കല്ലായിയിലെ ഈര്‍ച്ചവാളുകള്‍ തളര്‍ച്ചയില്‍ കല്ലായ്
സക്കീര്‍ ഹുസൈന്‍
മലബാറിനെ തടി വ്യവസായ രംഗത്തു മുന്നിലെത്തിച്ച കല്ലായിയിലെ ഈര്‍ച്ചവാളുകള്‍ ഇപ്പോ ള്‍ തളര്‍ച്ചയില്‍. രാവും പകലുമില്ലാതെ തടികള്‍ ഒഴുകിയെത്താനില്ല. വരാനുള്ളത് എല്ലാ മില്ലുകളിലേക്കും കൂടി ഏതാനും ലോഡുകള്‍.
ഒരുകാലത്തു മരവ്യവസായത്തില്‍ ആഗോളതല ത്തില്‍ കല്ലായിക്കു രണ്ടാം സ്ഥാനമായിരുന്നു. കല്ലായ്, മൂരിയാട്, മാങ്കാവ്, പള്ളിക്കണ്ടി, പുതിയപാലം, പുതിയറ എന്നിങ്ങനെ കിലോമീറ്ററോളം ദൂരത്തില്‍ മരവ്യവസായവും അനുബന്ധ സ്ഥാപനങ്ങളും അക്കാലത്തു നിറഞ്ഞുനിന്നു.
ചെറുതും വലുതുമായ അനേകം മില്ലുകള്‍. പലതിലും മൂന്നു ഷിഫ്റ്റ് ജോലി. ആയിരക്കണക്കിനു തൊഴിലാളികള്‍. കല്ലായി പുഴ നിറയെ ഉരുളന്‍ മരത്തടികള്‍. തമിഴ്നാട്, കുടക്, മൈസൂര്‍, മംഗലാപുരം, നിലമ്പൂര്‍, കുറ്റ്യാടി, വയനാട് എന്നിവിടങ്ങളില്‍ നിന്നു മരങ്ങളുമായെത്തുന്ന ലോറികളുടെ നീണ്ടനിര. പണിതീര്‍ ത്ത ഉരുപ്പടികള്‍ കയറ്റിക്കൊണ്ടുപോകാനെത്തിയ വാഹനങ്ങളുടെ നീണ്ടനിര വേറെ.
കൈവണ്ടികളും കാളവണ്ടി കളും ട്രോളികളുമൊക്കെയായി റോഡില്‍ നില്‍ക്കാന്‍പോലും സ്ഥലമില്ലാതിരുന്ന കാലം. മില്ലുകളില്‍ നിന്ന് ഈര്‍ന്നെടുത്തു കൊത്തി നന്നാക്കിയ ഉരുപ്പടികള്‍ കയറ്റാനെത്തുന്നവര്‍, മര ലോഡുകള്‍ ഇറക്കാനെത്തുന്നവര്‍, മരങ്ങളുടെ അളവെടുക്കുന്നവര്‍, എടുക്കുന്ന അളവുകള്‍ കുറിച്ചിടുന്നവര്‍, മരത്തിന്‍റെ കേ ടു പരിശോധിക്കുന്നവര്‍, നമ്പര്‍ പതിക്കുന്നവര്‍, പുഴയില്‍ നെഞ്ചോളം ഇറങ്ങി നിന്നു മില്ലുകളിലെ ക്രെയ്നുകളില്‍ മരം കൊളുത്തുന്നവര്‍, ഇവരെയൊക്കെ ആശ്രയിച്ചു മുറുക്കാന്‍ കച്ചവടവും മറ്റു പല ജോലികളും ചെയ്യുന്നവര്‍. അങ്ങനെ എപ്പോഴും തിരക്കേറിയതായിരുന്നു അക്കാലത്തു കല്ലായിയും പരിസരവും.
നൂറുക്കണക്കിനു മില്ലുകളുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ കല്ലായില്‍ ഉള്ളത് 80ല്‍ത്താഴെ മാത്രം. 1971ല്‍ സ്വകാര്യ വനങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുത്തുകൊണ്ടുള്ള നിയമം വന്നതോടെയാണു തകര്‍ച്ച തുടങ്ങിയത്. ഇതോടെ മരങ്ങളുടെ വരവു കുറഞ്ഞു. സര്‍ക്കാര്‍ ലേലം ചെയ്തു വില്‍ക്കുന്ന മരങ്ങള്‍ മാത്രമായി പിന്നെയെത്തുന്നത്. ആവശ്യമേറുകയും സാധനം കുറയുകയും ചെയ്തതോടെ സ്വാഭാവികമായി വിലയുമേറി.
മരം കിട്ടാതായതോടെ വ്യാപാരികള്‍ മറ്റു സംസ്ഥാനങ്ങളെ ആശ്രയിച്ചു. അവിടെയും മരം വെട്ടിനു കടുത്ത നിയന്ത്രണങ്ങള്‍ വന്നതോടെ വീണ്ടും തിരിച്ചടിയുണ്ടായി. ഇപ്പോള്‍ ബര്‍മയില്‍ നിന്നും ആഫ്രിക്കയില്‍ നിന്നുമൊക്കെ എത്തുന്ന മരങ്ങളാണു കാര്യമായി ഉപയോഗിക്കുന്നത്. കപ്പല്‍ മാര്‍ഗം മംഗലാപുരം, തൂത്തുക്കുടി തുടങ്ങിയ തുറമുഖങ്ങളിലെത്തുന്ന ഇവ ലോറിയില്‍ ഇവിടെ എത്തിക്കുന്നു. പിന്‍കോഡ, സാല്‍, ഓക്ക് തുടങ്ങിയ മരങ്ങളാണ് ഇങ്ങനെയെത്തുന്നത്. മര ലഭ്യത കുറഞ്ഞതിനു പുറമെ ഗ്രാമീണ മേഖലകളില്‍ മില്ലുകള്‍ തുറന്നതും കല്ലായിക്കു തിരിച്ചടിയായി.
Close...
Maximum Character Allowed -
4000