ചൈത്ര ജെ. ലക്ഷ്മി
തേവരയിലെ വാരിയംപറമ്പില്‍ വീട്ടിലെ അടുക്കളയില്‍ നിന്നുള്ള കറിമണം കടല്‍ കടക്കുന്നു. അതില്‍ മയങ്ങി കടല്‍കടന്ന് ഇങ്ങോട്ടെത്തുന്നു അതിഥികള്‍. നിമ്മി പോള്‍ ഒരുക്കുന്ന രുചിയുടെ രഹസ്യം സ്വന്തമാക്കാനാണ് ഇവരെത്തുന്നത്. നിമ്മി പോള്‍ എന്ന പേരു മലയാളികള്‍ക്ക് അത്ര പരിചിതമല്ലായിരിക്കാം . എന്നാല്‍ ഏതു വിദേശരാജ്യത്തും കേരളീയ ഭക്ഷണത്തെക്കുറിച്ചു പറഞ്ഞു നോക്കൂ ഭക്ഷണപ്രേമികള്‍ നിമ്മി പോളിനെക്കുറിച്ചു ചോദിക്കും.
തേവരയില്‍ നിമ്മി ആന്‍ഡ് പോള്‍ എന്ന പേരില്‍ വിദേശികള്‍ക്കായി പാചക ക്ലാസുകള്‍ നടത്തുകയാണു നിമ്മിയും ഭര്‍ത്താവ് വി.ജെ. പോളും. വീട്ടില്‍ താമസിച്ചു പരമ്പാരാഗതകേരളീയ ഭക്ഷണം പാകം ചെയ്യുന്നതു പഠിക്കാനുള്ള സൗകര്യമാണു നിമ്മി ഒരുക്കുന്നത്.
പാലാക്കാരിയായ നിമ്മിയുടെ ബാല്യകാല കൗതുകങ്ങളിലൊന്നായിരുന്നു പാചകം. മുതിര്‍ന്നപ്പോഴും ആ കൗതുകം ഇന്നും നിമ്മിയോടൊപ്പമുണ്ടായിരുന്നു. കല്യാണം കഴിഞ്ഞു കൊച്ചിയിലെത്തിയപ്പോള്‍ അമ്പരപ്പായിരുന്നു. പാചക രീതികളില്‍ ആകെ വ്യത്യാസം. നിമ്മി പക്ഷേ, തന്റെ രീതി മാറ്റാനൊന്നും പോയില്ല. തനി പാലാ സ്റ്റെയില്‍ തന്നെ പിന്തുടര്‍ന്നു.
കച്ചേരിപ്പടിയിലെ വിമലാലയത്തില്‍ കുക്കിങ് ക്ലാസ് എടുത്തു കൊണ്ടായിരുന്നു തുടക്കം . അമ്മ റോസമ്മയില്‍ നിന്നു പകര്‍ന്നു കിട്ടിയ കൈപ്പുണ്യമാണ് ആത്മവിശ്വാസം പകര്‍ന്നത്. നഗരവാസികളായ ചില വീട്ടമ്മമാര്‍ക്കും ക്ലാസ് എടുത്തിരുന്നു. വിഭവങ്ങള്‍ ഒരുപാടുണ്ടാക്കിയിട്ടു കാര്യമില്ല. ഉള്ളതു നന്നായി പാകം ചെയ്യുക. ഇതാണ് നിമ്മി എപ്പോഴും നല്‍കുന്ന പാഠം. വിദേശികളെ കേരളീയ രീതിയിലുള്ള പാചകം പഠിപ്പിക്കുക എന്ന ആശയം മനസ്സില്‍ വീണത് എപ്പോഴെന്നറിയില്ല. പിന്നീടതു നിമ്മിയുടെ സ്വപ്നമായി . പോളിന്റെ പ്രോത്സാഹനവും കൂടെയുണ്ടായിരുന്നു.
1997 ല്‍ രണ്ടു വിദേശികള്‍ പാചകം പഠിക്കാനെത്തി. പൈനിയര്‍ ട്രാവല്‍സ് വഴിയാണു അവരെത്തിയത്. നിമ്മിയുടെ പാചക കലയില്‍ അവര്‍ക്കു മതിപ്പു തോന്നി. നിമ്മിയുടെ അടുക്കളയിലെ രുചികള്‍ അവര്‍ പരിചയക്കാരോടു പങ്കുവച്ചു. കൂടുതല്‍ പേരെത്തി. അതിലൊരു സ്പെഷ്യല്‍ ഗസ്റ്റുണ്ടായിരുന്നു. ന്യൂയോര്‍ക്ക് ടൈംസ് പത്രത്തിന്റെ അസിസ്റ്റന്റ് എഡിറ്ററായിരുന്ന ആര്‍. ഡബ്ല്യു ആപ്പിള്‍. ഹിന്ദു, ക്രിസ്ത്യന്‍, ജൂത രീതിയിലുള്ള വിഭവങ്ങളാണ് അദ്ദേഹത്തിനു വേണ്ടി ഒരുക്കിയത്.
