Wednesday, February 08, 2012   8:38 PM IST
Supplements
Home>> Astrology>> Pilgrimage
Pilgrimage
പെരുന്നാളാഘോഷ വേളയില്‍ നാം
Saturday, September 19, 2009
|
|
|
സലാഹുദ്ദീന്‍ മദനി

എറണാകുളം പുല്ലേപ്പടി സലഫി മസ്ജിദ് ഇമാം

പരിശുദ്ധ റമദാന്‍ അതിന്‍റെ എല്ലാ നന്മകളും വിശ്വാസികള്‍ക്കു നല്‍കിക്കൊണ്ടു വിട പറയുകയാണ്. പരിശുദ്ധ ഖുര്‍ആന്‍റെ അവതരണം കൊണ്ടു ശ്രേഷ്ഠമാക്കപ്പെട്ട റമദാനില്‍ ഖുര്‍ആന്‍റെ അവതരണമുണ്ടായ രാത്രി അയിരം മാസത്തേക്കാള്‍ ശ്രേഷ്ഠമായ രാത്രി- പ്രതീക്ഷിച്ചുകൊണ്ടു നിദ്രാവിഹീനരായി ദൈവസാമിപ്യം ആഗ്രഹിച്ചുകൊണ്ടു പള്ളികളില്‍ ഇഅ്തികാഫ് ഇരുന്നവര്‍ അതില്‍ നിന്നും ഒഴിവാകുകയാണ്.

പെരുന്നാളാഘോഷ വേളയില്‍ ആരും പട്ടിണി കിടക്കുന്നില്ല എന്നുറപ്പുവരുത്തിക്കൊണ്ടുള്ള ഫിത്വര്‍ സകാത്ത് ശേഖരണവും വിതരണവും അതിന്‍റെ വഴിയിലൂടെ നീങ്ങിക്കൊണ്ടിരിക്കുന്നു. നോമ്പ് 29 ന്‍റെയന്നു മാസപ്പിറവി ദൃശ്യമായി എന്നറിഞ്ഞുകഴിഞ്ഞാല്‍ പെരുന്നാളാഘോഷത്തിന്‍റെ തിമിര്‍പ്പിലേക്കാണു നീങ്ങുക.

വിശ്വാസികളുടെ മനസിനു വേര്‍പാടിന്‍റെ വേദന നല്‍കി പുണ്യങ്ങളുടെ പൂക്കാലമായ പരിശുദ്ധ റമദാന്‍ വിടപറഞ്ഞു പോകുമ്പോള്‍, ആ മഹത്തായ ത്യാഗത്തിന്‍റെ പരിസമാപ്തിയാണ് ഈദുല്‍ ഫിത്വറിലൂടെ ആഘോഷിക്കുന്നത്. ആഘോഷിക്കാനുള്ള മനുഷ്യപ്രകൃതിയുടെ ത്വരയെ ഇസ്ലാം അംഗീകരിക്കുന്നു. എങ്ങനെയായിരിക്കണം പെരുന്നാളാഘോഷം? പലരും പലതരത്തിലുള്ള ആഘോഷങ്ങള്‍ നടത്തുന്നതു നമുക്ക് കാണാം. അടിച്ചു പൊളിച്ചു, ധാര്‍മികതയുടെ സര്‍വ സീമകളെയും അതിലംഘിച്ചുകൊണ്ടുള്ള ഒരാഘോഷമല്ല പെരുന്നാള്‍. പരിശുദ്ധ റമദാനില്‍ നേടാന്‍ കഴിഞ്ഞിട്ടുള്ള ആത്മീയ വിശുദ്ധി ഒറ്റ ദിവസം കൊണ്ട് കളഞ്ഞു കുളിക്കുന്ന രൂപത്തിലുള്ള ആഘോഷം അതിരു വിടരുതെന്നു സാരം.

അല്ലാഹുവിന്‍റെ അപാരമായ അനുഗ്രഹത്തിന് നന്ദി പ്രകാശിപ്പിച്ചും അവന്‍റെ മഹാത്യാഗത്തെ പുകഴ്ത്തുകയും പ്രശംസിക്കുകയും ചെയ്ത് വിനയാന്വിതരായിട്ടാകണം പെരുന്നാളാഘോഷിക്കുന്നത്. അന്നും പ്രാര്‍ഥനാ നിര്‍ഭരമായിരിക്കും മനസുകള്‍ .

