Thursday, February 09, 2012   7:51 AM IST
Supplements
Home>> Vaartha Life>> Speed
Speed
ഗ്യാസ് കണ്‍വെര്‍ഷന്‍: ശ്രദ്ധിക്കേണ്ടത്
Sunday, October 04, 2009
|
|
|
പെട്രോളിന്‍റെ വില കുത്തനെ ഉയരുന്നതുമൂലം എല്‍പി ഗ്യാസ് ഉപയോഗിച്ച് കാര്‍ ഓടിക്കുന്നവരുടെ എണ്ണം വര്‍ധിച്ചുവരുകയാണ്. കാറിന്‍റെ റണ്ണിങ് കോസ്റ്റ് കുറയ്ക്കുന്നതിനോടൊപ്പം തന്നെ അന്തരീക്ഷ മലിനീകരണവും കുറയ്ക്കാന്‍ ഗ്യാസ് കണ്‍വെര്‍ഷന്‍ സഹായിക്കും.

ഇന്ത്യയില്‍ തൊണ്ണൂറുകളുടെ പകുതി മുതല്‍ത്തന്നെ കാറുകള്‍ ഗ്യാസില്‍ ഓടുവാന്‍ തുടങ്ങിയിരുന്നു. ഗൃഹാവശ്യത്തിനുള്ള എല്‍.പി.ജി സിലിണ്ടറുകളാണ് ഇതിനായി ഉപയോഗിച്ചിരുന്നത്. എന്നാല്‍ ഇത്തരം സംവിധാനം അപകട സാധ്യതയുള്ളതാണെന്നു തിരിച്ചറിഞ്ഞ സര്‍ക്കാര്‍ ഇവയ്ക്കു വിലക്ക് ഏര്‍പ്പെടുത്തിയതോടെ ബൂട്ടില്‍ ഒളിപ്പിച്ചുവച്ച ഗ്യാസ് കുറ്റികള്‍ പഴങ്കഥയായി. പാചകവാതക സിലിണ്ടര്‍ വാഹനങ്ങളില്‍ ഉപയോഗിക്കുന്നത് കേന്ദ്ര മോട്ടോര്‍ വാഹനനിയമം 115 ബി, 115 സി, കേരള മോട്ടോര്‍ വാഹന നിയമം 252 എന്നിവ പ്രകാരം കുറ്റകരമാണ്.

പുതിയ നിയമപ്രകാരം മള്‍ട്ടി വാല്‍വോടു കൂടിയ എമര്‍ജന്‍സി പ്രഷര്‍ റിലീസിങ് സിസ്റ്റമുള്ള എല്‍പിജി ടാങ്കുകള്‍ ഉപയോഗിക്കണം. ഈ ടാങ്കുകളിലേക്ക് പെട്രോള്‍ നിറയ്ക്കുംപോലെ ഗ്യാസ് നിറയ്ക്കാന്‍ കഴിയും. ഒന്നു മുതല്‍ 62 ലിറ്റര്‍ വരെ കപ്പാസിറ്റിയുള്ള ഇത്തരം ടാങ്കുകള്‍ ലഭ്യമാണ്. പെട്രോളിന്‍റെ പാതിവിലയ്ക്ക് ലഭിക്കുന്ന എല്‍പി ഗ്യാസ് പെട്രോള്‍ നല്‍കുന്ന അതേ മൈലേജ് നല്‍കും.

എല്‍പിജി കണ്‍വെര്‍ഷന്‍ നിയമപ്രകാരം ആക്കണമെങ്കില്‍ അംഗീകൃത ഗ്യാസ് കണ്‍വെര്‍ഷന്‍ കിറ്റുകള്‍ അം ഗീകൃത റിട്രോഫിറ്റിന്‍റെ സെന്‍ററില്‍ നിന്നു ഫിറ്റു ചെയ്തതാണെന്നു കാണിക്കുന്ന സര്‍ട്ടിഫിക്കറ്റ്, കിറ്റിന്‍റെ സെയ്ല്‍സ് റെസിപ്റ്റ്, കിറ്റിന്‍റെ കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ അംഗീകാരത്തിന്‍റെ പകര്‍പ്പ് എന്നിവ സഹിതം ആര്‍ടിഓഫിസില്‍ ഹാജരാക്കി എന്‍ഡോഴ്സിങ് ഫീസും അടച്ചാല്‍ ആര്‍സി ബുക്കില്‍ എല്‍പിജി എന്നു രേഖപ്പെടുത്തിക്കിട്ടും. ഇങ്ങനെ രേഖപ്പെടുത്തിയാല്‍ മാത്രമേ എല്‍പിജി കണ്‍വെര്‍ഷന്‍ നിയമപരമാവുകയുള്ളൂ. ഇത്തരം വാഹനങ്ങള്‍ക്കേ എല്‍പിജി ഡിസ്പെന്‍ഡിങ് സ്റ്റേഷനുകളില്‍ നിന്ന് ഇന്ധനം നിറയ്ക്കാനും മറ്റും നിയമപരമായ സംരക്ഷണം (ഇന്‍ഷുറന്‍സ് കവറേജ്) ലഭിക്കാനും സാധിക്കുകയുള്ളൂ.

