ഒരുപാടു സിനിമകള്‍ ഹോളിവുഡില്‍ നിന്നെത്തിയിട്ടുണ്ട് ലോകാവസാനത്തെക്കുറിച്ചു മനുഷ്യനെ ബോധവാനാക്കാന്‍. എന്നാല്‍ ഒരു ചിത്രവും കൃത്യമായ ഒരു സമയം ആര്‍ക്കും പറഞ്ഞുതന്നില്ല. സിനിമ എന്നതിലപ്പുറം അവയൊന്നും ചര്‍ച്ചാവിഷയം ആയിട്ടുമില്ല. ഇതെല്ലാം മാറ്റിമറിക്കാന്‍ സിനിമാറ്റിക് വിഷന് അപ്പുറമുള്ള പ്രസക്തി ചൂണ്ടിക്കാട്ടുന്ന ചിത്രം തിയെറ്ററുകളിലെത്തുന്നു. സിനിമയുടെ നിര്‍മാണഘട്ടം മുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന 2012 നവംബര്‍ പതിമൂന്നിനു പ്രേക്ഷകര്‍ക്കു മുന്നിലെത്തുമ്പോള്‍ മനുഷ്യരാശിക്കുമുന്നില്‍ തുറക്കുന്നതു പേടിപ്പെടുത്തുന്ന ഒരു കൂട്ടം വസ്തുതകള്‍. പുരാതന മായന്‍ കലണ്ടര്‍ പ്രകാരം 2012ല്‍ ലോകാവസാനമാണ്. വിഖ്യാത സംവിധായകന്‍ റോളണ്ട് എമെറിക്ക് അതു തന്‍റെ സ്വപ്നചിത്രത്തിനു വിഷയമാക്കി. തൊള്ളായിരം കോടി രൂപ മുടക്കി 157 മിനിറ്റ് ദൈര്‍ഘ്യമുള്ള ദൃശ്യാനുഭവം എത്തുമ്പോള്‍ ഓരോരുത്തരും ഭൂമിയുടെ ഇന്നത്തെ അവസ്ഥയെക്കുറിച്ചു രണ്ടാമതൊന്നു ചിന്തിക്കുമെന്നു തീര്‍ച്ച.
ശക്തമായ ഭൂചലനത്തില്‍ ലോസ് ഏഞ്ജലസ് മൊത്തമായി കടലില്‍ പതിക്കുകയാണ്. വത്തിക്കാനിലെ പള്ളി തകര്‍ന്ന് അതിന്‍റെ ഗോപുരം അടര്‍ന്നു വീഴുന്നത് അവിടെ കൂടിയിരിക്കുന്ന വിശ്വാസികളുടെ പുറത്തേക്ക്. കൊലയാ ളിത്തിരമാലകളുമായി എത്തുന്ന സുനാമി, വിമാനത്തെ വീഴ്ത്തുന്നത് വൈറ്റ് ഹൗസിന്‍റെ മുകളിലേക്ക്. ഇതിനെല്ലാം മേലെ ആകാശത്തുനിന്ന് ഉല്‍ക്കാപതനവും. ഫാന്‍റസി കഥകളില്‍ പറയുന്നതൊന്നുമല്ലിത്. 2012ല്‍ ലോകാവസാനം സംഭവിക്കുമെന്ന മുന്നറിയിപ്പോടെയെത്തുന്ന ചിത്രത്തിലെ വിവിധ ദൃശ്യങ്ങളാണിവ. ഹിമാലയത്തെപ്പോലും വിഴുങ്ങാന്‍ തയാറെടുക്കുന്ന കൂറ്റന്‍ തിരമാലകള്‍ക്കു മുന്നിലും ഭൂമി പിളര്‍ന്നു കടന്നുപോകുന്ന മിന്നല്‍പ്പിണരുകള്‍ക്കു മുന്നിലും മനുഷ്യന്‍റെ ബുദ്ധിയും ശക്തിയുമെല്ലാം നിസഹായമായി നില്‍ക്കുകയാണ്. പരിസ്ഥിതി പ്രശ്നങ്ങളെക്കുറിച്ചു മുറവിളി കൂട്ടിയിട്ടും കേള്‍ക്കാതിരുന്നവരുടെ ചെവികളിലേക്ക്, ബുദ്ധിയിലേക്ക് ആഞ്ഞു പതിക്കും 2012ലെ ഓരോ ദൃശ്യവും. വീ ആര്‍ വാണ്‍ഡ് എന്ന ടാഗ് ലൈനോടുകൂടി എത്തുന്ന ചിത്രം. ദ് ഇന്‍ഡിപെന്‍ഡന്‍സ് ഡെ, ഡെ ആഫ്റ്റര്‍ ടുമോറോ, 10000 ബി.സി, ഗോഡ്സില്ല തുടങ്ങിയ ചിത്രങ്ങളിലൂടെ സിനിമാപ്രേമികളെ വിസ്മയിപ്പിച്ച സംവിധായകന്‍ പറയുന്നു, ലോകാവസാനം 2012ല്‍ സംഭവിക്കുമെന്ന്.
