ആര്‍.റിന്‍സ്
ടൈറ്റില്‍ കാര്‍ഡില്‍ തെളിയുന്നു- ശശികുമാര്‍, സമുത്തിരക്കനി.
ഈ സൗഹൃദകഥയ്ക്ക് ഒരു സ്ക്രിപ്റ്റിന്‍റെ സീന്‍ ബൈ സീന്‍ ഘടനയുണ്ട്. പരിചയപ്പെട്ട നാളുകളില്‍ ഏറിയാല്‍ ഒരു ഹായ് അതിനപ്പുറമില്ലായിരുന്നു ഇവരുടെ ബന്ധം. ഇപ്പോള്‍ തമിഴ് സിനിമയില്‍ ഏറ്റവും വിജയം നേടുന്ന ജോടി. നായകനും നായികയും അല്ല. രണ്ടു നായകന്മാരുമല്ല. ഇത് രണ്ടു സുഹൃത്തുക്കള്‍. സുബ്രഹ്മണ്യപുരത്തിന്‍റെ സംവിധായകന്‍ എന്നു ശശികുമാറിനേയും ആ ചിത്രത്തില്‍ നായികയുടെ ചിറ്റപ്പന്‍ കഥാപാത്രത്തെ അവതരിപ്പിച്ച നടന്‍ എന്ന് സമുത്തിരക്കനിയേയും പരിചയപ്പെടുത്താം. എന്നാല്‍ തമിഴ്നാട്ടില്‍ ഇവര്‍ ഈ ബയോഡേറ്റയ്ക്കും അപ്പുറത്തേക്കു പോയിരിക്കുന്നു. നാട്ടുഭാഷയില്‍ പറഞ്ഞാല്‍ കൈവിട്ടു പോയിരിക്കുന്നു ഈ സുഹൃത്തുക്കള്‍. ബോക്സോഫിസില്‍ പുത്തന്‍ റെക്കോഡുകള്‍ കുറിക്കുന്ന നാടോടികള്‍ എന്ന സിനിമയില്‍ നായകനാണ് ശശികുമാര്‍, നാടോടികളുടെ സംവിധായകനാണ് സമുത്തിരക്കനി. രണ്ടു സിനിമകള്‍ക്കിടയില്‍ സംവിധായകന്‍, നടന്‍, നിര്‍മാതാവ് എന്നീ റോളുകള്‍ മാറ്റിമറിച്ച് ഇവര്‍ വിജയങ്ങള്‍ തുടരുകയാണ്.
കഥ തുടങ്ങുകയാണ്
തെങ്കാശിയിലെ രാജപാളയം എന്ന ഗ്രാമം. ഇടത്തരം കുടുംബത്തില്‍ സമുത്തിരക്കനിയുടെ ജനനം. അച്ഛന്‍റെയും അമ്മയുടെയും അരുമ മകന്‍. എട്ടാംക്ലാസുവരെ സിനിമ കണ്ടിട്ടേയില്ല. കാണാന്‍ അവസരം ലഭിച്ചില്ലെന്നു പറയുന്നതാകും ശരി. എട്ടാം ക്ലാസിലെത്തിയപ്പോഴാണ് ആദ്യമായി സിനിമ കാണുന്നത്. നൈറ്റ്സ്റ്റഡിക്ക് പോകാനെന്ന വ്യാജേന തിയെറ്ററിലേക്ക്. ഭാരതിരാജയുടെ “അലൈകള്‍ ഒയ്വതില്ലെ. മനസ് വല്ലാതെ അസ്വസ്ഥമായി. സമുത്തിരക്കനി തന്‍റെ ഇടം തരിച്ചറിയുകയായിരുന്നു. അഭിനയമായിരുന്നു അന്നത്തെ ആഗ്രഹം. എന്നാല്‍ വീട്ടില്‍ നിന്ന് അത്ര വലിയ പിന്തുണയൊന്നും ലഭിച്ചില്ല. പത്താം ക്ലാസ് കഴിഞ്ഞ് ചെന്നൈയിലേക്ക്. കൈയില്‍ക്കരുതിയ പൈസ ദിവസങ്ങള്‍ക്കുള്ളില്‍ തീര്‍ന്നു. ഒരു ഹോട്ടലില്‍ ജോലിക്കു കയറി. അലച്ചിലിനൊടുവില്‍ തിരികെ നാട്ടിലേക്ക്.
