ക്ലാസ് കട്ട് ചെയ്യുന്ന വിദ്യാര്‍ഥികള്‍ സൂക്ഷിക്കുക, വൈകിട്ടു സ്കൂളില്‍ സ്പെഷ്യല്‍ ക്ലാസുണ്ടെന്നു കള്ളം പറയുന്നവരും ജാഗ്രതൈ. പ്രോഗ്രസ് കാര്‍ഡ് തിരുത്തുന്നവര്‍ക്കും വീട്ടില്‍നിന്നു കൊടുത്തുവിടുന്ന ഫീസ് ഐസ്ക്രീമിനു ചെലവിടുന്നവര്‍ക്കും പണികിട്ടും.
വിദ്യാര്‍ഥികളെ സംബന്ധിച്ച വിവരങ്ങള്‍ തത്സമയം രക്ഷിതാക്കളുടെ സെല്‍ഫോണില്‍ എസ്എംഎസ് രൂപത്തില്‍ ലഭ്യമാക്കുന്ന സ്റ്റുഡന്‍റ്സ് മോണിറ്ററിങ് എസ്എംഎസ് സംവിധാനം കേരളത്തിലും എത്തുന്നു. ഷാര്‍ജ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഗുഡ്ലക്ക് സിസ്റ്റംസിന്‍റെ ഇന്ത്യയിലെ സഹോദരസ്ഥാപനങ്ങളായ ജിഎസ്എം കമ്യൂണിക്കേഷന്‍ സിസ്റ്റംസ് പ്രൈവറ്റ് ലിമിറ്റഡ് കൊച്ചിയും, ജിഎസ്എം ടെക്നോളജീസ് ഹൈദരാബാദും ചേര്‍ന്നാണു കുട്ടികള്‍ക്കു തലവേദനയും രക്ഷിതാക്കള്‍ക്ക് ആശ്വാസവുമാകുന്ന പദ്ധതി അവതരിപ്പിക്കുന്നത്. യുഎഇയില്‍ ഒട്ടുമിക്ക പ്രമുഖ സ്കൂളുകളിലും ഇതു നടപ്പാക്കിക്കഴിഞ്ഞു.
പദ്ധതിയുടെ ഉദ്ഘാടനം നാളെ വൈകിട്ട് മൂന്നിന് എറണാകുളം ടോക് എച്ച് സ്കൂളില്‍ മന്ത്രി എം. വിജയകുമാര്‍ നിര്‍വഹിക്കും. പ്രസിഡന്‍റ് പി. ജെ. ജോസഫ് അധ്യക്ഷത വഹിക്കും. ജിഎസ്എം കമ്യൂണിക്കേഷന്‍സ് സിസ്റ്റംസ് കെ. രാജീവ് പ്രൊജക്റ്റ് അവതരിപ്പിക്കും. എംഎല്‍എമാരായ കെ. ബാബു, വി. ഡി. സതീശന്‍, സ്കൂള്‍ മാനെജര്‍ കെ. വര്‍ഗീസ്, സതി രാമചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
വിദ്യാര്‍ഥികളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംബന്ധിച്ച് അധ്യാപകരും രക്ഷിതാക്കളും തമ്മിലുള്ള ആശയവിനിമയം കാര്യക്ഷമമാക്കുകയാണു പദ്ധതിയുടെ ലക്ഷ്യമെന്നു ഗുഡ്ലക്ക് സിസ്റ്റംസ് മാനെജര്‍ കെ. രാജീവ് പറഞ്ഞു.
സ്കൂളിലെ കംപ്യൂട്ടറില്‍ കമ്പനിയുടെ സോഫ്റ്റ്വെയര്‍ സ്ഥാപിക്കുകയേ വേണ്ടൂ. മുഴുവന്‍ കുട്ടികളുടെയും ക്ലാസ് തിരിച്ചുള്ള വിവരങ്ങള്‍ അതിലുള്‍പ്പെടുത്താം. ഒപ്പം രക്ഷിതാവിന്‍റെ മൊബൈല്‍ഫോണ്‍ നമ്പരും. എപ്പോഴൊക്കെ എസ്എംഎസ് വേണമെന്നു രക്ഷിതാവിനു തീരുമാനിക്കാം. അതു ദിവസം, ആഴ്ച, മാസം എന്നിങ്ങനെ എങ്ങനെയും തെരഞ്ഞെടുക്കാം. കൂടുതല്‍ രക്ഷിതാക്കള്‍ പദ്ധതിയില്‍ ചേര്‍ന്നാല്‍ എസ്എംഎസ് നിരക്ക് കുറയും. വൈകിട്ട് സ്കൂള്‍ ബസ് വൈകിയാല്‍, പിടിഎ മീറ്റിങ് തീയതി അറിയിക്കാന്‍, സ്പോട്സ്-പിക്നിക് വിവരങ്ങളും കുട്ടിയുടെ പെരുമാറ്റവും ക്ലാസ് ടെസ്റ്റ് റിസല്‍റ്റുകള്‍ എത്തിക്കാന്‍, ഹോംവര്‍ക്ക് നല്‍കാന്‍... എല്ലാത്തിനും എസ്എംഎസ്. ഡയറി എഴുതുക എന്നതൊക്കെ പഴഞ്ചനാകുന്നു.
Close...
Maximum Character Allowed -
4000