അനൂപ് മോഹന്‍
സലിംകുമാര്‍. കെ. ജി. കെ മേനോന്‍,
9 ഡി,
പറവൂര്‍ ബോയ്സ് സ്കൂള്‍.
ഒരൊമ്പതാം ക്ലാസുകാരന്‍ തന്‍റെ നോട്ടു ബുക്കിലെ നെയിംസ്ലിപ്പില്‍ ഇങ്ങനെ എഴുതിയിരുന്നു. ബാലചന്ദ്രമേനോനെ അനുകരിച്ച് തലേക്കെട്ടുമായി നടന്ന പറവൂര്‍ക്കാരന്‍ പയ്യന്‍. അവന്‍റെ ഓര്‍മകളില്‍ ഇപ്പോഴും ബാലചന്ദ്രമേനോനോടുള്ള ആരാധന നിറയുന്ന പുസ്തകത്താളുണ്ട്. പക്ഷേ ഇന്ന് മലയാളി ഈ പയ്യനെ അറിയാന്‍ മേല്‍വിലാസം വേണ്ട. സലിംകുമാര്‍, പറവൂരിന്‍റെ ഗ്രാമവഴികളിലൂടെ നടന്നുവളര്‍ന്ന വലിയ കണ്ണുള്ള പയ്യന്‍. ജീവിതത്തിന്‍റെ ദുരിതക്കടലുകള്‍ താണ്ടി മലയാള സിനിമയിലേക്ക് നീന്തിക്കയറുകയായിരുന്നു സലിംകുമാര്‍. മോഹങ്ങള്‍ മേല്‍ക്കൂര മേഞ്ഞ വീട്ടിലിരുന്ന്, ലാഫിങ് വില്ലയിലിരുന്ന്, സലിംകുമാര്‍ ഓര്‍മകള്‍ നെയ്തു ചേര്‍ക്കുന്നു, ചിരിയുടെ പട്ടുനൂലിഴ ചേര്‍ത്ത്.
പറവൂര്‍ ബോയ്സിലെ ബാലചന്ദ്രമേനോന്‍' കണക്കിനോട് പടവെട്ടി പത്താം ക്ലാസ് കടന്ന അഹങ്കാരത്തോടെ ചെന്നെത്തുന്നത് മാല്യങ്കര എസ്.എന്‍.എം കോളെജില്‍. പ്രീഡിഗ്രിക്ക് സെക്കന്‍റ് ഗ്രൂപ്പെടുക്കുമ്പോള്‍, സലിംകുമാര്‍ കരുതിയിരുന്നതു സെക്കന്‍റ് ഗ്രൂപ്പില്‍ കണക്കില്ലെന്നാണ്.
കണക്കുകൂട്ടലുകള്‍' തെറ്റിയെങ്കിലും ആശ്വാസത്തിന് വകയുണ്ടായി. ബോയ്സ് സ്കൂളിന്‍റെ വരള്‍ച്ചയില്‍ നിന്ന് മിക്സഡ് കോളെജിന്‍റെ വസന്തത്തിലേക്ക്. സലിംകുമാറിന്‍റെ ഭാഷയില്‍ പറഞ്ഞാല്‍ സോമാലിയക്കാര്‍ ചക്കപ്പുഴുക്ക് കണ്ടപോലെ''
കോളെജിലും മിമിക്രി ആയിരുന്നു ആയുധം. പലരുടെയും ശബ്ദം അനുകരിച്ച് വൈകീട്ട് വീട്ടിലെത്തുമ്പോള്‍, ശബ്ദം തൊണ്ടയുടെ അതിര്‍ത്തി കടന്നിട്ടുണ്ടാകും. വീട്ടില്‍ നിന്നു തരുന്ന നാല്‍പ്പതു പൈസയുടെ തടസമൊഴിച്ചാല്‍, ഈ കോളെജ് കുമാരന്‍റെ പോക്കറ്റിലൂടെ കാറ്റിന് യഥേഷ്ടം കയറിയിറങ്ങാം. എന്നാല്‍ പറവൂര്‍-കൊടുങ്ങല്ലൂര്‍ റൂട്ടിലെ ബസുകളില്‍ സലിംകുമാറിന് ഫ്രീ യാത്രയായിരുന്നു. ടിക്കറ്റിനൊപ്പം പ്രണയം കൈമാറിയ കണ്ടക്റ്റര്‍മാര്‍ക്കും, കിളിയെന്ന ഓമനപ്പേരുള്ള പൂവാലന്‍മാര്‍ക്കും സലിംകുമാര്‍ ഹംസമായിരുന്നു. കൂട്ടുകാരികളുടെ പ്രണയലേഖനം കൈമാറുന്ന അഞ്ചലോട്ടക്കാരന്‍. ഒരിക്കല്‍ ഒരു ബസ് ഓട്ടം നിര്‍ത്തിയപ്പോള്‍ മൂന്ന് കൂട്ടുകാരികള്‍ ആത്മഹത്യക്ക് ശ്രമിച്ചെന്ന് സലിംകുമാര്‍.