പ്ലസ് വണ്ണിന് ചേര്‍ന്നു. രണ്ടു മാസത്തെ അവധിക്ക് വീണ്ടും ചെന്നൈയിലേക്ക്. ഒരു വര്‍ഷത്തിനിടെ ചെന്നൈയില്‍ പോകാനുള്ള പണം സ്വരുക്കൂട്ടും. അഭിനയമോഹവുമായി ഒരുപാടുപേരെ കണ്ടു. പലരും കളിയാക്കി വിട്ടു. ആകെ മെലിഞ്ഞ രൂപം. ശരീരത്തില്‍ തെളിഞ്ഞുനില്‍ക്കുന്നത് മുഖത്തെ കണ്ണാടി മാത്രം. നടനാവാനുള്ള ശ്രമം തുടരുന്നതിനിടയില്‍ത്തന്നെ ബിഎസ്സി മാത്സിന് ചേര്‍ന്നു.
അഭിനയമോഹത്തോട് വീട്ടിലും നാട്ടിലും എല്ലാവര്‍ക്കും പുച്ഛം. ഇവനെക്കൊണ്ട് ഇതൊക്കെ പറ്റുമോ എന്ന ഭാവം. അമ്മയായിരുന്നു ആശ്വാസം. നിന്നെക്കൊണ്ട് സാധിക്കുമെന്നു പറഞ്ഞത് അമ്മ മാത്രം. ചെന്നൈയില്‍ പോകാന്‍ പണവും കൊടുത്തു. ഡിഗ്രി കഴിഞ്ഞ് ചെന്നൈയില്‍ അംബേദ്കര്‍ കോളെജില്‍ ബിഎല്ലിനു ചേര്‍ന്നു. ഇതിനിടെ ഐഎഎസ് പ്രിലിമിനറി പരീക്ഷ എഴുതി. റിസല്‍റ്റിനു കാത്തില്ല. നേരേ സിനിമയിലേക്ക്. അഭിനയം തനിക്കു പറ്റിയ പണിയല്ല. സംവിധാനത്തിലേക്ക് തിരിഞ്ഞാലോ. അങ്ങനെ 1994ന്‍റെ അവസാനം സുന്ദര്‍ കെ. വിജയന്‍റെ അസിസ്റ്റന്‍റായി സംവിധാനം പഠിക്കാന്‍ പോയി. 97ല്‍ കെ. ബാലചന്ദറിനൊപ്പം ചേര്‍ന്നു. സമുത്തിരക്കനിയുടെ ടേണിങ് പോയിന്‍റ്. ബാലചന്ദര്‍ വിളിച്ചത് എന്‍റെ “കടൈശി പുള്ളെ’ (അവസാനത്തെ കുട്ടി). അവസാനത്തെ കുട്ടി അരുമ സന്താനമാണെന്നാണ് ചൊല്ല്. ബാലചന്ദറിന്‍റെ അവസാന സിനിമകളായ ഏറ്റവുമൊടുവില്‍ സംവിധാനം ചെയ്ത പാര്‍ത്താലെ പരവശം, പൊയ് എന്നീ സിനിമകളില്‍ സമുത്തിരക്കനിയായിരുന്നു അസോസിയേറ്റ്.
