Tuesday, February 09, 2010   5:41 PM IST
Supplements
Home>> News>> Kerala News
Kerala News
ചേട്ടനെ തല്ലിയാല്‍ അനിയനെയും തല്ലണം
Monday, July 13, 2009
|
|
|
വി. റെജികുമാര്‍

ചേട്ടന്‍ കുറ്റം ചെയ്താലും അനിയന്‍ കുറ്റം ചെയ്താലും തല്ലുമ്പോള്‍ ചേട്ടനെയും അനിയനെയും തല്ലുന്ന മാതാപിതാക്കളുണ്ട്. ആരു കുറ്റം ചെയ്താലും രണ്ടുപേര്‍ക്കും തല്ലുകിട്ടും എന്നതു പുതുമയുമല്ല. ഒരു ബാല ന്‍സിങ് ആക്റ്റാണത്. അടി കിട്ടുന്നവനെ സമാശ്വസിപ്പിക്കാനുള്ള ഒരു തന്ത്രം, അടി കിട്ടാത്തവനു മുന്നറിയിപ്പും.

എന്നാല്‍, സിപിഎമ്മില്‍ ആണെങ്കില്‍ രണ്ടുപേരെയും തല്ലണമെന്നു കട്ടായം പറയുന്നവരുണ്ട്- ചില ചാനല്‍ വിശാരദന്മാര്‍! തെറ്റുചെയ്തതു വി. എസ്. അച്യുതാനന്ദന്‍ എന്ന നേതാവാണെങ്കില്‍ നടപടി പാടില്ല. അഥവാ, അങ്ങനെയുണ്ടായാല്‍ പിണറായി വിജയനെതിരേയും നടപടിയെടുക്കണം! അതാണു ചേട്ടനെയും അനിയനെയും തല്ലുന്ന ബാലന്‍സിങ് രീതി. ചില മാധ്യമങ്ങളുടെയും ചാനല്‍ ചര്‍ച്ചാവിദഗ്ധരുടെയും എഴുത്തു ജീവനോപാധിയാക്കിയ സിന്‍ഡിക്കറ്റുമാരുടെയും ആഗ്രഹമനുസരിച്ചുള്ള നടപടി. അതാണ് ഇന്നലെ നടക്കാതെ പോയത്. പിണറായിക്കെതിരേയും നടപടിയെടുത്താല്‍ തൃപ്തിയാകുന്ന രോഷമേയുള്ളൂ ഇവര്‍ക്കൊക്കെ.

ഇനി അഴിമതിക്കാര്യം. പിണറായി അഴിമതി നടത്തി എന്ന് ആരോപണം. അതു കോടതിയുടെ പരിഗണനയില്‍. അതുകൊണ്ടു പിണറായിക്കെതിരേ പാര്‍ട്ടി നടപടിയെടുക്കണമെന്നാണോ? അങ്ങനെയാണോ ഈ രാജ്യത്തെ നയം, കീഴ്വഴക്കം? രാജീവ് ഗാന്ധിയെ, അഡ്വാനിയെ, കരുണാകരനെ, ജയലളിതയെ, ലാലുപ്രസാദ് യാദവിനെ, ബാലകൃഷ്ണപിള്ളയെ, കുഞ്ഞാലിക്കുട്ടിയെ.... അവരെ അവരുടെ പാര്‍ട്ടി ഏതെങ്കലും കേസിന്‍റെ പേരില്‍ പുറത്താക്കിയിരുന്നോ? അവരെല്ലാം കേസ് നടത്തി, സുപ്രീം കോടതിവരെ. അതും പാര്‍ട്ടിച്ചെലവില്‍, ചിലര്‍ സര്‍ക്കാര്‍ ചെലവില്‍. ആരും ഇതൊന്നും ചോദ്യംചെയ്തിട്ടില്ല.

വിഎസ് എന്ന വെറും കേന്ദ്രകമ്മറ്റി അംഗത്തിന് എങ്ങനെ പിബി അംഗമായ കോടിയേരി ബാലകൃഷ്ണനെ മന്ത്രിസഭയില്‍ വച്ചുകൊണ്ടിരിക്കാനാവുമെന്ന ചര്‍ച്ചയും കൊഴുക്കുന്നുണ്ട്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഒരു കേന്ദ്രമന്ത്രിപോലുമല്ല. കോണ്‍ഗ്രസ് മെംബര്‍ഷിപ്പുണ്ടോ എന്നുപോലുമുറപ്പില്ലാത്ത മന്‍മോഹന്‍ സിങ് പ്രധാനമന്ത്രി സ്ഥാനത്ത്. വാജ്പേയി പ്രധാനമന്ത്രിയായപ്പോള്‍, അഡ്വാനി ഉപപ്രധാനമന്ത്രിയായിരുന്നപ്പോള്‍ ബിജെപി അധ്യക്ഷന്‍ വെങ്കയ്യ നായിഡു വെറും രാജ്യസഭാംഗം. അവര്‍ക്ക് അതൊക്കെയാവാം. വിഎസിനു കീഴില്‍ കോടിയേരി പാടില്ല, അല്ലെങ്കില്‍ കോടിയേരി ഉള്ളിടത്തു വിഎസ് പാടില്ല!

