യൂറോപ്യന്‍ രാജ്യമായ എസ്തോണിയയില്‍ നിന്ന് കേരളത്തിന്‍റെ അത്ലറ്റിക്സ് ട്രാക്കിനെ ഹരം പിടിപ്പിക്കുന്ന വാര്‍ത്ത. ലോക സ്കൂള്‍ അത്ലറ്റിക്സില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യാക്കാരന്‍, കേരളത്തില്‍ നിന്ന്. കോതമംഗലം സെന്‍റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ചുണക്കുട്ടി ബിനീഷ് കെ. ഷാജി 200 മീറ്ററില്‍ വെള്ളി മെഡല്‍ നേടി. ലോക സ്കൂള്‍ മീറ്റില്‍ ഇതാദ്യമാണ് ഇന്ത്യ മെഡല്‍ നേടുന്നത്.
ഈ കാള്‍ ലൂയിസ് ആരാധകന്‍ കഴിഞ്ഞ നാലുവര്‍ഷമായി സബ് ജൂനിയര്‍ തലത്തിലും സ്റ്റേറ്റ്, നാഷണല്‍ ലെവലുകളിലും ചാമ്പ്യനാണ്. 200 മീറ്റര്‍ ഓട്ടത്തില്‍ 21.99 സെക്കന്‍റില്‍ നാഷണല്‍ റെക്കോഡും ബിനീഷിന്‍റെ പേരിലാണ്. ട്രാക്കില്‍ ഓള്‍ റൗണ്ടറാണ് ബിനീഷ്. 100 മീറ്റര്‍, ലോങ്ജംപ്, ഹൈജംപ്, റിലേ...ഇങ്ങനെ കാലുകുത്തിയ ഇനങ്ങളിലെല്ലാം ബിനീഷ് മെഡലുകള്‍ വാരിക്കൂട്ടി.
സബ് ജൂനിയര്‍ വിഭാഗത്തില്‍ സെന്‍റ് ജോര്‍ജിന്‍റെ താരമായി ആദ്യമായി ട്രാക്കിലിറങ്ങി 100 മീറ്ററിലും 200 മീറ്ററിലും 4-100 മീറ്റര്‍ റിലേയിലും സ്വര്‍ണമണിയുമ്പോള്‍ ബിനീഷ് ഒരു മുന്നേറ്റത്തിനു തുടക്കം കുറിക്കുകയായിരുന്നു. പാലക്കാട്ടെ സംസ്ഥാന മീറ്റില്‍ സബ്ജൂനിയര്‍ വ്യക്തിഗത ചാമ്പ്യന്‍പട്ടവും ബിനീഷിനു സ്വന്തം. മുംബൈ നാഷണല്‍ സ്കൂള്‍ അത്ലറ്റിക് മീറ്റില്‍ കേരളത്തിനായി മത്സരിച്ച മൂന്നിനങ്ങളിലും സ്വര്‍ണവുമായാണു ബിനീഷ് മടങ്ങിയത്.
2007ലെ കോട്ടയം സ്കൂള്‍ മീറ്റിലാണ് ബിനീഷ് ആദ്യമായി 100 മീറ്ററിലും ലോങ്ജംപിലും ഇറങ്ങിയത്. രണ്ടിലും രണ്ടാം സ്ഥാനത്തെത്താനേ കഴിഞ്ഞുള്ളൂ. എന്നാല്‍ ചാലക്കുടിയില്‍ ജൂനിയര്‍ വിഭാഗം ആണ്‍കുട്ടികളിലെ വ്യക്തിഗത ചാംപ്യന്‍പട്ടം സ്വന്തമാക്കി ബിനീഷ് ശക്തമായി തിരിച്ചു വന്നു. ഇന്ത്യന്‍ ജഴ്സിയണിഞ്ഞ് ഒരു മെഡല്‍ സ്വന്തമാക്കുകയാണ് തന്‍റെ ഏറ്റവും വലിയ ആഗ്രഹമെന്ന് അന്ന് ബിനീഷ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. 100 മീറ്ററില്‍ 11.18 സെക്കന്‍റും ലോങ്ജംപില്‍ 6.79 മീറ്ററുമാണ് ബിനീഷിന്‍റെ മികച്ച പ്രകടനം.
അച്ഛന്‍ ടി.കെ. ഷാജിയുടെ സ്പോര്‍ട്സ് ആവേശം പകര്‍ന്നു കിട്ടിയ ബിനീഷ് ചെറുപ്പത്തില്‍ത്തന്നെ നിരവധി കായിക മത്സരങ്ങളില്‍ പങ്കെടുത്തിരുന്നു. എന്നാല്‍ മികച്ച ഒരു പരിശീലകന്‍റെ അഭാവം മകനെ ബാധിക്കുമോ എന്ന് ഷാജിയ്ക്കു സംശയം. എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ മകനെ കോതമംഗലം സെന്‍റ് ജോര്‍ജ് സ്കൂളില്‍ ചേര്‍ത്തു. രാജു പോളിനു ശിഷ്യപ്പെട്ടു. കട്ടപ്പന കുന്തളം പാറയില്‍ നിന്നു നാലു വര്‍ഷം മുന്‍പാണ് ഷാജിയും കുടുംബവും കോതമംഗലത്തെത്തിയത്. കായിക രംഗത്ത് മികവു കാട്ടുന്ന ബിനീഷ്, മികച്ച പരിശീലനത്തിനായിട്ടാണ് സെന്‍റ് ജോര്‍ജ് സ്കൂളില്‍ ചേര്‍ന്നത്. കുത്തുകുഴി വായനശാലപ്പടി കാഞ്ഞിരക്കാട്ടി വീട്ടില്‍ ഷാജിയുടേയും ബീനാ മോളുടേയും മകനാണ് ബിനീഷ്. ഏക സഹോദരി, വിസ്മയ.
Close...
Maximum Character Allowed -
4000