Sunday, February 05, 2012   3:30 AM IST
Supplements
Home>> News>> Business
Business
ladies only bank @kochi
Wednesday, September 23, 2009
|
|
|
വനിതകള്‍ക്കു നിയമനിര്‍മാണസഭകളില്‍ എത്ര സംവരണം വേണമെന്ന ചര്‍ച്ചകളും തര്‍ക്കങ്ങളും തുടരട്ടെ. കേരളത്തിലെ തദ്ദേശസ്ഥാപനങ്ങളില്‍ അവര്‍ക്കു നേര്‍പകുതി സീറ്റുകള്‍ മാറ്റിവച്ചു എന്നതും തല്‍ക്കാലം അവിടെ നില്‍ക്കട്ടെ. ഇതാ ഒരു ബാങ്കിലെ മാനെജരടക്കം ജീവനക്കാരെല്ലാം വനിതകള്‍. എല്ലാവരും പുതുതലമുറയില്‍പ്പെട്ടവര്‍. കേരളത്തിലെതന്നെ ഏറ്റവും വിലയേറിയ പ്ലാന്‍ഡ് റസിഡന്‍ഷ്യല്‍ പ്രദേശങ്ങളില്‍ പ്രമുഖമായ എറണാകുളം പനമ്പിള്ളിനഗറിലാണു സൗത്ത് ഇന്ത്യന്‍ ബാങ്ക് ഒരു പ്രസ്റ്റീജിയസ് ബ്രാഞ്ച് അപ്പാടെ ചെറുപ്രായക്കാരായ വനിതകളെ ഏല്‍പ്പിച്ചിരിക്കുന്നത്.

സൗത്ത് ഇന്ത്യന്‍ ബാങ്കിന്‍റെ 555-ാം ബ്രാഞ്ചാണ് അടുത്തമാസം ആദ്യവാരത്തില്‍ പനമ്പിള്ളി നഗറില്‍ തുറക്കുക. ബാങ്കിന്‍റെ ബ്രാന്‍ഡ് അംബാസഡറായ മമ്മൂട്ടി തന്നെ വനിതകളുടെ മേല്‍നോട്ടത്തിനു പച്ചക്കൊടി കാണിക്കാനെത്തുമെന്നാണു പ്രതീക്ഷ. കേരളത്തിന്‍റെ സാസ്കാരിക തലസ്ഥാനമായ തൃശൂരില്‍ അന്താരാഷ്ട്ര വനിതാദിനമായ മാര്‍ച്ച് എട്ടിനു വനിതാ ജീവനക്കാര്‍ മാത്രമുള്ള ആദ്യ ബ്രാഞ്ച് തുറന്നിരുന്നു.

പനമ്പിള്ളി നഗറിന്‍റെ പ്രൗഢി, അവിടത്തെ ജനങ്ങളുടെ സവിശേഷതകള്‍, ജീവിതരീതികള്‍, ന്യൂ ജനറേഷന്‍ ബാങ്കിങ് സംവിധാനങ്ങളിലേക്ക് ആകര്‍ഷിക്കപ്പെടുന്ന തലമുറ, ആധുനിക സാങ്കേതികവിദ്യകളില്‍ താത്പര്യമുള്ള യുവജനങ്ങള്‍ എന്നിവയൊക്കെ കണക്കിലെടുത്താണു പുതിയ ബ്രാഞ്ച് ഡിസൈന്‍ ചെയ്തിരിക്കുന്നതെന്നു മാനെജര്‍ മിനി സത്യനാഥ് പറയുന്നു. സേവനരംഗത്തു വനിതകളുടെ പ്രാഗത്ഭ്യം അംഗീകരിക്കപ്പെടുന്നു എന്നതിനു തെളിവുമാണിത്.

സൗത്ത് ഇന്ത്യന്‍ ബാങ്ക് മുന്നോട്ടുവച്ച

എല്ലാം വനിതാജീവനക്കാര്‍' എന്ന കണ്‍സപ്റ്റ് ഇതിനകം ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ടെന്നും മിനി ചൂണ്ടിക്കാട്ടുന്നു.

പനമ്പിള്ളിനഗര്‍ ആന്ധ്ര കള്‍ച്ചറല്‍ അസോസിയേഷന്‍ കെട്ടിടത്തിന്‍റെ താഴത്തെ നിലയില്‍ പണി പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്ന ബാങ്കിനു തീര്‍ത്തും വ്യത്യസ്തമായ മുഖച്ഛായ. പൂര്‍ണമായും എയര്‍കണ്ടീഷന്‍ ചെയ്ത ബാങ്കില്‍, നിക്ഷേപകരുടെ ആവശ്യങ്ങള്‍ക്കനുസരിച്ചും അവരുടെ കാലാനുസൃതമായ താത്പര്യങ്ങള്‍ക്കനുസരിച്ചും മാറ്റങ്ങളേറെയുണ്ട്. ബാങ്കിന്‍റെ 310-ാം എടിഎമ്മും ഈ ബ്രാഞ്ചില്‍ തുറക്കും.

