റേവ ഒരു അത്ഭുത കാറാണ്. ഒരു കിലോമീറ്റര്‍ ഓടാന്‍ 50 പൈസപോലും വേണ്ടാത്ത ഒരു കുഞ്ഞ്, ഇലക്്ട്രിക് കാര്‍. റേവയുടെ ജനനം ഇന്ത്യയിലാണ് എന്നത് മറ്റൊരത്ഭുതം. പക്ഷേ, പെട്രോള്‍ വില കുതിച്ചുയര്‍ന്നിട്ടും ഇന്ത്യ റേവയെ വേണ്ടത്ര ഗൗനിച്ചില്ലിട്ടില്ല എന്നത് ദുഃഖകരമാണ്. ബംഗളൂരുവില്‍ നിര്‍മിക്കപ്പെടുന്ന റേവ, അവിടെത്തന്നെയാണ് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്നത്. കൂടാതെ ലോകത്തിലെ മിക്ക രാജ്യങ്ങളിലേക്കും കയറ്റുമതി ചെയ്യപ്പെടുന്നുമുണ്ട്. കേരളത്തില്‍ പോസ്റ്റല്‍ ഡിപ്പാര്‍ട്ട്മെന്റ്, റേവയുടെ സേവനം പ്രയോജനപ്പെടുത്തുന്നുണ്ട്. റേവയ്ക്കുമുന്നില്‍ വലിയൊരു ഭാവി തുറന്നുകിടപ്പുണ്ട്. അതിലേക്കുള്ള യാത്രയിലാണ് മെയ്നി എന്ന കമ്പനിയും റേവയും.
ജനനം
ആക്സിലേറ്ററില്ല, എന്‍ജിനില്ല, റേഡിയേറ്ററില്ല, ഫ്യുവല്‍ ടാങ്കില്ല, ശബ്ദമില്ല, പുകയില്ല, എന്‍ജിനോയില്‍ വേണ്ട. ഇങ്ങനെ ഇല്ലായ്മകളുടെ വലിയൊരു ലിസ്റ്റ് തന്നെ പറയാം റേവയെപ്പറ്റി. ഇന്ത്യയ്ക്ക് തികച്ചും അന്യമായിരുന്ന ഇലക്്ട്രിക് കാര്‍ എന്ന സങ്കല്‍പ്പം യാഥാര്‍ഥ്യമാക്കിയത് ബംഗളൂരുവിലെ മെയ്നി കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള റേവ ഇലക്്ട്രിക് കാര്‍ കമ്പനിയാണ്. ഹോസൂറിനടുത്ത്, ബൊമ്മസാന്ധ്രയിലാണ് റേവയുടെ പ്ലാന്റ്. 1994ല്‍ റേവയുടെ പത്ത് വ്യത്യസ്ത മോഡലുകള്‍ നിര്‍മിച്ചുകൊണ്ടായിരുന്നു തുടക്കം. അവ പൂനെയിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ടെസ്റ്റിങ് സെന്ററില്‍ അയച്ച് അവരുടെ നിര്‍ദേശപ്രകാരം ഏഴുവര്‍ഷം മാറ്റങ്ങള്‍ വരുത്തി. എന്നിട്ട് 2001ലാണ് റേവയുടെ ആദ്യ മോഡല്‍ വില്‍പ്പനയ്ക്കെത്തിയത്. നാലുലക്ഷം രൂപയോളമായിരുന്നു, ആദ്യ മോഡലിന്റെ വില. ആ മോഡല്‍ ഒരു ഫുള്‍ചാര്‍ജില്‍ 75 കിലോമീറ്റര്‍ ഓടുമായിരുന്നു.
പ്രവര്‍ത്തനം
എട്ട് ട്യൂബുലാര്‍ ടൈപ്പ് ലെഡ് ആസിഡ് ബാറ്ററികളാണ് റേവയുടെ ഇന്ധനം. ഇത് പിന്‍സീറ്റിനു താഴെ വച്ചിരിക്കുന്നു. 240 കിലോഗ്രാം ഭാരമുള്ള ഈ ബാറ്ററികള്‍ നടുക്ക് ഇരിക്കുന്നതുകൊണ്ട് റേവയ്ക്ക് ഭൂഗുരുത്വബലം കൂടും. രണ്ടരമണിക്കൂര്‍ കൊണ്ട് ഈ ബാറ്ററികള്‍ 80 ശതമാനം ചാര്‍ജ് ചെയ്യാം. വീട്ടിലെ 15 ആമ്പിയറിന്റെ സോക്കറ്റിലേക്ക് റേവയുടെ കേബിള്‍ പിന്‍ കുത്തിവച്ചാല്‍ മാത്രം മതി. ഫുള്‍ ചാര്‍ജാകാന്‍ ആറു മണിക്കൂറെടുക്കും.