ലളിതഗാനത്തില്‍ പയറ്റിത്തെളിയാനായിരുന്നു ആദ്യശ്രമം. അത്ര ലളിതമല്ലെന്ന് മനസിലായപ്പോള്‍ ശ്രമം ഉപേക്ഷിച്ചു. അനുകരണകലയുടെ ആദ്യകാലം എളുപ്പമായിരുന്നില്ല. സ്വന്തമായി ടേപ്പ് റെക്കോഡറോ, ടിവിയോ ഇല്ല. അനുകരിക്കണമെങ്കില്‍ നേരിട്ട് കണ്ടു പഠിക്കണം. ഗൗരിയമ്മയുടെ ശബ്ദം പഠിക്കാന്‍ സലിംകുമാര്‍ മൂത്തകുന്നം മുതല്‍ കൂത്താട്ടുകുളം വരെ പത്തോളം യോഗസ്ഥലങ്ങളില്‍ സഞ്ചരിച്ചു. കൂത്താട്ടുകുളമെത്തിയപ്പോള്‍ ശബ്ദം സ്വന്തമാക്കിയ സന്തോഷത്തോടെ മടക്കം.
ഡിഗ്രി പഠനത്തിനായി എറണാകുളം മഹാരാജാസ് കോളെജിലെത്തിയപ്പോഴേക്കും സലിംകുമാര്‍ താരമായിക്കഴിഞ്ഞിരുന്നു. കോമിക്കോള, സിനിമാല തുടങ്ങിയ പരിപാടികളിലൂടെ. അമല്‍ നീരദ്, ബിജു നാരായണന്‍, സിന്ധു ജോയ് തുടങ്ങിയവര്‍ കോളെജിലെ സമകാലികര്‍. കോളെജില്‍ പെയ്ന്‍റിങ് മത്സരം നടക്കുന്നു. ചിത്രം വരയ്ക്കുന്ന എല്ലാവരുടെയും ചുറ്റും കാഴ്ച്ചക്കാര്‍. ഒരു പെണ്‍കുട്ടി മാത്രം ഒറ്റയ്ക്കിരുന്ന് വരയ്ക്കുന്നു. സലിംകുമാര്‍ ആ കുട്ടിയുടെ അടുത്തെത്തി ആശ്വസിപ്പിച്ചു
മോള് നന്നായി വരച്ചു പഠിക്കണം, നല്ല ചിത്രങ്ങള്‍ വരച്ചാല്‍, മോളുടെ ചുറ്റും ഒരുപാടു പേരുണ്ടാകും ''. ആ പെണ്‍കുട്ടി ചിത്രങ്ങള്‍ വരച്ചു പഠിച്ചോ എന്നറിയില്ല. പിന്നീടവളെ കണ്ടത് അഭ്രപാളികളില്‍, ജ്യോതിര്‍മയി.
പുതിയ വീട്ടിലിരുന്ന്, അമ്മ കൗസല്യയുണ്ടായിരുന്ന പഴയ വീടിന്‍റെ ഓര്‍മയുടെ ഊഷ്മളതയിലേക്ക്. പറമ്പിലൂടെ വൈദ്യുത ലൈന്‍ വലിച്ചതു സംബന്ധിച്ചു കെഎസ്ഇബിയുമായി ഒരു കേസുണ്ടായിരുന്നു. നഷ്ടപരിഹാരമായി അഞ്ചു ലക്ഷം രൂപ കിട്ടുമെന്നായിരുന്നു അമ്മയുടെ പ്രതീക്ഷ. ആ പണത്തിന് വീട് പുതുക്കിപ്പണിയണമെന്ന മോഹമായിരുന്നു അമ്മയ്ക്ക്. എന്നാല്‍ ഇരുപതിനായിരം രൂപ മാത്രമായിരുന്നു ലഭിച്ചത്. നല്ല വീടെന്ന അമ്മയുടെ മോഹത്തിന് തികയില്ലായിരുന്നു, ആ തുക. അപ്പോഴേക്കും മോഹങ്ങള്‍ ബാക്കിയാക്കി അമ്മയും മറഞ്ഞിരുന്നു. ലാഫിങ് വില്ലയിലെ ഗൃഹനാഥന്‍റെ കണ്ണുകളില്‍ നനവ് പെയ്തിറങ്ങുമ്പോള്‍, പുറത്ത് മഴ തകര്‍ത്തു പെയ്യുകയായിരുന്നു.
