കേരള ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു
കൊച്ചി
കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന കെഎസ് സി എ ദ്വിദിന ടൂര്‍ണമെന്‍റിനുള്ള 15 അംഗ കേരള ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ഇന്ത്യന്‍ താരം എസ്. ശ്രീശാന്താണു ക്യാപ്റ്റന്‍. രോഹന്‍ പ്രേം വൈസ് ക്യാപ്റ്റനും. കോതമംഗലത്ത് കെസിഎ ക്രിക്കറ്റ് അക്കാദമിയില്‍ രണ്ടാഴ്ചയായി നടന്ന പരിശീലന ക്യാംപിനു ശേഷമാണ് ടീം തെരഞ്ഞെടുത്തത്.
സീനിയര്‍ താരങ്ങളായ ടിനു യോഹന്നാന്‍, ശ്രീകുമാരന്‍ നായര്‍, മുന്‍ ക്യാപ്റ്റന്‍ സോണി ചെറുവത്തൂര്‍ എന്നിവര്‍ക്കു വിശ്രമം അനുവദിച്ചു. പരിശീലനത്തിനിടെ പന്തുകൊണ്ടു സോണിയുടെ മൂക്കിനു പരുക്കേറ്റിരുന്നു. പരുക്ക് ഭേദമായാലുടന്‍ സോണി ടീമില്‍ തിരികെയെത്തും.
ചെന്നൈ ലീഗില്‍ കളിക്കുന്ന ടിനുവിനേയും ശ്രീകുമാരന്‍ നായരേയും ടീമിലുള്‍പ്പെടുത്താത്തപ്പോള്‍ പി. പ്രശാന്ത് ടീമിലെത്തി. പ്രശാന്ത് പരമേശ്വരന്‍, റൈഫി വിന്‍സന്‍റ് ഗോമസ്, സാംബ ശിവ ശര്‍മ, അഭിഷേക് ഹെഡ്ഡെ എന്നീ പ്രമുഖര്‍ ടീമിലുണ്ട്. സി.എം. തേജസാണ് വിക്കറ്റ് കീപ്പര്‍.
പരിചയസമ്പത്തും പുതമുഖങ്ങളും ഉള്‍പ്പെട്ട ബാലന്‍സ്ഡ് ടീമാണിതെന്നും മികച്ച റിസല്‍റ്റ് പ്രതീക്ഷിക്കുന്നതായും കെസിഎ സെക്രട്ടറി ടി.സി. മാത്യു പറഞ്ഞു. രഞ്ജി ട്രോഫിയ്ക്കു മുന്നോടിയായി മികച്ച പ്രകടനത്തോടെ ആത്മവിശ്വാസമുയര്‍ത്താനാവും ടീം ശ്രമിക്കുകയെന്ന് കോച്ച് അനന്തപദ്മനാഭന്‍. ആര്‍. അരുണ്‍കുമാറാണ് അസിസ്റ്റന്‍റ് കോച്ച്.
ബംഗളൂരുവില്‍ നടക്കുന്ന കെഎസ്സിഎ ട്രോഫിയ്ക്കായി ടീം നാളെ യാത്ര തിരിക്കും. ഓഗസ്റ്റ് 15 വരെ നടക്കുന്ന ടൂര്‍ണമെന്‍റിനു ശേഷം ചെന്നൈയില്‍ ബുച്ചി ബാബു ത്രിദിന ടൂര്‍ണമെന്‍റില്‍ ടീം പങ്കെടുക്കും. 17 മുതല്‍ 29 വരെയാണ് ടൂര്‍ണമെന്‍റ്. ഈ ടൂര്‍ണമെന്‍റിനുള്ള ടീമിനെ പിന്നീട് പ്രഖ്യാപിക്കും. ഹൈദരാബാദില്‍ നടക്കുന്ന മൊയ് ഉദ് ദൗള ട്രോഫിയിലും വിശാഖപട്ടണത്തു സെയ്ദ് മുഷ്താഖ് അലി ട്വന്‍റി 20 ടൂര്‍ണമെന്‍റിലും കേരളം പങ്കെടുക്കും.
ഒരോ ടൂര്‍ണമെന്‍റിലും മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന പ്ലെയേഴ്സിനെയാകും രഞ്ജി പോരാട്ടത്തിനുള്ള കേരള ടീമില്‍ ഉള്‍പ്പെടുത്തുക. നവംബര്‍ മൂന്നിനാണു രഞ്ജി ട്രോഫി പ്ലേറ്റ് മത്സരങ്ങള്‍ ആരംഭിക്കുക. ആന്ധ്രയ്ക്കെതിരേ തലശേരിയിലാണ് കേരളത്തിന്‍റെ ആദ്യ മത്സരം.
ടീം
എസ്. ശ്രീശാന്ത് (ക്യാപ്റ്റന്‍), രോഹന്‍ പ്രേം (വൈസ് ക്യാപ്റ്റന്‍), പി. പ്രശാന്ത്, പ്രശാന്ത് പരമേശ്വരന്‍, മനു കൃഷ്ണന്‍, സാംബ ശിവ ശര്‍മ, അഭിഷേക് ഹെഡ്ഡെ, സി.എം. തേജസ്, സെബാസ്റ്റ്യന്‍ ആന്‍റണി, റോബര്‍ട്ട് ഫെര്‍ണാന്‍ഡസ്, റൈഫി വിന്‍സന്‍റ് ഗോമസ്, കെ.ജെ. രാകേഷ്, പ്രവീണ്‍ അച്യുതന്‍, കെ.ആര്‍. ശ്രീജിത്, എം.വി. സനൂദ്.
Close...
Maximum Character Allowed -
4000