ജീവനക്കാരെല്ലാം വനിതകളാണെങ്കിലും കസ്റ്റമേഴ്സിന്‍റെ കാര്യത്തില്‍ വകഭേദമില്ല. ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ ഇവിടെ അക്കൗണ്ടെടുക്കാം. യുവജനങ്ങളെയാണു ബാങ്ക് പ്രതേ്യകമായി നോട്ടമിടുന്നത്. മുന്‍കൂട്ടി ഫോണില്‍ ബന്ധപ്പെട്ടു കൂടിക്കാഴ്ചാസമയം നിശ്ചയിച്ചു വീട്ടിലെത്തുന്ന ബാങ്ക് ജീവനക്കാര്‍ പനമ്പിള്ളിനഗറുകാര്‍ക്ക് ആശ്ചര്യമാണുണ്ടാക്കിയിരിക്കുന്നത്. കേരളത്തിലെ എല്ലാ മേഖലയിലുമുള്ള പ്രഗത്ഭരുടേയും തട്ടകമാണു പനമ്പിള്ളിനഗര്‍ എന്നതിനാലാണു ഹൈടെക് കൊച്ചിയിലെ ആദ്യ വനിതാ ബാങ്കിന് ഇവിടംതന്നെ തെരഞ്ഞെടുത്തത്. മാനെജര്‍ അടക്കം അഞ്ചു ജീവനക്കാര്‍ തുടക്കത്തില്‍. പിന്നീടു കൂടുതല്‍പ്പേരെ നിയമിക്കും.

വനിതാവര്‍ഷത്തില്‍ വനിതകള്‍ക്കു മാത്രമായി എസ്ഐബി മഹിള എന്ന പേരില്‍ പ്രതേ്യക അക്കൗണ്ടുകള്‍ ബാങ്ക് ആരംഭിച്ചിരുന്നു. ഇന്‍ഷുറന്‍സ് കവറേജോടുകൂടിയ ഈ അക്കൗണ്ടുകള്‍ കൂടുതല്‍ വനിതകളെ ബാങ്കിടപാടുമായി ബന്ധിപ്പിക്കാന്‍ ഉപകരിച്ചു. മുഖാമുഖം കണ്ട് അഭിപ്രായം സ്വീകരിക്കുന്നതില്‍നിന്ന് ഉരുത്തിരിഞ്ഞുവന്നതാണു മുതിര്‍ന്ന പൗരന്മാര്‍ക്കു പ്രതേ്യക കൗണ്ടര്‍ എന്ന ആശയം. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍റെ തെരഞ്ഞെടുത്ത പമ്പുകളില്‍ എടിഎം കൗണ്ടറുകള്‍ സ്ഥാപിക്കാന്‍ ബാങ്ക് കഴിഞ്ഞദിവസമാണു ധാരണാപത്രം ഒപ്പിട്ടത്. ഇന്‍ഷുറന്‍സ് രംഗത്ത് എല്‍ഐസിയുമായി സഹകരണം. വിവിധ മ്യൂച്വല്‍ ഫണ്ട് കമ്പനികളുടെ ഉത്പന്നങ്ങളുടെ വിപണനം...

കേരളത്തിന്‍റെ സ്വന്തം എന്നു വിശേഷിപ്പിക്കാവുന്ന സൗത്ത് ഇന്ത്യന്‍ ബാങ്ക് മാറുന്ന കാലത്തിനനുസൃതമായി വേറിട്ട വഴികള്‍ പരീക്ഷിച്ചു വിജയിപ്പിക്കുകയാണ്. അതിന്‍റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഓള്‍ വിമന്‍ ബ്രാഞ്ച്. ഒരു ബ്രാഞ്ചില്‍ വനിതകളെ നിയമിക്കുക മാത്രമല്ല, രൂപത്തിലും ഭാവത്തിലും പ്രവര്‍ത്തനശൈലിയിലും അടിമുടി മാറ്റങ്ങളുള്ള വേറിട്ടൊരു ബാങ്കിങ് സംസ്കാരമാണു ബാങ്ക് ഇതിലൂടെ മുന്നോട്ടുവയ്ക്കുന്നത്.



|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code