Thursday, February 09, 2012   2:42 PM IST
Supplements
Home>> Headlines
Latest News
ഇനി എങ്ങോട്ട്?
Monday, July 13, 2009
|
|
|
എം ജയചന്ദ്രന്‍

പ്രസ്ഥാനത്തിനും സഹപ്രവര്‍ത്തകനുമെതിരെ നടത്തിയ പോരാട്ടത്തിനു' സംഘടനാപരമായി കിട്ടിയ കണിശമായ തിരിച്ചടി. വിഎസിനെ പിബിയില്‍ നിന്നും പുറത്താക്കിയ സിപിഎം കേന്ദ്രകമ്മിറ്റി തീരുമാനത്തെ ഒറ്റവാചകത്തില്‍ ഇങ്ങനെയാണ് വിശേഷിപ്പിക്കേണ്ടത്.

തന്‍റെ താത്പര്യ സംരക്ഷണങ്ങള്‍ക്കും വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ക്കും വിഎസ് അണിയിച്ച മൂടുപടം മാത്രമാണ് അദ്ദേഹത്തിന്‍റെ അഴിമതി വിരുദ്ധ നിലപാടുകളെന്ന് കേന്ദ്ര കമ്മിറ്റിയും ഒടുവില്‍ കൃത്യമായി തിരിച്ചറിഞ്ഞു. ഇതിനി പറ്റില്ല എന്ന ഖണ്ഡിതമായ നിലപാടിന്‍റെ പ്രകാശനമാണ് ഈ നടപടി. മുതിര്‍ന്ന നേതാവും കേരളത്തിലെ പാര്‍ട്ടിക്ക് വലിയ സംഭാവനകള്‍ നല്‍കിയ വ്യക്തിയുമായ വിഎസ് മുഖ്യമന്ത്രിയും നേതാവും എന്ന നിലയ്ക്ക് പാര്‍ട്ടിയേല്‍പ്പിച്ച ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുമെന്ന് പ്രതീക്ഷിക്കുന്നതായും കേന്ദ്ര കമ്മിറ്റി ഇറക്കിയ കമ്മ്യൂണിക്കെയില്‍ പറയുന്നു. സന്ദേശം വ്യക്തം. പാര്‍ട്ടി അച്ചടക്കത്തിന് കീഴ്പ്പെട്ടു പാര്‍ട്ടിക്കുവേണ്ടി മുഖ്യമന്ത്രിയായി പ്രവര്‍ത്തിക്കാന്‍ സന്‍മനസ്സുണ്ടെങ്കില്‍ മാത്രം ഈ വലിയ നേതാവിന് ഇനിയും സിപിഎമ്മില്‍ സ്ഥാനമുണ്ട്.അതല്ല അച്ചടക്ക ലംഘനങ്ങള്‍ പതിവുപോലെ തുടരാനാണു നിശ്ചയമെങ്കില്‍ പുറത്തേക്കുള്ള വാതില്‍ ഇപ്പോഴെ തുറന്നിട്ടിരിക്കുന്നു.

അതി ശക്തമായ ഉള്‍പ്പാര്‍ട്ടി സമരത്തിനൊടുവില്‍ സിപിഎം കൈവരിച്ച അത്യന്തം നിര്‍ണായകമായ വിജയമാണിത്. കേരളത്തിലെ ബ്രാഞ്ച് കമ്മിറ്റികള്‍ മുതല്‍ സംസ്ഥാന സെക്രട്ടേറിയറ്റുവരെയുള്ള എല്ലാ സിപിഎം ഘടകങ്ങളും വലിയ പങ്കാണ് ഇക്കാര്യത്തില്‍ നിര്‍വഹിച്ചത്. ലാവലിന്‍ കേസിനെ രാഷ്ട്രീയ ആയുധമാക്കിയ വിഎസിന്‍റെ ഏക ലക്ഷ്യം പിണറായി വിജയനെ രാഷ്ട്രീയമായി ഇല്ലാതാക്കുക എന്നതുമാത്രമാണെന്ന് കേന്ദ്രകമ്മിറ്റി അംഗങ്ങള്‍ക്കാകെ തെളിമ യോ ടെ മനസ്സിലാക്കാനായി എന്നതാണ് സംസ്ഥാന ഘടകം പല തലങ്ങളില്‍ നടത്തിയ ഉള്‍പ്പാര്‍ട്ടി സമരത്തിന്‍റെ നെറ്റ് റിസള്‍ട്ട്. എന്തൊക്കെ അഭിപ്രായ ഭിന്നതകളുണ്ടെങ്കിലും അതാകെ മാറ്റിവച്ച് രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ ഒന്നിച്ചണിനിരക്കേണ്ട സന്ദര്‍ഭമാണ് തെരഞ്ഞെടുപ്പുകള്‍. എന്നാല്‍ ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് വേളയില്‍ യുഡിഎഫിന് ലാവലിന്‍ രാഷ്ട്രീയ ആയുധമാക്കാനായതത്രയും വിഎസ് അച്യുതാനന്ദന്‍റെ ചെലവില്‍.

