Tuesday, February 07, 2012   2:25 PM IST
Supplements
Home>> News>> World News
World News
ഹലോ, ഫ്രം എര്‍ത്ത്
Tuesday, August 18, 2009
|
|
|
വി.കെ. സഞ്ജു

എസ്എംഎസ് അയച്ചിട്ടുണ്ടോ?

എത്ര ദൂരത്തേക്ക്? ലോക്കല്‍..., എസ്ടിഡി..., ഐഎസ്ഡി.... കഴിഞ്ഞോ?

എങ്കിലിതാ കുറച്ചുകൂടി ദൂരത്തേക്കു സന്ദേശമയയ്ക്കാന്‍ ഒരു സുവര്‍ണാവസരം. കുറച്ചെന്നു വച്ചാല്‍ അത്ര കുറച്ചൊന്നുമല്ല, 20 പ്രകാശവര്‍ഷം അകലത്തേയ്ക്ക്.

ഒരു വര്‍ഷംകൊണ്ടു പ്രകാശം സഞ്ചരിക്കുന്ന ദൂരമാണ് ഒരു പ്രകാശവര്‍ഷം. സെക്കന്‍ഡില്‍ മൂന്നു ലക്ഷം കിലോമീറ്റര്‍വച്ച് വര്‍ഷം എത്ര ദൂരം, ഒന്നു സങ്കല്‍പ്പിക്കാന്‍ ശ്രമിച്ചു നോക്കൂ. അത്ര ദൂരത്തേക്കു സന്ദേശമയച്ചു മൊബൈല്‍ ഫോണിലെ കാശ് കളയണോ എന്ന ശങ്ക വേണ്ട, വെബ്സൈറ്റിലൂടെയാണു സന്ദേശമയയ്ക്കേണ്ടത്, തികച്ചും സൗജന്യമായി.

ഓസ്ട്രേലിയന്‍ സയന്‍സ് മാഗസിന്‍ കോസ്മോസ് ആണ് Hello from Earth എന്നു പേരിട്ടിരിക്കുന്ന സംരംഭത്തിനു പിന്നില്‍. ലക്ഷ്യം ആ പഴയ നൊസ്റ്റാല്‍ജിക് സന്ദേഹം തന്നെ- ഭൂമിയിലല്ലാതെ പ്രപഞ്ചത്തിന്‍റെ മറ്റേതെങ്കിലും കോണില്‍ ജീവന്‍റെ തുടിപ്പുകളുണ്ടോ എന്ന അന്വേഷണം. കൂടാതെ അന്താരാഷ്ട്ര ജേ്യാതിശാസ്ത്ര വര്‍ഷത്തിന് ഒരഭിവാദനവും.

http://www.hellofromearth  എന്ന വെബ്സൈറ്റിലൂടെ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്നു ശേഖരിക്കുന്ന ടെക്സ്റ്റ് മെസെജുകള്‍ ഗ്ലീസ് 581ഡി എന്ന അതിവിദൂര ഗ്രഹത്തിലേക്കു പ്രസരിപ്പിക്കും. സന്ദേശങ്ങള്‍ 160 ക്യാരക്റ്ററില്‍ കവിയാന്‍ പാടില്ല. അവസാന തീയതി ഓഗസ്റ്റ് 24. നാസയുടെ കാന്‍ബെറ ഡീപ് സ്പെയ്സ് കമ്യൂണിക്കേഷന്‍ കോംപ്ലക്സില്‍നിന്നാണു സന്ദേശങ്ങള്‍ അയയ്ക്കാന്‍ പോകുന്നത്.

ഇത്തരമൊരു ഉദ്യമം ഇതാദ്യമല്ല. 1970-കളില്‍ വിക്ഷേപിച്ച പയനിയര്‍ 10, 11 ഉപഗ്രഹങ്ങളില്‍ അന്യഗ്രഹ ജീവികളെ ഉദ്ദേശിച്ചു തയാറാക്കിയ സന്ദേശങ്ങള്‍ ആലേഖനം ചെയ്ത ലോഹ ഫലകങ്ങള്‍ അയച്ചിരുന്നു. ഭൂമിയില്‍ അതു തയാറാക്കിയ സ്ഥലവും സമയവും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ രേഖപ്പെടുത്തിയിരുന്നെങ്കിലും ഇതുവരെ മറുപടിയൊന്നും വന്നതായി അറിവില്ല.

