യുദ്ധം അവസാനിച്ചു, തത്കാലത്തേക്കെങ്കിലും. വി.എസ്. അച്യുതാനന്ദന്‍ സിപിഎം പൊളിറ്റ് ബ്യൂറോയ്ക്കു പുറത്ത്. സ്വന്തം പാര്‍ട്ടിക്കെതിരേ പ്രവര്‍ത്തിച്ചതിനു വി.എസ് കടുത്ത ശിക്ഷ ക്ഷണിച്ചു വരുത്തി. ഇനി അറിയേണ്ടതു പാര്‍ട്ടിക്കും സഖാക്കള്‍ക്കുമെതിരേ പുതിയ പോര്‍മുഖം തുറക്കാന്‍ അദ്ദേഹത്തിനു കഴിയുമോ എന്നു മാത്രം. കാല്‍ നൂറ്റാണ്ടുകാലം സിപിഎം പൊളിറ്റ് ബ്യൂറോ അംഗമായിരുന്ന അച്യുതാനന്ദനെ പാര്‍ട്ടി കേന്ദ്ര കമ്മിറ്റി അംഗമായി തരംതാഴ്ത്തി. പാര്‍ട്ടി അച്ചടക്കത്തിനു വഴങ്ങി മുഖ്യമന്ത്രിയായി തുടരാന്‍ അനുമതി ലഭിച്ചതു വി.എസിന് ആശ്വാസം.
രണ്ടുദിവസം നീണ്ട മാരത്ത ണ്‍ ചര്‍ച്ചകള്‍ക്കു ശേഷമാണു പാര്‍ട്ടി പിബിയും കേന്ദ്ര കമ്മിറ്റിയും അതിനിര്‍ണായക തീരുമാ നം കൈക്കൊണ്ടത്. അമിത ര ക്തസമ്മര്‍ദം മൂലം ഇന്നലത്തെ കേന്ദ്ര കമ്മിറ്റിയോഗത്തില്‍ നി ന്നു വിട്ടുനിന്ന വി.എസിന്‍റെ അഭാവത്തിലായിരുന്നു അദ്ദേഹത്തിനെതിരേ കടുത്ത നടപടി എടുക്കാന്‍ പാര്‍ട്ടിയുടെ തീരുമാനം.
എസ്എന്‍സി ലാവലിന്‍ കേസില്‍ പാര്‍ട്ടി മുന്‍നിലപാടില്‍ മാറ്റമില്ല. കരാറുമായി ബന്ധപ്പെട്ട് അന്നത്തെ വൈദ്യുതി മന്ത്രിയും ഇപ്പോള്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയുമായ പിണറായി വിജയന്‍ അഴിമതി നടത്തിയിട്ടില്ലെന്നു പാര്‍ട്ടി വിലയിരുത്തി. പിണറായി വിജയനെതിരേ ഒരു നടപടിയും ആവശ്യമില്ലെന്നും പൊളിറ്റ് ബ്യൂറോയും കേന്ദ്ര കമ്മിറ്റിയും തീരുമാനിച്ചു. ലാവലിന്‍ കേസ് നിയമപരമായും രാഷ്ട്രീയമായും നേരിടും. കേന്ദ്ര കമ്മിറ്റി തീരുമാനം അംഗീകരിക്കുന്നതായി ഡല്‍ഹിയില്‍ നിന്നു തിരുവനന്തപുരത്തേക്കു മടങ്ങുംമുന്‍പ് കേരളഹൗസില്‍ വഴിതടഞ്ഞ മാധ്യമപ്രവര്‍ത്തകരോടു വി.എസ് പറഞ്ഞു. പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍, എം.എ. ബേബി, പാലോളി മുഹമ്മദ് കുട്ടി എന്നിവര്‍ കേരള ഹൗസിലെ മുറിയില്‍ അച്യുതാനന്ദനെ സന്ദര്‍ശിച്ചു.
