Wednesday, February 08, 2012   9:14 PM IST
Supplements
Home>> Vaartha Life>> Trendz
Trendz
റാംപില്‍ നിറയാന്‍ കേരളത്തിന്‍റെ സ്വന്തം മോഡലുകള്‍
Saturday, July 25, 2009
|
|
|
ശാരിക ശങ്കര്‍

ഫാഷന്‍ ലോകത്തു നിറഞ്ഞു നില്‍ക്കുന്ന മോഡലുകളുടെ കഥകള്‍ വാനോളം പാടുമ്പോള്‍, മലയാളത്തിന്‍റെ സ്വന്തം സുന്ദരന്മാരും സുന്ദരിമാരും റാംപില്‍ ചുവടുവയ്ക്കുന്നത് അധികമാരും അറിയുന്നില്ല. ഇന്‍റര്‍നാഷണല്‍ മോഡല്‍ ടോണി ലൂക്ക്, മിസ് ഇന്ത്യ വേള്‍ഡ് വൈഡ് 2009 ദീപ്തി വര്‍ഗീസ്, ഫോര്‍ഡ് സൂപ്പര്‍ മോഡല്‍ 2009 ഷെറിന്‍ സാം. പേരു കേള്‍ക്കുന്നതു പോലെ ഇവരെല്ലാം മലയാളികളാണ്. ഇവരെ അറിയുന്നവര്‍ കേരളത്തില്‍ ചുരുക്കമെങ്കിലും മോഡലിങ് രംഗത്തെ വിലയേറിയ പേരുകളാണ് ഇവരുടേത്. കിങ് ഫിഷര്‍ ഗുഡ് ടൈംസ് പാര്‍ട്ടിയില്‍ സംഘടിപ്പിക്കുന്ന ഫാഷന്‍ ഷോയില്‍ പങ്കെടുക്കാനാണ് ഇവര്‍ കൊച്ചിയിലെത്തിയത്. ആലപ്പുഴ നെഹ്റു ട്രോഫി വള്ളം കളിയോടനുബന്ധിച്ചാണ് ഗുഡ്ടൈംസ് പാര്‍ട്ടി ഒരുക്കുന്നത്.

ഷോയ്ക്കു മുന്നോടിയായുള്ള ഡ്രസ് റിഹേഴ്സലിനിടെ ഈ മലയാളി സൂപ്പര്‍മോഡലുകള്‍ മനസു തുറന്നു. ഒരു കരിയര്‍ ലഭിച്ചതു കേരളത്തിനു പുറത്തു നിന്നാണെങ്കിലും എന്നും മലയാള ഭാഷയെ സ്നേഹിക്കുന്നു ഇവര്‍ മൂവരും. എറണാകുളം ചോയ്സ് സ്കൂളില്‍ ഏഴാം ക്ലാസ് വരെ പഠിച്ച ടോണിയുടെ പിന്നീടുള്ള വിദ്യാഭ്യാസം കേരളത്തിനു പുറത്തായിരുന്നു. എന്‍ജിനിയറിങ് ബിരുദവും ബിരുദാനന്തര ബിരുദവും പൂര്‍ത്തിയാക്കിയ ശേഷമാണ് മോഡലിങ് തെരഞ്ഞെടുത്തത്. ഇന്ന് വര്‍ഷങ്ങള്‍ക്കു ശേഷം റാംപില്‍ നടക്കാന്‍ ടോണി എത്തുമ്പോള്‍ മനസ് നിറഞ്ഞ സന്തോഷം. കഴിഞ്ഞ വര്‍ഷത്തെ മിസ് കേരളാ മത്സരത്തിലെ വിധികര്‍ത്താക്കളില്‍ ഒരാളായും ടോണി എത്തി. തന്‍റെ ഒപ്പം ഡ്രസ് റിഹേഴ്സലിനെത്തിയ മോഡലുകളും മലയാളികളാണെന്നു പറയുമ്പോള്‍ ടോണിക്ക് അഭിമാനം.