പെരുന്നാള്‍ ദിവസം അതിരാവിലെ തന്നെ തക്ബീര്‍ മുഴക്കിക്കൊണ്ട് ഈദ് ഗാഹുകളിലേക്കു പോകുക. പെരുന്നാള്‍ നമസ്കാരം ആബാലവൃദ്ധം ജനങ്ങളും ഒരുമിച്ചു കൂടാന്‍ കഴിയുന്ന മൈതാനികളില്‍ സജ്ജമാക്കുന്ന പ്രത്യേക സ്ഥലത്തിനാണ് ഈദ്ഗാഹ് എന്നു പറയുന്നത്. പ്രവാചക തിരുമേനി (സ) മൈതാനത്താണു പെരുന്നാള്‍ നമസ്കാരം നടത്തിയിട്ടുള്ളത്. മഴ പോലെ അസൗകര്യമുണ്ടായ സാഹചര്യത്തില്‍ മാത്രമേ പള്ളിയില്‍ വച്ച് പെരുന്നാള്‍ നിര്‍വഹിച്ചിട്ടുള്ളു. ആ മാതൃകയാണു നമുക്കും കരണീയമായിട്ടുള്ളത്. ചെറിയ പെരുന്നാള്‍ ദിവസം പ്രവാചകചര്യ അനുസരിച്ച് ലഘുവായി എന്തെങ്കിലും ഭക്ഷണം കഴിച്ചിട്ടാകണം പോകേണ്ടത്. ബലി പെരുന്നാള്‍ ദിവസം ഒന്നും കഴിക്കാതെയാണ് പോകേണ്ടത്. പോകുന്ന വഴിയേ മടങ്ങി വരാതെ മറ്റൊരു വഴിയേ മടങ്ങുന്നതും നബിചര്യയില്‍പ്പെട്ടതാണ്. ഈദ്ഗാഹുകളിലെത്തിക്കഴിഞ്ഞാല്‍ തക്ബീര്‍ മുഴക്കിക്കൊണ്ടിരിക്കണം. അല്ലാഹുവിന്‍റെ മാഹാത്മ്യത്തെ പ്രകീര്‍ത്തിച്ചുകൊണ്ടു വിനയാന്വിതരായി നമസ്കാരം തുടങ്ങും വരെ ഇരിക്കണം.

പെരുന്നാള്‍ നമസ്കാരത്തിനും അവിടെ സന്തോഷം പങ്കിടുന്നതിനും പ്രാര്‍ഥനകളില്‍ പങ്കെടുക്കുന്നതിനും സ്ത്രീകള്‍ക്കു സൗകര്യം നല്‍കണമെന്നു പ്രവാചകന്‍ നിര്‍ദേശിച്ചിട്ടുണ്ട്. പെരുന്നാള്‍ ദിനത്തിന്‍റെ സൗഭാഗ്യം നേടുന്നതില്‍ നിന്ന് അവരെ തടയുന്നതു യുക്തമല്ലെന്ന് ഇതില്‍ നിന്നു മനസിലാക്കാം. അതാണു സ്ത്രീകള്‍ക്ക് ഈദ്ഗാഹുകളില്‍ പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തുന്നത്.

ഉമ്മു അതിയ്യ(റ) പറയുന്നു “ പെരുന്നാള്‍ ദിവസം ആര്‍ത്തവകാരികളും കന്യകകളും ഉള്‍പ്പെടെ നമസ്കാരസ്ഥലത്തേക്കു പുറപ്പെടാനും പ്രാര്‍ഥനകളില്‍ മുസ്ലിംകളുടെ ആ സമൂഹത്തില്‍ സാക്ഷികളാകാനും ആര്‍ത്തവകാരികള്‍ നമസ്കാര സ്ഥലത്തു നിന്നു വിട്ടുനില്‍ക്കാനും നബി(സ) കല്‍പ്പിക്കുകയുണ്ടായി’. അപ്പോള്‍ ഒരു സ്ത്രീ ചോദിച്ചു. അല്ലാഹുവിന്‍റെ ദൂതരേ, ഞങ്ങളില്‍ ഒരാള്‍ക്ക് ജില്‍ബാബ് ഇല്ലെങ്കിലോ. അവളുടെ കൂട്ടുകാരി അവള്‍ക്കൊരു ജില്‍ബാബ് അണിയിക്കട്ടെ. സ്ത്രീകള്‍ പെരുന്നാള്‍ നമസ്കാരത്തില്‍ പങ്കെടുക്കുന്നതിന്‍റെ പ്രാധാന്യമാണ് ഇതു പറഞ്ഞുതരുന്നത്.

പെരുന്നാള്‍ നമസ്കാരം രണ്ടു റകഅത്താണ്. മറ്റു നമസ്കാരങ്ങളെ അപേക്ഷിച്ച് ഒന്നാമത്തെ റകഅത്തില്‍ ഏഴു തക്ബീറുകളും രണ്ടാമത്തെ റകഅത്തില്‍ അഞ്ചു തക്ബീറുകളും ഉണ്ട്. നമസ്കാര ശേഷം ഇമാം ഖുത്തുബ(പ്രസംഗം) നിര്‍വഹിക്കുകയും പ്രാര്‍ഥിക്കുകയും പരസ്പരം സ്നേഹം പങ്കിട്ടു മടങ്ങുകയും ചെയ്യും. ഇങ്ങനെയൊക്കെയാണോ ഇപ്പോള്‍ നമ്മുടെ പെരുന്നാളാഘോഷം?

(തുടരും)

|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code