Sunday, August 01, 2010   5:13 AM IST
Supplements
Home>> News>> World News
World News
വിവാഹം സ്വര്‍ഗത്തിലല്ല, സൈപ്രസില്‍
Saturday, July 25, 2009
|
|
|
വിചിത്രമായ വിവാഹങ്ങളുടെ കഥകള്‍ ഒരുപാട് കേട്ടിട്ടുണ്ട്. ലോകത്താകെ വിവിധ സമൂഹങ്ങളില്‍ വിവാഹങ്ങള്‍ വിവിധ ആചാരങ്ങളാണ്, വിവിധതരം ചടങ്ങുകളാണ്. സ്വന്തം നാട്ടില്‍ നിന്നു വിവാഹം കഴിക്കാന്‍ മാത്രം മറ്റൊരു നാട്ടിലേക്കു പോവേണ്ടി വരുന്നതു കേട്ടിട്ടുണ്ടോ?. ഇത്തരം യാത്രകള്‍ ബിസിനസാക്കി മാറ്റാന്‍ കാത്തുനില്‍ക്കുന്നവരുമുണ്ടെങ്കിലോ അതേ നാട്ടില്‍?

ലെബനനിലാണ് ഈ പ്രശ്നം. വളരെ ചെറിയ രാജ്യമാണ്. നാലു മില്യണ്‍ മാത്രമാണ് ജനസംഖ്യ. ആ നാട്ടിലാണെങ്കില്‍ പതിനെട്ട് വിവിധ മതങ്ങളും. പ്രധാനം ക്രിസ്ത്യന്‍, മുസ്ലിം മതങ്ങളില്‍പ്പെട്ടവര്‍. വളരെ കടുത്ത വിവാഹ വ്യവസ്ഥകളാണ് ലെബനനില്‍. രണ്ടു തരത്തിലുണ്ടത്. മതപരവും ഉദേ്യാഗസ്ഥപരവും. ഇതില്‍ നിന്നു രക്ഷപെടാനാണ് വരനും വധുവും നാടുവിടുന്നത്. ലബനനില്‍ ഉള്ള പെണ്ണിനെ കെട്ടാന്‍ വിദേശത്തു നിന്നൊരു ചെറുക്കന്‍ വന്നാലാണ് കൂടുതല്‍ കുഴപ്പം. ആ ചെറുക്കന്‍ മതം മാറാതെ വിവാഹം നടക്കില്ല. മതം മാറ്റത്തിനാണെങ്കില്‍ ദിവസങ്ങള്‍ നീളുന്ന ചടങ്ങുകളും. അതേ സമയം ഇവര്‍ മറ്റൊരു രാജ്യത്തു വിവാഹിതരായി എത്തിയാല്‍ കുഴപ്പമില്ല താനും. വിദേശ രാജ്യത്ത് രജിസ്റ്റര്‍ ചെയ്ത വിവാഹങ്ങളെ ലബനന്‍ സര്‍ക്കാര്‍ അംഗീകരിക്കുന്നുണ്ട്.

ഈ സവിശേഷത മുതലെടുക്കാന്‍ മാത്രം ലബനനില്‍ കമ്പനികള്‍ ഉണ്ട്. ട്രാവല്‍ ഏജന്‍സി പ്ലസ് മാരേ്യജ് ബ്യൂറോ എന്ന നിലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളാണിവ.

അബി നാസര്‍ എന്ന ലെബനീസ് പെണ്‍കുട്ടിക്കു പ്രണയം ഇറ്റലിക്കാരനായ മാര്‍ക്കോയോട്. അബിയുടെ കഴുത്തില്‍ മിന്നു കെട്ടാനാണ് മാര്‍ക്കോ ലബനനില്‍ എത്തിയത്. എന്നാല്‍ അതു യാഥാര്‍ഥ്യമാകാന്‍ സമയമെടുക്കും എന്നു മനസിലായപ്പോള്‍ അടുത്ത വഴി തേടി ഇരുവരും. നാദിയ ട്രാവല്‍ എന്ന ഏജന്‍സിയെ സമീപിച്ചു. അവര്‍ അബിയേയും മാര്‍ക്കോയേയും കൊണ്ടു പോകുന്നത് സൈപ്രസിലേക്ക്. ലബനനില്‍ നിന്ന് മെഡിറ്ററേനിയന്‍ ദ്വീപു രാജ്യത്തിലേക്കു പോകാന്‍ മുപ്പതു മിനിറ്റു മതി. അവിടെ അബിയും മാര്‍ക്കോയും മനസ്സമാധാനത്തോടെ വിവാഹിതരായി. സ്വന്തം നാട്ടില്‍, ബന്ധുക്കളുടെ സാന്നിധ്യത്തില്‍ വിവാഹിതയാവാന്‍ അബി പരമാവധി ശ്രമിച്ചതാണ്. എന്നാല്‍ അതിനുള്ള ശ്രമത്തില്‍ താന്‍ തളര്‍ന്നു പോയി എന്നാണ് അബി പ്രതികരിക്കുന്നത്.

ഇത്തരം തളര്‍ച്ചകളിലാണ് നാദിയ ട്രാവല്‍സിന്‍റെ ഡയറക്റ്റര്‍ ഗ്വിനാഡി റാഗിയുടെ കണ്ണ്. വിദേശികളെ വിവാഹം ചെയ്യാന്‍ ശ്രമിക്കുന്നവരെ സൈപ്രസില്‍ എത്തിച്ച് അതിനുള്ള സൗകര്യമൊരുക്കല്‍ നാദിയയുടെ പ്രധാന സര്‍വീസാണിപ്പോള്‍. ലബനന്‍റെ തലസ്ഥാനമായ ബെയ്റൂട്ടില്‍ നിന്ന് സൈപ്രസിലെ ലാര്‍നാക വിമാനത്താവളത്തില്‍ എത്തിക്കുന്നതു മുതല്‍ എല്ലാം കമ്പനി ചെയ്യുമെന്ന് ഗ്വിനാഡി പറയുന്നു. റിട്ടേണ്‍ടിക്കറ്റ്, പഞ്ചനക്ഷത്ര ഹോട്ടലില്‍ ഒരു രാത്രി താമസം, സൈപ്രസിലെ വിവാഹ ചടങ്ങിനുള്ള അനുമതി തുടങ്ങി വധുവിനുള്ള പൂവുകള്‍ വരെ റെഡി. ഇനി ഡിവോഴ്സ് കഴിഞ്ഞ് അടുത്ത വിവാഹമാണെങ്കില്‍ ഡിവോഴ്സ് സര്‍ട്ടിഫിക്കറ്റ് തയാറാക്കാന്‍ വരെ നാദിയ റെഡി. എല്ലാം ഉള്‍പ്പെടെ 1900 ഡോളര്‍ മുതലുള്ള പാക്കേജുകള്‍.

ഓരോ വര്‍ഷവും ലബനനില്‍ നിന്ന് ആയിരത്തിലധികം പേര്‍ സൈപ്രസിലെത്തി വിവാഹം കഴിക്കുന്നുണ്ട്. വിവാഹം സ്വര്‍ഗത്തിലാണെന്ന ചൊല്ലില്‍ ചെറിയൊരു ഭേദഗതി വരുത്തും ലബനന്‍കാര്‍. അവരില്‍ പലര്‍ക്കും വിവാഹം സൈപ്രസിലാണ്. പ്രണയത്തിന്‍റെ ദേവതയായ അപ്ഹ്രോഡൈറ്റിന്‍റെ നാടായ സൈപ്രസില്‍.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code