ദീപ്തിക്ക് കരിയര്‍ മോഡലിങ്ങാണെങ്കിലും സിനിമയാണ് ലക്ഷ്യം. അതും മലയാളത്തനിമയുള്ള വേഷങ്ങള്‍ ലഭിച്ചാല്‍ അത്രയും സന്തോഷം. ഫാഷനും റാംപുമൊക്കെ മാറ്റിവച്ചാല്‍ താന്‍ ശരിക്കുമൊരു മലയാളി തന്നെയെന്ന് ദീപ്തി. ഷെറിനും അഭിപ്രായം മറിച്ചല്ല. ബംഗളൂരുവിലും കുവൈറ്റിലുമായി പഠനം പൂര്‍ത്തിയാക്കിയ ഷെറിന്‍ ആഗ്രഹിച്ചത് പൈലറ്റാവാന്‍. എന്നാല്‍ സൂപ്പര്‍മോഡല്‍ കോണ്‍ടസ്റ്റില്‍ വിജയിച്ചതോടെ ഷെറിന്‍റെ ലക്ഷ്യം തന്നെ മാറിപ്പോയി. റാംപും ലൈറ്റും ക്യാമറാ ഫ്ളാഷും ജീവിതത്തിന്‍റെ ഭാഗമായി.

മൂന്നു മലയാളി സൂപ്പര്‍മോഡലുകള്‍ക്കൊപ്പം ഇന്ന് റാംപിലെത്താന്‍ മറ്റൊരു താരം കൂടി, പ്രശസ്ത ടെലിവിഷന്‍ അവതാരക രഞ്ജിനി ഹരിദാസ്. മിസ് കേരള പട്ടം സ്വന്തമാക്കി ഏഴു വര്‍ഷത്തിനു ശേഷമാണ് രഞ്ജിനി റാംപിലെത്തുന്നത്. പുതിയതെന്തെങ്കിലും ചെയ്യാന്‍ എന്നും താല്‍പ്പര്യപ്പെടുന്ന രഞ്ജിനിയുടെ സ്വന്തം ഭാഷയില്‍ പറഞ്ഞാല്‍ ഇത് പുതിയ അവതാരം. ചെയ്യുന്നതു ശരിയല്ലെങ്കില്‍ ഇവിടെയുള്ളവര്‍ പെട്ടെന്നു പറയും. അതില്‍ കാര്യമുണ്ടെന്നു തോന്നിയാല്‍ വേണ്ടെന്നു വയ്ക്കും. എന്തായാലും ഫാഷന്‍ രംഗത്തെ പ്രൊമോട്ട് ചെയ്യാന്‍ എന്നും തയാറെന്ന് രഞ്ജിനി.

ഇന്ത്യന്‍ ഫാഷന്‍ രംഗത്തെ പ്രമുഖ ഡിസൈനര്‍മാരില്‍ ഒരാളായ ചൈതന്യാ റാവുവിന്‍റെ കലക്ഷന്‍ ധരിച്ചാണ് മോഡലുകള്‍ ഡ്രസ് റിഹേഴ്സലിനെത്തിയത്. ഇന്ന് ഹാര്‍ബര്‍ വ്യൂ ഹോട്ടലില്‍ അരങ്ങേറുന്ന ഫാഷന്‍ ഷോയില്‍ ചൈതന്യയ്ക്കു പുറമേ ഡിസൈനര്‍ അബ്ദുല്‍ ഹാല്‍ദറും സ്വന്തം കലക്ഷന്‍ അവതരിപ്പിക്കും. ഇരുവരും ഇതാദ്യമായാണ് കേരളത്തില്‍ ഒരു ഷോയില്‍ പങ്കെടുക്കുന്നത്.

പ്രശസ്ത ഫാഷന്‍ കണ്‍സള്‍ട്ടന്‍റ് രമേഷ് മേനോനാണ് ഷോ കൊറിയോഗ്രാഫര്‍. ഷോയില്‍ ഇന്‍റര്‍നാഷണല്‍ ഡിജെ ഷിക്കോ പങ്കെടുക്കും. കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, ചെന്നൈ, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ സംഘടിപ്പിക്കുന്ന പ്രചരണപരിപാടികളില്‍ നിന്ന് തെരഞ്ഞെടുക്കുന്ന പതിനാല് ദമ്പതികള്‍ക്ക് കിങ്ഫിഷര്‍ ഗുഡ്ടൈംസ് ബോട്ടില്‍ നെഹ്റു ട്രോഫി വള്ളംകളി ആസ്വദിക്കാന്‍ അവസരം. തുടര്‍ന്ന് ഗുഡ്ടൈംസ് പാര്‍ട്ടി. പ്രശസ്ത ഡിജെ സാവിയോയ്ക്കൊപ്പം മുന്‍നിര ഇന്ത്യന്‍ മോഡലുകളും പാര്‍ട്ടിയില്‍ പങ്കെടുക്കും.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code