Thursday, September 09, 2010   11:15 PM IST
Supplements
Home>> Cinema>> Reviews
Reviews
സ്നേഹിക്കാന്‍ സിനിമയെടുത്ത ഒരാള്‍
Thursday, May 21, 2009
|
|
|
ജോണ്‍ പോള്‍

താന്‍ കാണുന്ന സിനിമയില്‍ എനിക്കെന്നെത്തന്നെ അടയാളപ്പെടുത്തുവാന്‍ കഴിയണം. എന്‍റെ ദുഃഖങ്ങളും സ്വപ്നങ്ങളും ഞാന്‍ ജീവിക്കുന്ന സമൂഹത്തിലെ അവസ്ഥാന്തരങ്ങളും എനിക്കതില്‍ നേര്‍ക്കാഴ്ചയായി അനുഭവവേദ്യമാകണം. അങ്ങനെയൊരു സിനിമയെ മാത്രമേ എനിക്കു സ്നേഹിക്കാനാകൂ, അങ്ങനെ സ്നേഹിക്കുവാന്‍ കഴിയുന്ന ഒരു സിനിമ മാത്രമേ എനിക്കു നിര്‍മിക്കുവാനും കഴിയൂ.

ഇങ്ങനെ നിശ്ചയദാര്‍ഢ്യത്തോടെ ഏറ്റുപറയുവാന്‍ കഴിഞ്ഞ ഒരു ചലച്ചിത്ര നിര്‍മാതാവ് നമുക്കുണ്ടായിരുന്നു- ശോഭന പരമേശ്വരന്‍ നായര്‍. ഓര്‍മയായി കാലത്തിന്‍റെ തിരശീലയ്ക്കു പിന്നിലേക്കു മറയുമ്പോള്‍ ഇതേറ്റു പറയുക നമ്മുടെ ദുഃഖകരമായ ദൗത്യമാവുകയാണ്. സിനിമയ്ക്കുവേണ്ടി സ്വന്തം ജന്മം സമര്‍പ്പിക്കുവാന്‍ മനസും കലാപരമായ നിഷ്ഠയും പ്രായോഗികചിന്തയും ഉള്ള നിര്‍മാതാക്കളുടെ കാലം അന്യംനിന്നുവരുന്ന വര്‍ത്തമാനകാലത്തില്‍ പ്രത്യേകിച്ചും.

ചിറയിന്‍കീഴ് സ്വദേശിയായ പരമേശ്വരന്‍ നായര്‍ തൃശൂരിലെത്തി ശോഭന സ്റ്റുഡിയോ ആരംഭിക്കുന്നതോടെയാണ് ആ പേരു കൂടി ചേര്‍ത്ത് ശോഭന പരമേശ്വരന്‍ നായര്‍ ആകുന്നത്. ശോഭന സ്റ്റുഡിയോ അക്കാലത്ത് തൃശൂര്‍ പരിസരത്തുള്ള കലാസ്നേഹികളുടെ പതിവു സംഗമകേന്ദ്രമായിരുന്നു. ഡി. എം. പൊറ്റക്കാടും രാമു കാര്യാട്ടും അവിടെ നിത്യസന്ദര്‍ശകരായിരുന്നു. കാര്യാട്ടു വഴി നിര്‍മാതാവ് ടി.കെ. പരീക്കുട്ടിയുമായി സൗഹൃദം. നീലക്കുയില്‍ തൊട്ടുള്ള ചന്ദ്രതാര ചിത്രങ്ങളുടെ പുറകിലെ മുഖ്യ പ്രഭവസ്രോതസ് അദ്ദേഹമായി. അതിവിപുലമായ ഒരു സുഹൃദ്സമ്പത്ത് അദ്ദേഹത്തിന് എന്നുമുണ്ടായിരുന്നു. ആ നാള്‍വഴികളിലൂടെ ഒരുവട്ടം തിരിഞ്ഞുനടക്കുമ്പോള്‍ ചങ്ങാത്തങ്ങളുടെ ശൃംഖല ചിറയിന്‍കീഴ് സ്കൂളിലെ ചാമ്പക്കാ മരത്തണലില്‍ നിന്നാരംഭിക്കുന്നതു നാമറിയുന്നു.