സംസ്ഥാന മന്ത്രിസഭയിലെ പ്രമുഖനായൊരംഗം കേന്ദ്ര കമ്മിറ്റിയോഗത്തില്‍ ചോദിച്ചതിങ്ങനെ: സ്വന്തം സഹപ്രവര്‍ത്തകനും സംസ്ഥാന സെക്രട്ടറിയുമായ സഖാവിനെതിരെ മെനഞ്ഞ അഴിമതിയാരോപണം കെട്ടുകഥയാണെന്ന് ഇതു പ്രചരിപ്പിക്കുന്ന വിഎസിന് നന്നായി അറിയാം. യുഡിഎഫ് ഇത് തെരഞ്ഞെടുപ്പില്‍ പ്രചാരണായുധമാക്കുമെന്ന് അറിഞ്ഞുതന്നെയാണ് വിഎസ് ഈ കെട്ടുകഥ പ്രചരിപ്പിച്ചത്. പാര്‍ട്ടിയുടെ ഒന്നാംനിര നേതാക്കളില്‍ പ്രധാനിയായൊരാള്‍ പ്രസ്ഥാനത്തെ തോല്‍പ്പിക്കാന്‍ ശ്രമിക്കുന്ന തര ത്തില്‍ പരസ്യമായ നിലപാട് സ്വീകരിക്കുകയാണ്. അദ്ദേഹത്തിന്‍റെ ആശീര്‍വാദത്തോ ടെ മറ്റുചില പ്രശ്നങ്ങളുന്നയിച്ച് ഘടകകക്ഷികളില്‍ ചിലരും. തെരഞ്ഞെടുപ്പില്‍ വോട്ടുകളാണ് പ്രധാനം. അതുകൊണ്ട് പാര്‍ട്ടിയോടും എല്‍ഡിഎഫിനോടും ആഭിമുഖ്യമുള്ള ചിലരേയും കൂടെകൂട്ടാന്‍ കേരളത്തില്‍ പാര്‍ട്ടിക്ക് നിലപാട് സ്വീകരിക്കേണ്ടി വന്നു. എന്നാല്‍ മാധ്യമങ്ങളെ കൂട്ടുപിടിച്ച് അതും വിവാദമാക്കി യുഡിഎഫിന് അനുകൂലമായ സാഹചര്യം രൂപപ്പെടുത്താനും പാര്‍ട്ടിയെ തോല്‍പ്പിക്കാനും ശ്രമിക്കുകയായിരുന്നു പിബി അംഗമായ മുഖ്യമന്ത്രി ചെയ്തത്.

1998ല്‍ പാലക്കാട് സമ്മേളനത്തില്‍ നടന്ന വെട്ടിനിരത്തലി നു ശേഷം 2002ലെ കണ്ണൂര്‍ സംസ്ഥാന സമ്മേളനം മുതലാണ് വിഭാഗീയതയുടെ വേരറുക്കാനുള്ള ശ്രമങ്ങള്‍ സിപിഎം സംസ്ഥാന ഘടകത്തില്‍ ഊര്‍ജിതമായത്. ഇതിനു നേതൃത്വം നല്‍കിയത് പിണറായി വിജയനും. പക്ഷേ 2005ലെ മലപ്പുറം സമ്മേളന ത്തി ല്‍ 12 പേരെ മത്സരത്തിനിറക്കിക്കൊണ്ട് പാര്‍ട്ടി പിടിച്ചെടുക്കാനുള്ള ശ്രമങ്ങള്‍ തങ്ങള്‍ കൈവിടില്ലെന്ന് വിഎസ് പക്ഷം നിലപാട് വ്യക്തമാക്കി. 2008ലെ കോട്ടയം സംസ്ഥാന സമ്മേളനത്തില്‍ പക്ഷേ വിഭാഗീയമായ ഒരു മുന്നേറ്റത്തിനും പഴുതു കിട്ടിയില്ല. കോട്ടയം സമ്മേളനത്തിലെ ചര്‍ച്ചയില്‍ പങ്കെടുത്ത 53ല്‍ 38 പേരും വിഎസിന്‍റെ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അക്കമിട്ടെണ്ണിയ നിശിത വിമര്‍ശനമാണു നടത്തിയത്. അന്നത്തെ ചര്‍ച്ചയ്ക്ക് മറുപടിയായി അച്യുതാനന്ദന്‍ പറഞ്ഞതിങ്ങനെ: എനിക്കു ചില തെറ്റുകള്‍ പറ്റി, നിങ്ങള്‍ ഉന്നയിച്ച വിമര്‍ശനങ്ങള്‍ ഉള്‍ക്കൊണ്ട് പറ്റിയ തെറ്റുകള്‍ ഇനി തിരുത്തുമെന്നു സംസ്ഥാന സമ്മേളന പ്രതിനിധികള്‍ക്ക് ഞാന്‍ ഉറപ്പുനല്‍കുന്നു എന്നാണ്.

