട ആക്റ്റിങ് വര്‍ക്ക് ഷോപ്പിനൊടുവില്‍ സ്ലം ഡോഗ് മില്യനെയറിലെ ലതികയായി തെരഞ്ഞെടുക്കപ്പെട്ടു. ബാക്കിയെല്ലാം ചരിത്രം.
സിനിമയില്‍ ഇന്ത്യയെ മോശമായി ചിത്രീകരിച്ചുവെന്ന തരത്തിലുള്ള വിവാദങ്ങള്‍ക്കു ഫ്രയിടയുടെ മറുപടി ഇങ്ങനെ. ഞാന്‍ ജനിച്ചു വളര്‍ന്ന മുംബൈയെ ഇത്രയും റിയലിസ്റ്റിക്കായി ചിത്രീകരിച്ച മറ്റൊരു സിനിമയില്ല. ഇതില്‍ ഇമാജിനേഷന്റെ കണിക പോലുമില്ല. മംഗലാപുരത്തു നിന്നു വന്നു മുംബൈയില്‍ സ്ഥിരതാമസമാക്കിയ ഫ്രെഡറിക് പിന്റോയുടെയും സില്‍വിയ പിന്റോയുടെയും മകള്‍ക്കു മുംബൈയെക്കുറിച്ചുള്ള സിനിമയില്‍ത്തന്നെ അരങ്ങേറ്റം കുറിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമേറെ.
ഗോള്‍ഡന്‍ ഗ്ലോബ്, കൃറ്റിക്സ് ചോയ്സ് അവാര്‍ഡ്, ടൊറോന്റോ ഫിലിം ഫെസ്റ്റിവല്‍, ഓസ്റ്റിന്‍ ഫിലിം ഫെസ്റ്റിവല്‍ എന്നിവയില്‍ ലഭിച്ച അവാര്‍ഡുകള്‍, ബ്രിട്ടീഷ് ഇന്‍ഡിപെന്‍ഡന്റ് അവാര്‍ഡ് തുടങ്ങി സ്ലം ഡോഗ് മില്യനെയറിനു ലഭിച്ച പുരസ്കാരങ്ങള്‍ നിരവധി. ഓസ്കര്‍ പോലെ തന്നെ ബ്രിട്ടനില്‍ നല്‍കുന്ന ബാഫ്റ്റ അവാര്‍ഡിനു മികച്ച സപ്പോര്‍ട്ടിങ് റോളിനു നോമിനേഷന്‍ ലഭിച്ചിട്ടുണ്ട് ഫ്രയിടയ്ക്ക്.
സ്ലം ഡോഗിന്റെ നിഴലില്‍ നിന്നു മാറി ഇനിയും മികച്ച ചിത്രങ്ങള്‍ ചെയ്യണം. ബോളിവുഡില്‍ അഭിനയിക്കുന്നില്ലേയെന്നു ചോദിച്ചാല്‍ പെട്ടെന്നു മുഖം മാറും. ഇപ്പോഴില്ല, ഹോളിവുഡില്‍ നിന്നു നല്ല പ്രൊജക്റ്റുകള്‍ ലഭിച്ചാല്‍ അതിനായിരിക്കും മുന്‍ഗണന. അഥവാ ഹിന്ദിയില്‍ അഭിനയിച്ചാലും വെറും എന്റര്‍റ്റെയ്ന്‍മെന്റ് മാത്രമായ ചിത്രങ്ങളില്‍ അഭിനയിക്കാന്‍ തീരെ താല്‍പ്പര്യമില്ല. ആഗ്രഹിച്ചതൊക്കെ സ്വന്തമാക്കിയ ഫ്രയിദ തന്റെ നയം വ്യക്തമാക്കുന്നു.
ഇതിനെല്ലാമിടയില്‍ ഒന്നോര്‍ക്കണം ഫ്രയിദ, നായകന്‍ ദേവ് പട്ടേല്‍ കാത്തുനില്‍ക്കുന്നു, പ്രണയം സ്വീകരിച്ചിരിക്കുന്നു എന്ന മറുപടിക്കായി.
Close...
Maximum Character Allowed -
4000