ഒരേ ബെഞ്ചില്‍ ഇരുന്നുപഠിച്ച മൂന്നു ചങ്ങാതികള്‍. അബ്ദുള്‍ ഖാദറും പരമേശ്വരന്‍ നായരും കൃഷ്ണനും. സിനിമ ഒരു വിസ്മയമായി അവതരിച്ചിട്ട് ഏറെ നാളുകളായിട്ടില്ല അന്ന്. മൂവരും ആ മായക്കാഴ്ചകളുടെ വിസ്മയാനുഭൂതികളില്‍ അനുരക്തരായി. സ്കൂള്‍ ഫൈനല്‍ കഴിഞ്ഞു പിരിയുമ്പോള്‍ തങ്ങളിലാരാകും ആദ്യം സിനിമയിലെത്തുക എന്നതിലായിരുന്നു അവര്‍ക്കിടയില്‍ മത്സരചിന്ത.

കുട്ടിക്കാലം തൊട്ടേ സിനിമയുടെ ഭൂമിക നിഴലും വെളിച്ചവും ചേര്‍ന്നതാണെന്ന വെളിപാട് ഉപബോധമനസ് പേറിയിരുന്നതുകൊണ്ടാകാം പരമേശ്വരന്‍ നായര്‍ തെരഞ്ഞെടുത്തത് ഛായാഗ്രഹണ മേഖലയാണ്. ചങ്ങാതിമാരില്‍ പരമേശ്വരന്‍ നായരേക്കാള്‍ മുന്‍പേ അബ്ദുള്‍ ഖാദര്‍ സിനിമയിലെത്തി; പ്രേംനസീര്‍ എന്ന പേരില്‍ ചരിത്രപുരുഷനായി. തൊട്ടുപുറകെ ചിത്രസന്നിവേശ മേഖലയില്‍ കൃഷ്ണനുമെത്തി; എഡിറ്റിങ്ങില്‍ വി.പി. കൃഷ്ണന്‍ എന്ന പേരില്‍ വിഖ്യാതനായി.

സാഹചര്യങ്ങള്‍ അനുകൂലമായപ്പോള്‍ പരമേശ്വരന്‍ നായര്‍ക്ക് ഒരു ചിത്രം നിര്‍മിക്കണമെന്ന് ആഗ്രഹം. തന്നെപ്പോലെ ചലച്ചിത്ര ഉത്സാഹിയായ എന്‍.എന്‍. പിഷാരടിയെ സംവിധായകനായി പ്രതിഷ്ഠിച്ചുകൊണ്ടായിരുന്നു ആലോചന. മനുഷ്യപ്പുഴുക്കള്‍ എന്നായിരുന്നു കഥയുടെ പേര്. പിന്നീടതു മാറ്റി. പാറപ്പുറത്തിന്‍റെ വിഖ്യാത നോവലായ നിണമണിഞ്ഞ കാല്‍പ്പാടുകള്‍ സിനിമയാക്കുകയായിരുന്നു. സമാരാധ്യനായ പി.എന്‍. മേനോന്‍ ആദ്യമായി മലയാളത്തില്‍ കലാസംവിധായകനാകുന്നത് ഈ ചിത്രത്തിലാണ്. ഡല്‍ഹിയിലെ നാഷനല്‍ സ്കൂള്‍ ഒഫ് ഡ്രാമയിലെ പഠനം കഴിഞ്ഞ്, രാമു കാര്യാട്ടിന്‍റെ ക്ഷണം സ്വീകരിച്ച് മൂടുപടത്തില്‍ അഭിനയിക്കുവാന്‍ മദിരാശിയിലെത്തിയ മധു ആദ്യമായി മൂവി ക്യാമറയുടെ മുന്‍പില്‍ അഭിനേതാവായി കടന്നുവന്നതും ഷീല മലയാളത്തില്‍ ആദ്യമഭിനയിക്കുന്നതും നിയോഗവശാല്‍ ഈ ചിത്രത്തില്‍ തന്നെ.