എന്നാല്‍ തെറ്റുകള്‍ തിരുത്തുന്നതിനു പകരം കൂടുതല്‍ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളാണ് ഇദ്ദേഹത്തില്‍ നിന്നു പിന്നീടുണ്ടായത്. അവസാനം കഴിഞ്ഞ വര്‍ഷം ഒടുവില്‍ ചേര്‍ന്ന സിപിഎം സംസ്ഥാന കമ്മിറ്റിയോഗത്തി ല്‍ മുഖ്യമന്ത്രിക്കെതിരേ ശക്തമായ അച്ചടക്ക നടപടി വേണമെന്ന് ആവശ്യപ്പെട്ടു പ്രമേയം പാസാക്കി യോഗത്തിന്‍റെ മിനിറ്റ്സ് ഉള്‍പ്പെടെ പിബിക്കു നല്‍കി. ഈവര്‍ഷം ജനുവരിയിലും ജൂണിലുമായി രണ്ടുപ്രാവശ്യം സംസ്ഥാന സെക്രട്ടേറിയറ്റും ഇതേ ആവശ്യം ഉന്നയിച്ചു പ്രമേയം പാസാക്കി കേന്ദ്ര നേതൃത്വത്തിനു നല്‍കി.

വ്യക്തി, ഘടകത്തിനും; കീഴ്ഘടകം മേല്‍ഘടകത്തിനും; ന്യൂനപക്ഷം ഭൂരിപക്ഷത്തി നും കീഴ്പ്പെട്ടു പ്രവര്‍ത്തിക്കണമെന്ന ലെനിനിസ്റ്റ് സംഘടനാ തത്വം അനേകം തവണയാണ് വിഎസ് ലംഘിച്ചത്. തന്‍റെ ഒറ്റയാന്‍ ശൈലി പാര്‍ട്ടിക്ക് ഏല്‍പ്പിച്ചുകൊണ്ടിരുന്ന ആഘാതങ്ങളുടെ ആഴം അറിഞ്ഞും അത് ആസ്വദിച്ചും വിഎസ് ആ ശൈലിയില്‍തന്നെ ആണ്ടുമുങ്ങി. എപ്പോഴും അദ്ദേഹം പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്നത് കൂട്ടുത്തരവാദിത്വം എന്ന സംഘടനാ ശൈലിയുടെ നേര്‍ വിപരീതങ്ങള്‍ മാത്രം.

ഇനിയെങ്ങോട്ട്? പിബിയില്‍ നിന്നും പുറത്താക്കപ്പെട്ട മുഖ്യമന്ത്രി അപമാനിതനായി തുടരാതെ മുഖ്യമന്ത്രി പദവും പാര്‍ട്ടി അം ഗത്വവും രാജിവച്ചു പുറത്തുവരണമെന്നാണ് ചാനല്‍ വിചാരിപ്പുകാരുടെയും വിഎസ് അനുകൂലികളായി ചമയുന്നവരുടെയും താത്പര്യം. പക്ഷേ, വിഎസ് അച്യുതാനന്ദനെ മനസ്സിലാക്കിയിട്ടുള്ളവര്‍ക്കെല്ലാമറിയാം, അധികാരക്കസേര കൈവിട്ടു പോകുന്ന ഒരു കളിക്കും വിഎസിനെ കിട്ടില്ലെന്ന്. അതുകൊണ്ടുതന്നെയാണ് ഇന്നലെ വൈകിട്ട് ഡല്‍ഹിയില്‍നിന്ന് കേരളത്തിലേക്ക് തിരിക്കുന്നതിനു തൊട്ടുമുന്‍പു പാര്‍ട്ടി തീരുമാനത്തെപ്പറ്റി മാധ്യമപ്രവര്‍ത്തകരോട് അദ്ദേഹം, സെന്‍ട്രല്‍ കമ്മിറ്റി തീരുമാനം ഞാന്‍ അംഗീകരിക്കുന്നു എന്നു പ്രതികരിച്ചത്.



|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code