സാറ്റ്ലൈറ്റ് സംവിധാനങ്ങള്‍ക്കും ജിപിഎസ് സിസ്റ്റത്തിനുമെല്ലാം 2012ല്‍ സംഭവിക്കാന്‍ പോകുന്ന പ്രശ്ന ങ്ങള്‍ ഇതിനകം തന്നെ ശാസ്ത്രജ്ഞര്‍ അറിയിച്ചതാണ്. അതൊക്കെയും ലോകം ഇല്ലാതാവുന്നതിന്‍റെ സൂചകങ്ങളാണെന്ന് സിനിമയിലൂടെ തെളിയിക്കുന്നു. ജോണ്‍ കുസാക്, അമന്ദ പീറ്റ്, ഒളിവര്‍ പാറ്റ്, ഡാനി ഗ്ലോവര്‍, വൂഡി ഹാരെല്‍സന്‍ തുടങ്ങിയവര്‍ അണിനിരക്കുന്ന ചിത്രത്തില്‍ സയന്‍സ് ഫിക്ഷന്‍ എഴുത്തുകാരന്‍ ജാക്സന്‍ കര്‍ട്ടിസിന്‍റെ വേഷമാണ് ജോണ്‍ കുസാക്കിന്. ഭാര്യ ആഡ്രിയാന്‍ ഹെംസ്ലിയായി അമന്ദ പീറ്റ്. പ്രസിഡന്‍റ്സ് ചീഫ് ഒഫ് സ്റ്റാഫ്സ് കാള്‍ അഹുസറായി ഒളിവര്‍ പാറ്റ്. അമേരിക്കന്‍ പ്രസിഡന്‍റ് തോമസ് വില്‍സന്‍റെ വേഷം ഡാനി ഗ്ലോവറിന്. ലോകാവസാനം പ്രവചിക്കുന്ന മനുഷ്യനെ ഭ്രാന്തനെന്ന് എല്ലാവരും ഭ്രാന്തനെന്നു വിളിക്കും. ഒടുവില്‍ സത്യത്തിനു മുന്നില്‍ തരിച്ചു നില്‍ക്കുകയാണ് എല്ലാവരും. ഭ്രാന്തനായ ജ്യോത്സ്യനെ അവതരിപ്പിക്കുന്നത് വൂഡി ഹാരെല്‍സന്‍.
ഹരോള്‍ഡ് ക്ലോസറും റോളണ്ടും ചേര്‍ന്നെഴുതിയ തിരക്കഥയ്ക്ക് ദൃശ്യവിസ്മയം ഒരുക്കിയത് ഡീന്‍ സെംലര്‍. എഡിറ്റിങ് ഡേവിഡ് ബ്രെന്നര്‍, പീറ്റര്‍.എസ്. എലിയട്ട്. അതിശയിപ്പിക്കുന്ന വിഷ്വല്‍ ഇഫക്റ്റുകള്‍കൊണ്ടും ഗ്രാഫിക്സിന്‍റെ മായാജാലം കൊണ്ടും സിനിമയെ വ്യത്യസ്തമാക്കുന്നത് സെന്‍ട്രോപോളിസ് എന്‍റര്‍റ്റെയ്ന്‍മെന്‍റും ദ് മാര്‍ക്ക് ഗോര്‍ഡന്‍ കമ്പനിയും ചേര്‍ന്ന്. സോണി പിക്ചേഴ്സ് അവതരിപ്പിച്ച് കൊളംബിയ പിക്ചേഴ്സ് വിതരണം ചെയ്യുന്ന 2012 കേരളത്തിലെത്തിക്കുന്നത് കെ.പി. വര്‍ക്കി ആന്‍ഡ് വി.എസ് ഗ്രൂപ്പ്. ഭൂമിയുടെ ഉള്ളു തുറന്നു പതിക്കുന്ന ഉല്‍ക്കകള്‍ അഗ്നിപര്‍വതങ്ങളെ തകര്‍ത്ത്, സമുദ്രങ്ങളില്‍ ആഘാതം സൃഷ്ടിച്ചു കടന്നെത്താന്‍ ഇനി അധികം കാത്തിരിക്കേണ്ടതില്ല. അവസാനം ഇങ്ങെത്തിക്കഴിഞ്ഞു.
Close...
Maximum Character Allowed -
4000