അക്കാലത്തെ അറിയപ്പെട്ടുവരുന്ന ചെറുകഥാകൃത്തായിരുന്നു എം.ടി. വാസുദേവന്‍ നായര്‍. അദ്ദേഹത്തിന്‍റെ സ്നേഹത്തിന്‍റെ മുഖങ്ങള്‍ എന്ന ചെറുകഥ വായിക്കുവാനിടവന്ന പരമേശ്വരന്‍ നായര്‍ അതിലൊരു സിനിമയുടെ സാധ്യത കണ്ടു. നീലക്കുയിലിന്‍റെ കാലംതൊട്ടേ സുഹൃത്തായി മാറിയിരുന്ന ഛായാഗ്രാഹകന്‍ വിന്‍സന്‍റില്‍ നിപുണനായ ഒരു സംവിധായകനെയും അദ്ദേഹം മുന്‍കൂട്ടി കണ്ടു. വിന്‍സന്‍റിനേയും കൂട്ടി കോഴിക്കോട്ടെത്തിയ പരമേശ്വരന്‍ നായര്‍ തിരക്കഥയുടെ സൂത്രവാക്യം തനിക്കറിയില്ലെന്നു പറഞ്ഞു കഥമാത്രം നല്‍കി പിന്‍വലിയുവാന്‍ തുനിഞ്ഞ എം.ടി.യെ വിടാതെ നിര്‍ബന്ധിച്ചു, പ്രേരണ ചെലുത്തി, ആത്മവിശ്വാസം പകര്‍ന്ന് തിരക്കഥാകൃത്തിന്‍റെ മേലങ്കിയണിയിച്ചു. അങ്ങനെ നിര്‍മിച്ച ചിത്രമാണ് “മുറപ്പെണ്ണ്. ഈ കണ്ടെത്തലിന്‍റെ പേരില്‍ മാത്രം മലയാളം പരമേശ്വരന്‍ നായരെ നമിച്ചുനില്‍ക്കുന്നതു നാം കാണുന്നു.

എം.ടിയുടെ തന്നെ രചനയില്‍ നഗരമേ നന്ദിയും കൊച്ചുതെമ്മാടിയും അദ്ദേഹം നിര്‍മിച്ചു. രണ്ടും സംവിധാനം ചെയ്തതു വിന്‍സന്‍റ് തന്നെ. ജി. വിവേകാനന്ദന്‍റെ കള്ളിച്ചെല്ലമ്മ (സംവിധാനം- പി. ഭാസ്കരന്‍), പെരുമ്പടവം ശ്രീധരന്‍റെ അഭയം (സംവിധാനം- രാമു കാര്യാട്ട്), സി. രാധാകൃഷ്ണന്‍റെ തുലാവര്‍ഷം (സംവിധാനം- എന്‍. ശങ്കരന്‍ നായര്‍) എന്നിവയാണു പരമേശ്വരന്‍ നായര്‍ നിര്‍മിച്ച മറ്റു ചിത്രങ്ങള്‍. കച്ചവടച്ചേരുവകള്‍ കലര്‍ത്തി എ.ബി. രാജിന്‍റെ സംവിധാനത്തില്‍ നൃത്തശാല എന്നൊരു ചിത്രം അദ്ദേഹം നിര്‍മിച്ചിരുന്നു. കൊമേഴ്സ്യല്‍ ചിത്രം മാത്രമായാണ് ആദ്യം ഉദ്ദേശിച്ചതെങ്കിലും സ്വന്തം അഭിരുചി അതിന്‍റെ ഘടനയില്‍ കലര്‍ന്നുവരുന്നതു തടയാനാകാതെ ചിത്രം പൂര്‍ത്തിയായപ്പോള്‍ അതൊരു ഭേദപ്പെട്ട ചിത്രമായിപ്പോയ കഥ ആ ചിത്രത്തില്‍ സഹസംവിധായകനായിരുന്ന മോഹനും അതിലൊരു ചെറിയ വേഷമഭിനയിച്ച ഇന്നസന്‍റും പറയാറുണ്ട്.