പെട്രോളിന്റേതുപോലെത്തന്നെ ഫ്യുവല്‍ ഗേജുണ്ട്, റേവയില്‍. ചാര്‍ജ് ചെയ്യുമ്പോള്‍ മീറ്റര്‍ കണ്‍സോളിലെ പച്ചലൈറ്റ് കത്തിനില്‍ക്കും. ഫുള്‍ ചാര്‍ജ് ആകുമ്പോള്‍ കടുംപച്ച ലൈറ്റ് തെളിയും. ബാറ്ററിയുടെ ചാര്‍ജ് 35 ശതമാനം മാത്രം അവശേഷിക്കുമ്പോള്‍ വാണിങ് ലൈറ്റ് ഓണാകും. ചാര്‍ജ് 15 ശതമാനമാകുമ്പോള്‍ റേവയുടെ വേഗത താനെ കുറയും. ചാര്‍ജ് തീരും മുമ്പ് വീട്ടിലെത്തിക്കാന്‍ റേവ സ്വയം ഇക്കണോമി മോഡിലാകും.
ഇഗ്നീഷ്യന്‍ കീ തിരിച്ച് വലതുവശത്തെ റോട്ടറി സ്വിച്ച് ഫോര്‍വേഡ് മോഡിലാക്കിയാല്‍ റേവ നിശബ്ദമായി ഓടിത്തുടങ്ങും. ഇക്കണോമി, ന്യൂട്രല്‍, റിവേഴ്സ് എന്നീ മോഡലുകളുമുണ്ട്. റേവയുടെ എന്‍ജിന്‍ അഥവാ ഇലക്ട്രിക് മോട്ടോര്‍ ഓണാകുമ്പോള്‍ത്തന്നെ 70 എന്‍എം എന്ന ഉയര്‍ന്ന ടോര്‍ക്ക് കൈവരുന്നതുകൊണ്ട് നല്ല പിക്കപ്പും തരും, റേവ. എന്‍ജിന്‍ അഥവാ 13 കിലോവാട്ട് ഇലക്്ട്രിക് മോട്ടോര്‍ 18 കുതിരശക്തിക്കു സമാനമായ പവര്‍ തരും. മൂന്നുവര്‍ഷം അഥവാ 40,000 കിലോമീറ്റര്‍ ഓടിക്കഴിയുമ്പോള്‍ ബാറ്ററികള്‍ മാറ്റേണ്ടിവരും. അതൊരു നഷ്ടമായി കരുതേണ്ടതില്ല. കാരണം, അപ്പോഴേക്കും അതിന്റെ പത്തിരട്ടി ലാഭം റേവ വാങ്ങിത്തന്നിരിക്കും.
നികുതി കുറവ്
പരിസ്ഥിതി സംരക്ഷണം ഉറപ്പായതുകൊണ്ട് പല രാജ്യങ്ങളും റേവയെ വില്‍പ്പന നികുതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ജപ്പാനില്‍ റേവയുടെ വിലയേക്കാള്‍ 2600 യെന്നും ഇംഗ്ലണ്ടില്‍ 1000 പൗണ്ടും നികുതി കുറവ് പ്രഖ്യാപിച്ചുകഴിഞ്ഞു. അത്തരമൊരു നീക്കം ഇന്ത്യയില്‍ ഇതുവരെ നടന്നിട്ടില്ല.
ഇപ്പോള്‍ സംഭവിച്ചത്
അടുത്തകാലത്ത് മെയ്നി കമ്പനി റേവയില്‍ കുറേ മാറ്റങ്ങള്‍ കൂടി വരുത്തി. റേവ ലയണ്‍ എന്ന പുതിയ മോഡല്‍ ഫുള്‍ ചാര്‍ജ് ചെയ്താല്‍ 120 കിലോമീറ്റര്‍ ഓടും. ബാറ്ററിയുടെ 90 ശതമാനം ചാര്‍ജ് ചെയ്യാന്‍ ഇനി 60 മിനിറ്റ് മതി. കൂടാതെ ഉയര്‍ന്ന വേഗത 80 കിലോമീറ്റര്‍/മണിക്കൂറാവുകയും ചെയ്തു.
പുതിയ മോഡലില്‍ ലിത്തിയം ബാറ്ററികളാണ് ഉപയോഗിക്കുന്നത്. ബാറ്ററികളുടെ വലിപ്പം കുറയ്ക്കുകയും ചെയ്തു. യൂറോപ്പില്‍ ഈ മോഡല്‍ വില്‍പ്പന തുടങ്ങിക്കഴിഞ്ഞു. 35 ശതമാനം വില കൂടുതലുണ്ട്, റേവ ലയണിന്. എസി, പവര്‍ സ്റ്റിയറിങ്, പവര്‍ വിന്‍ഡോ എന്നിവയും ലയണിനുണ്ട്.
വില്‍പ്പന റിലയന്‍സിന്
ഇന്ത്യയില്‍ റിലയന്‍സ് ഡിജിറ്റല്‍ കമ്പനിയുമായി ചേര്‍ന്ന് വില്‍പ്പന തന്ത്രങ്ങള്‍ ആവിഷ്കരിക്കുകയാണ് റേവ. റിലയന്‍സ് ഡിജിറ്റല്‍ സ്റ്റോറുകളില്‍ ഇനിമുതല്‍ റേവ വില്‍പ്പനയ്ക്കെത്തും.
Close...
Maximum Character Allowed -
4000