2000ല്‍ സീരിയല്‍ രംഗത്തേക്ക്. “അണ്ണി ‘എന്ന മെഗാസീരിയലിലൂടെ തുടക്കം. ആദ്യ സീരിയല്‍ തന്നെ വന്‍ വിജയം. പ്രശസ്ത ഗായകന്‍ എസ്.പി. ബാലസുബ്രഹ്മണ്യത്തിന്‍റെ മകന്‍ എസ്പിബി ചരണുമായുളള സൗഹൃദം തുണയായി. ആദ്യ സിനിമ ഉന്നൈ ശരണ്‍ അടൈന്തേന്‍ നിരൂപക പ്രശംസ നേടി. അടുത്ത ചിത്രം വിജയകാന്ത് നായകനായ നെറഞ്ച മനസ് പരാജയപ്പെട്ടത് വല്ലാതെ അസ്വസ്ഥപ്പെടുത്തി. ഒരു വേള മാനസിക നില തകരാറിലാകുമോ എന്നു വരെ ഭയന്ന നാളുകള്‍. ഭാര്യ ജയലക്ഷ്മിയുടെ കൂട്ടായിരുന്നു തുണ. എന്തെങ്കിലും ചെയ്തേ പറ്റൂ എന്നു തോന്നിയപ്പോള്‍ അമീര്‍ സുല്‍ത്താന്‍റെ പരുത്തിവീരന്‍റെ കോ- ഡയറക്റ്ററായി. പരാജയമേല്‍പ്പിച്ച ആഘാതത്തില്‍ നിന്ന് കരകയറാന്‍ ദിവസവും 20 മണിക്കൂര്‍ വരെ ജോലി ചെയ്തു. അതിനുശേഷം തങ്കവേട്ടെ, അരശി, ശെല്‍വി തുടങ്ങിയ സീരിയലുകള്‍.
പരുത്തിവീരനില്‍ ഒരു കട്ട്
ഇതു വരെയുള്ള കഥയിലേക്ക് ഒരു കഥാപാത്രം കൂടി പ്രവേശിക്കുന്നു. ശശികുമാര്‍. സമുത്തിരക്കനി പരുത്തിവീരനില്‍ വര്‍ക്ക് ചെയ്യുമ്പോള്‍, അവിടെ സംവിധാന സഹായിയായി. ശശികുമാറും ഉണ്ട്. ആ മനസിലും എന്നും സിനിമ തന്നെയായിരുന്നു. ബാലയുടെ സേതുവില്‍ അസിസ്റ്റന്‍റായി. ശേഷം അമീറിന്‍റെ അടുത്തേക്ക്. അദ്ദേഹത്തോടൊപ്പം മൗനം പേശിയതേ, റാം എന്നീ ചിത്രങ്ങള്‍. പരുത്തിവീരന്‍റെ സമയത്ത് അത്രവലിയ സുഹൃത്തുക്കളൊന്നുമായിരുന്നില്ല ഇരുവരും. കാണുമ്പോള്‍ ഒരു ഹായ്. അത്ര മാത്രം. ചിത്രീകരണം പുരോഗമിച്ചതിനൊപ്പം സൗഹൃദത്തിന്‍റെ പുതിയൊരു സ്ക്രിപ്റ്റും പൂര്‍ത്തായാവുകയായിരുന്നു. ശശികുമാറിന്‍റെ മനസില്‍ സുബ്രഹ്മണ്യപുരം രൂപപ്പെട്ടിരുന്നു. പ്രധാനപ്പെട്ട ഒരു വേഷത്തിലേക്ക് പരിഗണിച്ചത് സമുത്തിരക്കനിയെ. കൂടുതലൊന്നും പറഞ്ഞില്ല. മുടി വെട്ടരുതെന്ന നിര്‍ദേശം മാത്രം. മൂന്നു മാസം കഴിഞ്ഞു. മുടി വല്ലാതെ വളര്‍ന്നു. ശശികുമാറിന്‍റെ വിളിയില്ല. ഒരു ദിവസം തിരിച്ചു വിളിച്ചു. വില്ലന്‍ ചിറ്റപ്പന്‍ യാഥാര്‍ഥ്യമാവുകയാണ്.
1980കളില്‍ സിനിമയില്‍ അഭിനയിക്കാന്‍ ചാന്‍സ് തേടി അലഞ്ഞ തന്നെ ശശികുമാര്‍ ആദ്യ സിനിമയിലൂടെ എണ്‍പതുകളിലേക്ക് തിരികെ കൊണ്ടുപോയി എന്നാണ് ഈ കഥാപാത്രത്തെക്കുറിച്ചുള്ള സമുത്തിരക്കനിയുടെ പ്രതികരണം. സുബ്രഹ്മണ്യപുരം തീരുമ്പോള്‍ സൗഹൃദത്തിന്‍റെ പുതിയ കഥ, നാടോടികള്‍ സമുത്തിരക്കനിയുടെ മനസില്‍.