സ്വന്തം ബാനറായ “രൂപവാണി’യുടെ ബാനറിലും നടന്‍ പ്രേം നവാസിനെ പങ്കാളിയാക്കി ശോഭന പ്രേം കമ്പയിന്‍സ് എന്ന ബാനറിലുമാണു ചിത്രങ്ങള്‍ നിര്‍മിച്ചിരുന്നത്. എന്‍. മോഹന്‍റെ വിഖ്യാതകഥയായ പൂജയ്ക്കെടുക്കാത്ത പൂക്കള്‍, എന്‍. ശങ്കരന്‍ നായരുടെ സംവിധാനത്തിന്‍ കീഴില്‍ സിനിമയാക്കിയത് ശോഭനാ പ്രേം കമ്പയിന്‍സായിരുന്നു.

സജീവമായ നിര്‍മാണരംഗത്തുനിന്നും പിന്മാറിയിട്ടും മലയാള സിനിമയുടെ ഗതിവിഗതികളില്‍ അദ്ദേഹം അവസാനംവരെ തല്‍പ്പരനും ഉത്കണ്ഠാകുലനും കരുതലുള്ളവനുമായിരുന്നു. തൃശൂരില്‍ ആര്യ എന്ന സംഘടനയുടെ പ്രവര്‍ത്തനങ്ങളെ രക്ഷാധികാരി എന്ന നിലയില്‍ ഏകോപിപ്പിച്ചു. വര്‍ഷംതോറും രാമു കാര്യാട്ടിന്‍റെ പേരില്‍ പുരസ്കാരങ്ങള്‍ നല്‍കുവാന്‍ നേതൃത്വം നല്‍കി.

കഴിഞ്ഞ നാലഞ്ചുവര്‍ഷങ്ങളായി കാര്യാട്ട് അവാര്‍ഡ് നല്‍കാനാവാത്തതില്‍ അദ്ദേഹം ദുഃഖിതനുമായിരുന്നു. സമീപകാലത്ത് ഭരതന്‍ ഫൗണ്ടേഷന്‍റെ പ്രവര്‍ത്തനങ്ങളില്‍ സജീവപങ്കാളിയായിരുന്നു.

വൈക്കം മുഹമ്മദ് ബഷീറിന്‍റെ ആത്മസുഹൃത്തായിരുന്ന പരമേശ്വരന്‍ നായരെ ബഷീര്‍ പലപ്പോഴും പല കഥകളിലും കാരിക്കേച്ചര്‍ ചെയ്തിരുന്നു. ബഷീര്‍ രചനയായിരുന്ന ഭാര്‍ഗവീനിലയത്തില്‍ ചെറിയൊരു വേഷത്തില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. സുഹൃത്തുക്കള്‍ക്കും ശിഷ്യഗണങ്ങള്‍ക്കും എന്നും പ്രിയങ്കരനായ “പരമുവണ്ണ’നായിരുന്നു അദ്ദേഹം. വ്യക്തിപരമായി എനിക്ക് ജ്യേഷ്ഠസുഹൃത്തും.

ആ വിയോഗം അപ്രതീക്ഷതമെന്നു പറയുവാന്‍ വയ്യ. എങ്കിലും മനസു സന്ദേഹങ്ങള്‍ കൊണ്ടു കലമ്പുമ്പോള്‍ ഒരു സാന്ത്വനത്തിനായി ഓടിയണയുവാന്‍ ഒരഭയകേന്ദ്രമുണ്ടായിരുന്നതു നഷ്ടപ്പെടുകയാണ് ഈ വേര്‍പാടില്‍.

ആ സുമനസിന്‍റെ ഊഷ്മളത വേണ്ടുവോളം നുകരുവാന്‍ ലഭിച്ച നിമിഷങ്ങളുടെ ഒരിക്കലും മരിക്കാത്ത ഓര്‍മയില്‍ ഞാനറിയുന്നു, അതെത്ര കനത്ത നഷ്ടമാണെന്ന്.

സ്വസ്തി!
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code