പാര്‍ട്ടി തത്വങ്ങളും അച്ചടക്ക വും തുടര്‍ച്ചയായി ലംഘിക്കുക യും പാര്‍ട്ടിക്കെതിരേ പരസ്യ നിലപാടുകള്‍ സ്വീകരിക്കുകയും ചെയ്തു എന്നു കണ്ടെത്തിയതിനെത്തുടര്‍ന്നാണു തരംതാഴ്ത്തല്‍ നടപടി. പൊളിറ്റ് ബ്യൂറോ നിര്‍ദേശിച്ച അച്ചടക്ക നടപടി രണ്ടു ദിവസത്തെ പാര്‍ട്ടി കേന്ദ്ര കമ്മിറ്റി അംഗീകരിക്കുകയായിരുന്നു. മുന്‍പ് പിബിയില്‍ നിന്നു സസ്പെന്‍ഡ് ചെയ്യപ്പെട്ടിരുന്നെങ്കിലും അതിലെ താക്കീത് ഉള്‍ക്കൊണ്ടു സ്വയം തിരുത്താന്‍ വി. എസ് തയാറായില്ല. എന്നാല്‍, മുതിര്‍ന്ന നേതാവ് എന്ന നിലയില്‍ അച്യുതാനന്ദന്‍ കേരളത്തില്‍ പാര്‍ട്ടിക്കു നല്‍കിയ സംഭാവന കള്‍ പരിഗണിച്ച് അദ്ദേഹത്തെ കേന്ദ്ര കമ്മിറ്റിയില്‍ തുടരാന്‍ അനുവദിച്ചു.
മുഖ്യമന്ത്രി എന്ന നിലയില്‍ അദ്ദേഹത്തെ ഏല്‍പ്പിച്ച ചുമതലകള്‍ നിര്‍വഹിക്കുമെന്നു പ്രതീക്ഷിക്കുന്നതായും പാര്‍ട്ടി പുറപ്പെടുവിച്ച പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. അതായത്, പാര്‍ട്ടിയുടെ കര്‍ശന മേല്‍നോട്ടത്തില്‍ മാത്രം മുഖ്യമന്ത്രിസ്ഥാനത്തു തുടരാന്‍ വി.എസിന് അനുവാദം.
കേരളത്തിലെ സംഘടനാ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ഇക്കഴിഞ്ഞ നാല്, അഞ്ച് തീയതികളില്‍ പൊളിറ്റ് ബ്യൂറോ യോഗം കൂടിയിരുന്നു. പ്രശ്നത്തിന്‍റെ ഗൗരവം കണക്കിലെടുത്ത് വിഷയം കേന്ദ്ര കമ്മിറ്റിക്കുവിട്ടു. ശനി, ഞായര്‍ ദിവസങ്ങളില്‍ കൂടിയ കേന്ദ്ര കമ്മിറ്റിയാണു പൊളിറ്റ് ബ്യൂറോയുടെ റിപ്പോര്‍ട്ട് ശരിവച്ചതും ഗുരുതരമായ അച്ചടക്കലംഘനം നടത്തിയ അച്യുതാനന്ദനെ തരംതാഴ്ത്താന്‍ പൊളിറ്റ് ബ്യൂറോയ്ക്ക് അനുമതി നല്‍കിയതും.
ലോക്സഭാ തെരഞ്ഞെടുപ്പു പരാജയത്തിന്‍റെ കാരണങ്ങള്‍ വസ്തുനിഷ്ഠമായി ചര്‍ച്ച ചെയ്തു തെറ്റുകള്‍ തിരുത്താനും വിഭാഗീയതയ്ക്ക് അതീതമായി പാര്‍ട്ടി അണികളെ ഒപ്പം നിര്‍ത്തി മുന്നോട്ടു പോകാനും കേന്ദ്ര കമ്മിറ്റി സംസ്ഥാന നേതൃത്വത്തിനു നിര്‍ദേശം നല്കി. പാര്‍ട്ടി നേതൃത്വം ജനങ്ങള്‍ക്കിടയിലേക്കു കൂടുതല്‍ ഇറങ്ങി പ്രവര്‍ത്തിക്കണമെന്നും നിര്‍ദേശം.
അച്യുതാനന്ദനെതിരേ അച്ചടക്ക നടപടി സ്വീകരിക്കുന്നതിനും ലാവലിന്‍ കേസില്‍ സിബിഐ നടപടി നേരിടുന്നതിനും പൊളിറ്റ് ബ്യൂറോ സ്വീകരിക്കുന്ന നടപടികള്‍ക്കു കേന്ദ്ര കമ്മിറ്റി അംഗീകാരം നല്‍കി.
ഉച്ചയോടെ യോഗം പിരിഞ്ഞു. തുടര്‍ന്നു പി ബി അംഗം എം. കെ. പാന്ഥെ അച്ചടക്ക നടപടി തീരുമാനം മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു.
അരുണ്‍ ലക്ഷ്മണ്‍
Close...
Maximum Character Allowed -
4000