പ്രണയം, വിവാഹം. കല്യാണം കഴിഞ്ഞ് പിറ്റേദിവസം സലിംകുമാര്‍ സിനിമാനടനായി. ചിത്രം ഇഷ്ടമാണ് നൂറുവട്ടം. അഭ്രപാളികളുടെ ഇടവഴികളിലെ സാന്നിധ്യം പോലെ കുറെ ചിത്രങ്ങളായിരുന്നു പിന്നീട്. ബ്രേക്കായത് തെങ്കാശിപ്പട്ടണം. എന്നാല്‍ ഇയാള് കുഴപ്പമില്ലല്ലോ എന്ന് സ്വയം തോന്നിത്തുടങ്ങിയത് രാപ്പകല്‍ മുതല്‍. മലയാളി ആര്‍ത്തുചിരിച്ച പല ഡയലോഗുകളിലും സലിംകുമാറിനുമുണ്ട് അവകാശം.
ഇതിപ്പോ പരമശിവന്‍റെ മുടി വെട്ടാന്‍ വന്ന ബാര്‍ബര്‍ പാമ്പ് കൊത്തി ചത്തു എന്ന് പറഞ്ഞ പോലെയായല്ലോ'' കല്യാണരാമനിലെ ഡയലോഗ് സലിംകുമാര്‍ ഡബ്ബിങ് വേളയില്‍ കൈയില്‍ നിന്നിട്ടത്. ചതിക്കാത്ത ചന്തുവില്‍ കൊട്ടാരത്തിലെ വലിയ ചിത്രം നോക്കി പറയുന്നു.
ഇത് തിരുവിതാംകൂറ് വാണിരുന്ന മഹാരാജാവാ, പേര് ശശി''. ലോകത്തിലെ ഏതെങ്കിലും രാജാവിന് ശശിയെന്ന് പേരുണ്ടാകുമോ? സംശയം സലിംകുമാറിനും. സ്നേഹപൂര്‍വമായ നിര്‍ബന്ധങ്ങള്‍ക്ക് വഴങ്ങി ഇഷ്ടമില്ലാത്ത പല രംഗങ്ങളിലും അഭിനയിക്കേണ്ടി വന്നിട്ടുണ്ടെന്ന് സലിംകുമാര്‍ സമ്മതിക്കുന്നു.
അനുഭവങ്ങള്‍ അക്ഷരങ്ങളിലേക്ക് പകര്‍ത്തുകയാണ് സലിംകുമാര്‍. ഏറെക്കുറെ പൂര്‍ത്തിയായിക്കഴിഞ്ഞ പുസ്തകത്തിന്‍റെ പേര്
ഈശ്വരാ വഴക്കില്ലല്ലോ''. ഷോക്കേസിലെ പ്രദര്‍ശനവസ്തുവല്ല സലിംകുമാറിനു പുസത്കങ്ങള്‍. അക്ഷരങ്ങളുടെ ലഹരി ഒരു ഹോബിയെന്ന പേരില്‍ പുറംലോകമറിയേണ്ട അഹങ്കാരമല്ല സലിംകുമാറിന്, വായന ഒരു സ്വകാര്യസന്തോഷം. വീടുപണി കഴിഞ്ഞ വീട്ടുകാരന്‍റെ പരാതികളും, കഠിനാധ്വാനത്തിന്‍റെ കഥകളും നിറയുന്ന വാക്കുകള്‍. ആശയങ്ങള്‍ ഒരുപാടുള്ളതിനാല്‍ വീടുപണി തീരാന്‍ അഞ്ചു വര്‍ഷമെടുത്തു. ഒടുവില്‍ മേയ് പതിനഞ്ചിന് വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുന്നതു പോലെ, വീടു പണി നിര്‍ത്തുമ്പോള്‍, ആശയങ്ങള്‍ ബാക്കിയായിരുന്നു.
ഭാര്യ സുനിതയ്ക്കും മക്കള്‍ ആരോമലിനും ചന്തുവിനുമൊപ്പം ലാഫിങ് വില്ലയിലെ ഗൃഹനാഥന്‍, കടലോളം ആഴമുള്ള അനുഭവങ്ങളുടെ സമ്പാദ്യമുള്ളവന്‍, വെള്ളിത്തിരയിലെ തമാശക്കാരന്‍, അക്ഷരങ്ങളെയും എഴുത്തിനെയും ഇഷ്ടപ്പെടുന്ന സഹൃദയന്‍... ഒരു നടന്‍ അഭിനയിക്കാന്‍ ആഗ്രഹിക്കുന്ന എത്രയോ നല്ല വേഷങ്ങളില്‍, സലിംകുമാര്‍ ചമയങ്ങളില്ലാതെ ജീവിക്കുന്നു.
Close...
Maximum Character Allowed -
4000