വ്യാജന്മാര്‍ വിലസുന്ന ആയുര്‍വേദ ചികിത്സ
ഷാജി പൊന്നമ്പുള്ളി
ആയുര്‍വേദ ചികിത്സാരംഗത്തു വ്യാജന്മാരുടെ കടന്നുവരവു ശാസ്ത്രീയ വൈദ്യത്തിനു ഭീഷണി. ആയുര്‍വേദത്തിന്‍റെ അടിസ്ഥാന സിദ്ധാന്തമനുസരിച്ചു ചികിത്സ നട ത്തുന്ന അനേകം വൈദ്യന്മാരുടെ നാടാണിത്. പാരമ്പര്യചികിത്സകരായ ഒട്ടേറെ പ്രഗ ത്ഭര്‍ ചികിത്സിച്ചു പേരെടുത്ത നാട്ടില്‍ ഇന്നു വ്യാജന്മാര്‍ വിലസുകയാണ്. വേണ്ടത്ര യോഗ്യതയില്ലാത്ത ഇത്തരം വൈദ്യന്മാരാണ് ആയുര്‍വേദ ചികിത്സയെക്കുറിച്ചു തെറ്റിദ്ധാരണയുണ്ടാക്കുന്നത്. പറഞ്ഞു കേട്ട അറിവുവച്ചു ചികിത്സ നടത്തുന്നവരുടെ എണ്ണം ഇപ്പോള്‍ ക്രമാതീതമാ യി വര്‍ദ്ധിച്ചതായാണു റിപ്പോര്‍ട്ട്. മനുഷ്യശരീരത്തെയോ, ശരീരത്തി ന്‍റെ പ്രവര്‍ത്തനങ്ങളെയോഅറിയാതെ മരുന്നുകള്‍ നിശ്ചയിക്കുകയാണു പലപ്പോഴും വ്യാജന്‍മാര്‍ ചെയ്യുന്നത്.
ഔഷധം രോഗത്തെ മാറ്റുമെങ്കിലും അനുയോജ്യമല്ലാത്ത ചികിത്സാരീതി രോഗം ഭേദമാക്കില്ലെന്നു മാത്രമല്ല മറ്റു പല രോഗങ്ങള്‍ക്കു കാരണമാകുന്നുമുണ്ട്. ഇതു ജന ങ്ങളില്‍ ആയുര്‍വേദത്തിന്‍റെ പ്രായോഗികതയെക്കുറിച്ചു തെറ്റിധാരണയുണ്ടാക്കുന്നുവെന്നും ഡോക്റ്റര്‍മാര്‍. നിയമങ്ങള്‍ കര്‍ക്കശമാക്കാത്തതു വ്യാജവൈദ്യന്മാരുടെ എണ്ണം വര്‍ധിക്കാന്‍ കാരണമാകുന്നുണ്ട്. പരിശോധന കൃത്യമായി നടത്താന്‍ സാധിക്കാത്തതും വ്യാജവൈദ്യന്മാര്‍ പെരുകുന്നതിനു കാരണമായി.
ഡബ്ല്യുഎച്ച്ഒ നിഷ്കര്‍ഷിച്ച രീതിയില്‍ മരുന്നുകള്‍ തയാറാക്കുന്ന ചുരുക്കം ചില സ്ഥാപനങ്ങള്‍ മാത്രമാണു കേരളത്തിലുള്ളത്. ആനിമല്‍ ട്രയല്‍ നടത്താതെയും വേണ്ടത്ര ഗവേഷണങ്ങളില്ലാതെയും പുതിയ ഔഷധങ്ങള്‍ നേരിട്ടു മാര്‍ക്കറ്റിലിറക്കുകയാണു പല സ്ഥാപനങ്ങളും ചെയ്യുന്നത്. ഗവണ്‍മെന്‍റ് ഒഫ് ഇന്ത്യ അംഗീകരിച്ച നിയമങ്ങള്‍ കര്‍ശനമാക്കിയാല്‍ ഇത്തരം വ്യാജ ചികിത്സ തടയാന്‍ കഴിയും. ത്വക് രോഗങ്ങള്‍, ലൈംഗിക രോഗങ്ങള്‍ തുടങ്ങിയവ പരിഹരിക്കാനായി ഇറക്കുന്ന മരുന്നുകള്‍, പ്രമേഹം, കേശസംരക്ഷണം, സൗന്ദര്യവര്‍ധക വസ്തുകള്‍ എന്നിവയിലാണു വ്യാജന്‍മാര്‍ കൂടുതല്‍. ജനങ്ങളുടെ ദൗര്‍ബല്യങ്ങളെ ചൂഷണം ചെയ്യുന്ന ഇത്തരം മരുന്നുകളെ നിയന്ത്രിക്കാനുള്ള നിയമം കര്‍ശനമല്ല. വ്യാജ പരസ്യങ്ങള്‍ നല്‍കിയാണ് ഇത്തരം മരുന്നുകള്‍ മാര്‍ക്കറ്റിലെത്തിക്കുന്നത്.
മലയാളിയുടെ ജീവിത ശൈലികളിലുണ്ടായ മാറ്റമാണു കുത്തക മരുന്നുകളുടെ കടന്നു വരവിന് ഇടയാക്കിയതെന്നും വിദഗ്ധര്‍.കാലത്തിനനുസരിച്ച് ആയുര്‍വേദവും മാറ്റങ്ങളെ ഉള്‍ക്കൊണ്ടതാണു പേറ്റന്‍റ് മെഡിസിന് ഏറെ പ്രചാരം ലഭിച്ചത്. ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യ ഉപ യോഗിച്ചാണ് ഇത്തരം മരുന്നുകള്‍ നിര്‍മിക്കുന്നത്. ഈ മേഖലയിലും വ്യാജന്‍മാര്‍ സജീവം. കഷായത്തിനു പകരം ടാബ്ലറ്റുകളാണു വിപണിയിലിറങ്ങുന്നത്. ഇതു കഷായത്തിന്‍റെ ഗുണം ചെയ്യുന്നില്ലെന്നാണു വിദഗ്ധ അഭിപ്രായം. എന്നാല്‍ ഡോക്റ്റര്‍മാര്‍ക്കിടയില്‍ ഇപ്പോഴും ഇതു തര്‍ക്കവിഷയമാണ്.
Close...
Maximum Character Allowed -
4000