Thursday, February 09, 2012   7:41 AM IST
Supplements
Home>> News>> National News
National News
കൗണ്ട് ഡൗണ്‍ ദാവൂദ്
Wednesday, April 29, 2009
|
|
|
വി.കെ. സഞ്ജു

2009 മാര്‍ച്ച് 31

ദാവൂദ് ഇബ്രാഹിമിന്റെ കറാച്ചിയിലെ വസതിക്കു മുന്നില്‍ വെടിയേറ്റു തുളഞ്ഞ നൂറയുടെ മൃതദേഹം. കറാച്ചിയിലെ കിഡ്നാപ്പ് മാസ്റ്ററെങ്കിലും അധോലോകത്തിനു പുറത്ത് അധികമാരുമറിയാത്ത സര്‍ദാര്‍ റഹ്മാന്റെ പക; 225 കോടി രൂപ അനുജന്റെ മോചനദ്രവ്യമായി നല്‍കാന്‍ തയാറാകാത്ത ദാവൂദിനുള്ള സമ്മാനം, ആറു വെടിയുണ്ടകളേറ്റു മാംസം ചിതറിയ ശരീരം. അവിടെത്തുടങ്ങാം ഒരു കൗണ്ട് ഡൗണ്‍. ഡി കമ്പനി എന്ന സമാന്തരലോക ഭരണകൂടത്തിന്റെ സര്‍വപ്രതാപിയായ ചക്രവര്‍ത്തി ഷെയ്ക്ക് ദാവൂദ് ഇബ്രാഹിം കസ്കറിന്റെ പതനത്തിന്റെ കൗണ്ട് ഡൗണ്‍.

മുംബൈയിലെ ചേരികളില്‍ കിഡ്നാപ്പും കള്ളക്കടത്തുമായി വളര്‍ന്ന് ദുബായിലേക്കും കറാച്ചിയിലേക്കും പടര്‍ന്ന ദാവൂദ് സാമ്രാജ്യത്തിന്റെ സുരക്ഷാകവചത്തിലേറ്റ വിള്ളലുകളാണു നൂറയുടെ ശരീരത്തില്‍ ബുള്ളറ്റുകളായി തുളഞ്ഞുകയറിയത്. അരുണ്‍ ഗാവ്ലിയുടെയും ഛോട്ടാ രാജന്റെയും വെല്ലുവിളികളെക്കാള്‍ മുഴക്കമുണ്ട് സര്‍ദാര്‍ റഹ്മാന്റെ കൈത്തോക്കിന്.

പാക്കിസ്ഥാന്‍ നാഷനല്‍ ബാങ്കിന് അങ്ങോട്ടു വായ്പ കൊടുത്തു സഹായിച്ച ദാവൂദിനെ സംബന്ധിച്ചു തന്റെ സാമ്രാജ്യം സംരക്ഷിക്കാന്‍ പാക് സര്‍ക്കാരിന്റെ ചാരസംഘടനയെ വിലയ്ക്കെടുക്കുന്നതു നിസാരം. ദാവൂദ് കറാച്ചിയില്‍ ആസ്ഥാനമുറപ്പിച്ച് ഇതുവരെ ഐഎസ്ഐ വാങ്ങിയ കാശിനു ജോലിയും ചെയ്തു. എന്നിട്ടും ഡി കമ്പനിയുടെ ഉരുക്കു കോട്ടയ്ക്കുള്ളില്‍നിന്നു നൂറയെ വലിച്ചു പുറത്തിട്ടു സര്‍ദാര്‍ റഹ്മാന്‍. എന്നിട്ടു ശവമായി തിരിച്ചെറിഞ്ഞുകൊടുത്തു .

തന്റെ ജ്യേഷ്ഠനെ കൊന്ന ആമിര്‍സാദാ പഠാനെ, കൂലിത്തല്ലിലെ ഗുരുസ്ഥാനം നോക്കാതെ കൊന്നു തള്ളിയവനാണു ദാവൂദ്, 28 വര്‍ഷം മുമ്പ്. പക്ഷേ, കറാച്ചി അധോലോകത്ത് ഇപ്പോള്‍ മുഴങ്ങു ന്നത് സര്‍ദാര്‍ റഹ്മാന്റെ കൊലച്ചിരിയുടെ മാറ്റൊലി.