പിന്നീടു വൊയേജര്‍ 1, 2 വാഹനങ്ങളില്‍ അയച്ച സന്ദേശങ്ങള്‍ കൂടുതല്‍ പ്രതീക്ഷാനിര്‍ഭരമായിരുന്നു. നമ്മുടെ ലോകത്തെക്കുറിച്ച് അന്യലോക ജീവികള്‍ക്കു പറഞ്ഞു കൊടുക്കുന്ന രീതിയില്‍ തയാറാക്കിയവതായിരുന്നു അവ. ഭൂമിയിലെ ജീവിതവും സംസ്കാരവും വിശദീകരിക്കുന്ന ഫോണൊഗ്രാഫ് റെക്കോഡ് വരെ അവയിലുണ്ടായിരുന്നു.

സംഗീതത്തിലൂടെ സൗഹൃദം തേടാനുള്ള ശ്രമങ്ങളുമുണ്ടായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷമാണു നാസ ബാഹ്യലോകങ്ങളെ ഉദ്ദേശിച്ചു ബീറ്റ്ല്‍സ് സംഗീതം അയച്ചത്. സ്പെയ്നിലെ മാഡ്രിഡില്‍ 64 മീറ്റര്‍ ഉയരമുള്ള ഡീപ് സ്പെയ്സ് നെറ്റ്വര്‍ക്ക് ആന്‍റിന ഇതിനുപയോഗിച്ചു. കോസ്മിക് കോള്‍ എന്ന സ്വകാര്യ സംരംഭം മുഖേന ജമൈക്കന്‍ സംഗീതജ്ഞന്‍ ബോബ് മാര്‍ലിയുടെ റെഗ്ഗി താളങ്ങളും ബഹിരാകാശത്തേക്കു യാത്ര ചെയ്തിട്ടുണ്ട്.

ഇപ്പോള്‍ ഹല്ലോ ഫ്രം എര്‍ത്ത് പദ്ധതി ലക്ഷ്യമിടുന്ന ഗ്ലീസ് 581ഡി എന്ന ഗ്രഹത്തിനു ഭൂമിയെക്കാള്‍ എട്ടു മടങ്ങാണു വലുപ്പം. സ്ഥാനം 20.3 പ്രകാശവര്‍ഷം അകലെ. കണ്ടെത്തിയതു 2007 ഏപ്രിലില്‍. ഓമനപ്പേര് സൂപ്പര്‍ എര്‍ത്ത്.

അവിടെ ജീവന്‍ നിലനില്‍ക്കാന്‍ ആവശ്യമായ സാഹചര്യങ്ങള്‍ നിലവിലുണ്ടെന്ന അവ്യക്തമായ അനുമാനം മാത്രമാണു പ്രതീക്ഷ. ജീവന്‍റെ സാന്നിധ്യമുണ്ടായാല്‍ത്തന്നെ, ഇവിടെനിന്നയയ്ക്കുന്ന സന്ദേശങ്ങള്‍ തിരിച്ചറിയാന്‍ സാങ്കേതിക പരിജ്ഞാനമുള്ളവര്‍ അവിടെയുണ്ടാകണമെന്നില്ല. ഇനി അവര്‍ സന്ദേശം മനസിലാക്കുകയും മറുപടി അയയ്ക്കുകയും ചെയ്തെന്നു തന്നെയിരിക്കട്ടെ, മനുഷ്യന്‍റെ അറിവില്‍പ്പെട്ട ഏറ്റവും വേഗമേറിയ മാര്‍ഗത്തില്‍ സഞ്ചരിച്ചാലും അതിവിടെ എത്തിച്ചേരാന്‍ 2029 വരെ കാത്തിരിക്കണം.

പദ്ധതിക്കു തുടക്കം കുറിച്ചുകൊണ്ട് ഓസ്ട്രേലിയന്‍ മന്ത്രി കിം കാര്‍ ആദ്യത്തെ സന്ദേശം നല്‍കി:

Hello from Australia on the planet we call Earth. These messages express our people's dreams for the future. We want to share those dreams with u.
പിന്നാലെ ഇ-മെയ്ലുകള്‍ പ്രവഹിക്കുകയാണ്. അതിലൊന്ന് ഇങ്ങനെ ആവശ്യപ്പെടുന്നു:

ഞാന്‍ മരിക്കുന്നതിനു മുന്‍പേ നിങ്ങളിതു വായിക്കണം. വരൂ, വന്ന് എന്നെ കണ്ടെത്തൂ. എനിക്കൊരുപാടു ചോദ്യങ്ങള്‍ ചോദിക്കാനുണ്ട്.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code