അതാണു പറയുന്നത് ഈ പാര്‍ട്ടിക്കുമുണ്ടു കാര്യമായ കുഴപ്പങ്ങള്‍. ചോദിക്കേണ്ടവ, ചെയ്യേണ്ടവ കൃത്യസമയത്തു ചോദിക്കില്ല, ചെയ്യില്ല. മാധ്യമങ്ങള്‍ പാര്‍ട്ടിയെ തകര്‍ക്കുന്നു എന്നു വിലപിക്കും. അതേസമയം തര്‍ക്കിക്കാന്‍ ചാനലുകളിലേക്കോ ടും. ചാനലിലൂടെ ഒരു പാര്‍ട്ടിയും വളര്‍ന്നിട്ടില്ല, തളര്‍ന്നിട്ടുണ്ടുതാനും. ചര്‍ച്ചകളില്‍ പങ്കെടുക്കുന്നവര്‍ കാര്യം വളച്ചുകെട്ടില്ലാതെ പറയുമോ, അതുമില്ല. പാര്‍ട്ടിയാണു വലുതെന്നും എതിരുനില്‍ക്കുന്നവര്‍ പുറത്താണെന്നും വ്യക്തമായി പറയാന്‍ ഇവര്‍ പരാജയപ്പെട്ടു.

വിഎസിനെ ഇവര്‍ ചെറുതായെങ്കിലും പേടിച്ചു എന്നു പറഞ്ഞാല്‍ തെറ്റില്ല. വിഎസ് അല്ല പാര്‍ട്ടി എന്നു പേരെടുത്തുപറഞ്ഞില്ല. ലാവലിനില്‍ വിരുദ്ധനിലപാടു വിഎസ് സ്വീകരിച്ചപ്പോഴൊന്നും നേതൃത്വം മിണ്ടിയതുമില്ല. അഴിമതിക്കെതിരേ പോരാടുമെന്നു വിഎസ് പറയുമ്പോള്‍ അതേതൊക്കെ എന്നു പാര്‍ട്ടി വ്യക്തതവരുത്തിയില്ല. അനുഭവിക്കുകതന്നെ. മുള്ളുകൊണ്ടെ ടുക്കേണ്ടതു പാര കൊണ്ടെടുക്കുകയാണിന്ന്. ഇതിനു കാരണമായത് എന്താണെന്നു വേണമെങ്കില്‍ പൊളിറ്റ് ബ്യൂറോ വരെ പോയി ചര്‍ച്ചചെയ്യാവുന്നതാണ്..!

എന്തായാലും, കേന്ദ്രകമ്മിറ്റി തീരുമാനം ശരിയായി എന്നു പറയാന്‍വയ്യ. വിഎസ് ഇനിയും മിണ്ടാതിരിക്കുമെന്നു കരുതുന്നവര്‍ മണ്ടന്മാരോ അങ്ങനെ നടിക്കുന്നവരോ ആണ്. മുഖ്യമന്ത്രിയാകുക എന്നത് അദ്ദേഹത്തിന്‍റെ ജീവിതാഭിലാഷമായിരുന്നു. ഗൗരിയമ്മയടക്കം വി.എസിനെ അടുത്തറിയുന്നവരൊക്കെ അക്കാര്യം തുറന്നുപറഞ്ഞിട്ടുമുണ്ട്. പിബി അംഗം, സിസി അംഗം എന്നതൊക്കെ വിഎസിനു മുഖ്യമന്ത്രിയാകാനുള്ള ചവിട്ടുപടികള്‍ മാത്രം. പാര്‍ട്ടിയില്‍നിന്നുതന്നെ പുറത്താക്കിയാലും സങ്കടം ലവലേശമുണ്ടാകില്ല. കാരണം, പാര്‍ട്ടിയെ പരസ്യമായി തുടര്‍ച്ചയായി വിമര്‍ശിക്കുന്ന ഒരാള്‍ക്കു പാര്‍ട്ടി പദവികളോടു ബഹുമാനമുണ്ടെന്നു കരുതാന്‍ ന്യായമില്ല. മുഖ്യമന്ത്രിസ്ഥാനത്തുനിന്നു നീക്കില്ല എന്ന അറിയിപ്പില്‍ സന്തുഷ്ടനാണദ്ദേഹം. ആ കസേര വിടാന്‍ വിഎസിനുവയ്യ, ഒപ്പമുള്ളവര്‍ അതിനനുവദിക്കുകയുമില്ല. രണ്ടുകൊല്ലമെങ്കില്‍ രണ്ടുകൊല്ലംകൂടി. ആ കസേരയുടെ തണലും സ്വാധീനവും അധികാരവും പലതിനും ആവശ്യമുള്ള ഒരുപാടുപേര്‍ ഉപഗ്രഹങ്ങളായി ക്ലിഫ് ഹൗസില്‍ ചുറ്റുമുണ്ട്.

|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code