അംഗീകാരമുള്ള ഗ്യാസ് കണ്‍വെര്‍ഷന്‍ കിറ്റുകള്‍ തിരിച്ചറിയാന്‍ ഇനിപ്പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുക.

* കിറ്റിന് എആര്‍എഐ/വിആര്‍ഡിഇ അംഗീകാരം ലഭിച്ച സര്‍ട്ടിഫിക്കറ്റിന്‍റെ കോപ്പി.

* കിറ്റിന് സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് അഥോറിറ്റിയുടെ അംഗീകാരത്തിന്‍റെ കോപ്പി.

* കിറ്റിന് കേന്ദ്രഗവണ്‍മെന്‍റിനുവേണ്ടി അംഗീകാരം നല്‍കുന്ന ഏജന്‍സികളാണ് എആര്‍എഐയും വിആര്‍ഡിഇയും.

പൂനെയിലെ ഓട്ടൊമോട്ടിവ് റിസര്‍ച്ച് അസോസിയേഷന്‍ ഒഫ് ഇന്ത്യയുടെ ചുരുക്കപ്പേരാണ് എആര്‍എഐ. കേന്ദ്രവ്യവസായ വകുപ്പിന്‍റെ കീഴിലുള്ള വിആര്‍ഡിഇയുടെ പൂര്‍ണരൂപം വെഹിക്കിള്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്‍റ് എസ്റ്റാബ്ലിഷ്മെന്‍റ് എന്നാണ്.

ഓരോതരം വാഹനങ്ങള്‍ക്കും കിറ്റിനു ലഭിക്കുന്ന അംഗീകാരം വ്യത്യസ്തമായിരിക്കും. ഏതു കമ്പനിയുടെ ഏതുതരം വാഹനത്തിനാണോ അംഗീകാരം നല്‍കിയിരിക്കുന്നത് എന്നു സര്‍ട്ടിഫിക്കറ്റില്‍ പ്രത്യേകം രേഖപ്പെടുത്തിയിട്ടുണ്ടാകും. ഒരു വാഹനത്തിനു ലഭിക്കുന്ന അംഗീകാരംകൊണ്ട് ആ ടൈപ്പ് വാഹനങ്ങള്‍ മാത്രമേ കണ്‍വെര്‍ട്ട് ചെയ്യാന്‍ സാധിക്കുകയുള്ളൂ. കൂടാതെ ഇത്തരം അംഗീകാരങ്ങളുടെ കാലാവധി, നിശ്ചിത കാലയളവിലേക്കു മാത്രമായിരിക്കും.

വാഹനങ്ങളില്‍ കിറ്റ് ഘടിപ്പിക്കുന്നതിനു മുന്‍പ് ഇത്തരം സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിച്ച് അംഗീകാരം ബോധ്യപ്പെടണം. ഉദാഹരണമായി മാരുതി 800നു ലഭിച്ച 1998 ഏപ്രില്‍ 1 മുതല്‍ 2008 ഏപ്രില്‍ ഒന്നുവരെ കാലാവധിയുള്ള അംഗീകാരം ഉപയോഗിച്ച് മാരുതി 800നു മാത്രമേ ആ കിറ്റ് ഘടിപ്പിക്കാന്‍ സാധിക്കുകയുള്ളൂ. ഈ അധികാരം ഉപയോഗിച്ച് മറ്റു മോഡലുകളോ ഈ കാലയളവിനുശേഷമുള്ള മാരുതി 800 കാറുകളിലോ നിയമപരമായി കിറ്റ് ഘടിപ്പിക്കാനാവില്ല. ഇത്തരം അംഗീകാരത്തിന്‍റെ കോപ്പി റിട്രോഫിറ്റ്മെന്‍റ് സെന്‍ററുകളില്‍ സൂക്ഷിച്ചിട്ടുണ്ടാവും.

ഗ്യാസ് കണ്‍വെര്‍ഷനില്‍ ശ്രദ്ധിക്കേണ്ട മറ്റു ചില കാര്യങ്ങള്‍ കൂടിയുണ്ട്. അതിനെപ്പറ്റി അടുത്തയാഴ്ച പറയാം.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code