* * *

1955 ഡിസംബര്‍ 31

മുംബൈ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റിലെ (സിഐഡി) ഹവില്‍ദാര്‍ ഇബ്രാഹിം കസ്കറിന് അന്നൊരു ആണ്‍കുഞ്ഞു പിറന്നു. ഹവില്‍ദാറെന്നാല്‍ ആധുനിക പൊലീസ് ഭാഷയില്‍ കോണ്‍സ്റ്റബിള്‍. ഹവില്‍ദാര്‍ മകനു ദാവൂദെന്നു പേരിട്ടു. തെരുവിന്റെ തിരിച്ചറിവുകളുമായി അവന്‍ വളര്‍ന്നു. ചെറിയ അടിപിടികള്‍ ഗൂണ്ടായിസമായി പരിണമിക്കാന്‍ വളക്കൂറുള്ള മണ്ണ്. ഭൂമിയുടെ അനന്തവിസ്തൃതികളായും ആകാശത്തിന്റെ അപാരതകളായും മാത്രമല്ല, ചേരിയുടെ അഴുക്കുചാലുകളിലൂടെ അധോമുഖമായും മുംബൈ വളര്‍ന്നുകൊണ്ടിരുന്ന കാലം. ചെറിയ പെറ്റിക്കേസുകള്‍ പൊലീസുകാരന്റെ മകനു പ്രതിബന്ധമായില്ല.

ഹാജി മസ്താനും കരിം ലാലയും വരദരാജ മുതലിയാരും വാഴുന്ന അധോലോകത്തിന്റെ കണ്ണുകള്‍ അവനെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ചെറുകിട ഗൂണ്ടായിസത്തില്‍ കഴിവു തെളിയിച്ച ദാവൂദ് ഒടുവില്‍ ഗുരുസമക്ഷത്തിലെത്തി. ഒന്നല്ല, രണ്ടു ഗുരുക്കന്മാര്‍- ആമിര്‍സാദാ പഠാനും ആലംസേബ് പഠാനും. ഇരുവരും കരിം ലാലയുടെ അടുപ്പക്കാര്‍. പഠാന്‍സഹോദരന്‍മാരുടെ കളരിയില്‍ പയറ്റിത്തെളിഞ്ഞ ദാവൂദ് അധോലോകത്തേക്ക് ആദ്യത്തെ ചുവടു വച്ചു. കരിംലാലയുടെ ഗ്യാങ്ങിലേക്കുള്ള വഴിയും അവര്‍ കാട്ടിക്കൊടുത്തു. ഏറെ വൈകാതെ ദാവൂദ് അവിടെനിന്നു സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. വിശ്വാസവഞ്ചനയ്ക്കു മരണം വിധിക്കുന്ന കാലത്തിലേക്കു മും ബൈ അധോലോകം വളര്‍ന്നിട്ടില്ലാതിരുന്ന കാലത്ത് സ്വന്തമായൊരു ഗ്യാങ്ങിനെയും വളര്‍ത്തിയെടുത്തു. അധോലോകത്തു സ്വന്തം സാമ്രാജ്യമായി; നിയമാനുസൃതവും അതിലേറെ നിയമവിരുദ്ധവുമായ നിരവധി ബിസിനസുകളായി. തട്ടിക്കൊണ്ടു പോകല്‍, വാടകക്കൊല, പണപ്പിരിവ്... ദാവൂദ് വളരുകയായിരുന്നു. രത്നത്തിന്റെയും സ്വര്‍ണത്തിന്റെയും കള്ളക്കടത്തു കൂടിയായപ്പോള്‍ അവന്‍ ഗോള്‍ഡ് മാനായി.

ദാവൂദും കൂട്ടരും കരിംലാല ഗ്യാങ്ങില്‍നിന്നു വിട്ട ശേഷവും പഠാന്‍ സഹോദരന്മാര്‍ അവിടെത്തന്നെ തുടര്‍ന്നു. വഴിപിരിഞ്ഞ ദാവൂദ് വളര്‍ച്ചയ്ക്കു പുതിയ വഴികളന്വേഷിക്കുമ്പോള്‍ പഴയ താവളത്തില്‍ പകയുടെ അഗ്നിപര്‍വതങ്ങള്‍ പുകഞ്ഞു.

*** *** ***

1981

ദാവൂദിന്റെ ജ്യേഷ്ഠന്‍ ഷബീറിനെ പഠാന്‍മാര്‍ വെടിവച്ചിട്ടു. ദാവൂദിന്റെ പത്തി മടങ്ങിയില്ല. പകരം, പ്രതികാരം ജ്വലിച്ചു. പഠാന്‍മാരില്‍ മൂത്തവന്‍, ആമിര്‍സാദായുടെ ജീവനെടുത്തുകൊണ്ട് ദാവൂദിന്റെ ഫണം വിഷം ചീറ്റി. അധോലോകത്തിന്റെ പടക്കളത്തില്‍ കരിംലാലയുടെ ക്രോധം കൊടുങ്കാറ്റായി. മറുവശത്ത് പൊലീസിന്റെ പടയൊരുക്കം. ദാവൂദ് ദുബായ്ക്കു പറന്നു. ആദ്യത്തെ പ്രവാസം... Next
 PART OneTwoThreeFourFive | Six | Seven
|
|
|
Related News
Most Rated News
Most Visited News
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code