ശശികുമാറിനോട് അഭിനയിക്കണമെന്ന് ആവശ്യപ്പെട്ടു. സ്ക്രിപ്റ്റ് വായിച്ചതും ഈ സിനിമ താന്‍ നിര്‍മിക്കാമെന്ന് ശശികുമാര്‍. നിര്‍മാതാവിനെയല്ല, നടനെയാണ് വേണ്ടതെന്ന് സമുത്തിരക്കനി.
സുബ്രഹ്മണ്യപുരത്തിലെ എന്‍റെ കഥാപാത്രം ജനങ്ങള്‍ സ്വീകരിച്ചാല്‍ അഭിനയിക്കാമെന്ന് ശശിയുടെ മറുപടി. സിനിമയും ശശികുമാറിന്‍റെ കഥാപാത്രവും ഹിറ്റ്. സുബ്രഹ്മണ്യപുരത്തിന്‍റെ വിജയം ഞാന്‍ സമുത്തിരക്കനിക്ക് നല്‍കുകയായിരുന്നു എന്ന് ശശികുമാര്‍ പറയും. ഈ വിജയം വച്ച് നീ നിന്‍റെ സിനിമ ചെയ്യ്.
മലയാളസിനിമയുടെ
ആരാധകര്‍
ഇരുവരുടേയും ജീവിതത്തില്‍ മലയാള സിനിമകള്‍ക്ക് വലിയ സ്വാധീനമുണ്ട്. തമിഴ് സിനിമകളില്‍ ആട്ടവും പാട്ടും ആക്ഷനും മാത്രം നിറഞ്ഞു നിന്ന കാലം. തമിഴ് സിനിമയില്‍ ഇടം പിടിക്കാനാവില്ല എന്നു കരുതിയിരുന്നു ഇരുവരും. സിനിമാ സ്വപ്നം തന്നെ അസ്തമിക്കുന്ന ഒരു ഘട്ടത്തില്‍ മലയാളസിനിമകള്‍ ആശ്വാസം നല്‍കി. തമിഴ്നാട്ടില്‍ പറ്റിയില്ലെങ്കില്‍ നല്ല സിനിമകളെ ഹൃദയം കൊണ്ടു സ്നേഹിക്കുന്ന മലയാളത്തില്‍ അവസരം ലഭിക്കുമെന്ന വിശ്വാസമായിരുന്നു അന്ന്. നല്ല സിനിമകള്‍ ചെയ്യണമെന്ന ആത്മവിശ്വാസം നല്‍കിയത് മലയാള സിനിമകളാണ്. ബ്ലെസിയുടേയും റോഷന്‍ ആന്‍ഡ്രൂസിന്‍റെയും സിനിമകളില്‍ അഭിനയിക്കാന്‍ സമുത്തിരക്കനിക്കു ക്ഷണമുണ്ട്. മലയാളത്തിലെ ഇഷ്ടനടന്‍? സമുത്തിരക്കനിയുടെ മറുപടി പെട്ടെന്നായിരുന്നു, ഇന്നസെന്‍റ്.
നല്ല കഥയുണ്ടെങ്കില്‍ ചന്ദ്രനില്‍ പോയി ഷൂട്ട് ചെയ്താലും ഓടുമെന്ന് ഇരുവരും പറയുന്നു. നാടോടികള്‍ കന്നട, തെലുങ്ക് , ഹിന്ദി ഭാഷകളില്‍ റീ മേക്ക് ചെയ്യാനുള്ള ഒരുക്കത്തിലാണ് സമുത്തിരക്കനി.
വലിയ താരങ്ങളെ വച്ച് സിനിമ ചെയ്യണ്ടേ? ചോദ്യം സമുത്തിരക്കനിയോട്. ശശികുമാറിനെ നോക്കി ഒന്നു ചിരിച്ചു. എന്നിട്ടു മറുചോദ്യം. തമിഴിലെ ഏറ്റവും വലിയ താരമില്ലേ എന്‍റെ കൈയില്‍, പിന്നെന്തിന് ഞാന്‍ മറ്റുള്ളവരെ ത്തേടിപോകണം?
Close...
Maximum Character Allowed -
4000