പാചകം നേരിട്ടു കണ്ടു പഠിച്ച ആപ്പിള്‍ നിമ്മിപോളിന്റെ കൈപ്പുണ്യത്തെയും ക്ലാസിനെയും കുറിച്ചു ന്യൂയോര്‍ക്ക് ടൈംസിലെഴുതി. പിന്നീടു നിമ്മിയുടെ അടുക്കളയില്‍ ആളുകൂടി.അതിഥികള്‍ക്ക് ഇഷ്ടമുള്ള വിഭവങ്ങള്‍ നിമ്മി തയാറാക്കിക്കാണിക്കും. വിഭവങ്ങള്‍ തയാറാക്കാന്‍ മാത്രമല്ല അവ എങ്ങനെ അലങ്കരിക്കാമെന്നും വിളമ്പാമെന്നും കൃത്യതയോടെ നിമ്മി പഠിപ്പിക്കും. ഭക്ഷണം കഴിക്കുന്ന രീതിയും ടേബിള്‍ മാനേഴ്സുമൊക്കെ നിമ്മിയുടെ സിലബസിലുണ്ട്. താമസവും ഭക്ഷണവും വീട്ടില്‍ ഒരുക്കും.
കേരള ശൈലിയിലുള്ള ഭക്ഷണത്തോടൊപ്പം വെസ്റ്റേണ്‍ ശൈലിയിലുള്ള ഒരു വിഭവവും ഉള്‍പ്പെടുത്താറുണ്ട്. സ്വന്തം നാടിന്റെ രുചി മിസ് ചെയ്യുന്നവര്‍ക്കു വേണ്ടിയാണിത്. വെജിറ്റേറിയന്‍ ഭക്ഷണത്തോടാണു വിദേശികള്‍ക്കു പൊതുവെ പ്രിയം. അപ്പം, ഫിഷ് മോളി, ബിരിയാണി തുടങ്ങിയവയാണ് എല്ലാവരുടെയും പ്രിയ വിഭവങ്ങള്‍. കേരളീയ ഭക്ഷണം പാകം ചെയ്യുന്നതിനായി ഇവിടെ നിന്നു വാങ്ങിക്കൊണ്ടു പോകുന്ന കൂട്ടുകള്‍ എങ്ങനെ സൂക്ഷിച്ചു വയ്ക്കാം തുടങ്ങിയ ചെറിയ പൊടിക്കൈകളും നല്‍കും. മുളക്, മല്ലി തുടങ്ങിയ കറിമസാലകളെല്ലാം പൊടിച്ചെടുക്കുകയാണു പതിവ്.
മീന്‍ വാങ്ങാന്‍ താന്‍ തന്നെ പോകണമെന്നു നിമ്മിക്കു നിര്‍ബന്ധമാണ്. ഭക്ഷണം രുചിച്ച ശേഷം ക്ലാസില്‍ പങ്കെടുക്കുന്ന പലരും പറയാറുണ്ട്. നിമ്മിയുടെ സ്നേഹവും കരുതലും കൂടി ഉള്‍പ്പെട്ടിട്ടുണ്ട് ചേരുവയിലെന്ന്. അതു കേള്‍ക്കുമ്പോഴുള്ള സന്തോഷം വേറെയില്ലെന്നു നിമ്മി. ക്ലാസെടുക്കാനും പാചക മത്സരങ്ങളില്‍ ജഡ്ജ് ആയും വിദേശരാജ്യങ്ങളില്‍ നിന്നു ക്ഷണം ലഭിക്കാറുണ്ട്. അമേരിക്കയിലെ കളിനറി ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഏഴാമത്തെയും പത്താമത്തെയും വേള്‍ഡ്സ് ഒഫ് ഫ്ലേവര്‍ ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സിലും ഫെസ്റ്റിവലിലും ഇന്ത്യയെ പ്രതിനിധീകരിച്ചതു നിമ്മിയായിരുന്നു.
ഭര്‍ത്താവ് പോളിനാണു നിമ്മി തന്റെ നേട്ടങ്ങളുടെ ക്രെഡിറ്റ് നല്‍കുന്നത്. അദ്ദേഹത്തിന്റെ പ്രോത്സാഹനമില്ലായിരുന്നെങ്കില്‍ തന്റെ ലോകം ഒതുങ്ങിപ്പോകുമായിരുന്നുവെന്നു നിമ്മി. രുചി രഹസ്യങ്ങള്‍ മുമ്പു നഗര വാസികള്‍ക്കും പകര്‍ന്നു നല്‍കിയിരുന്നു. പിന്നെ തിരക്കു മൂലം അതു തുടരാനായില്ല. ഏപ്രില്‍ മുതല്‍ നഗരവാസികള്‍ക്കും ക്ലാസെടുക്കണമെന്നാണു നിമ്മിയുടെ ആഗ്രഹം.നിമ്മിയുടെ അടുക്കളയില്‍ അമ്മയുടെയും യേശുക്രിസ്തുവിന്റെയും ചിത്രങ്ങളുണ്ട്. ഓരോ വിജയത്തിനും പിന്നില്‍ ഇവരുടെ അനുഗ്രഹമുണ്ടെന്നു നിമ്മി.