കീമോതെറാപ്പിയെ പേടിക്കരുത്
Thursday,
November 12,
2009
ശാരിക ശങ്കര്‍
ക്യാന്‍സര്‍ എന്നതു മാരകമായ രോഗമാണെന്നും അതു ഭേദമാക്കാന്‍ കഴിയില്ലെന്നുമുള്ള ധാരണയുള്ളവര്‍ ഇപ്പോഴുമുണ്ട് സമൂഹത്തില്‍. ക്യാന്‍സര്‍ ട്രീറ്റ്മെന്‍റ് രംഗത്തു വന്‍ പുരോഗതിയുണ്ടായിട്ടുള്ളത് തിരിച്ചറിയാത്തവരാണ് ഏറെയും. ഇനി അഥവാ ട്രീറ്റ്മെന്‍റിനു തയാറായാലും കീമോതെറാപ്പിയെന്നു കേള്‍ക്കുമ്പോഴേ ഭയം തുടങ്ങും. അസുഖത്തേക്കാള്‍ ഭയമാണ് കീമോതെറാപ്പിയോട്. രോഗത്തെ ഇല്ലാതാക്കാന്‍ ശക്തിയേറിയ മരുന്നുകള്‍ ശരീരത്തിനു നല്‍കുന്നതാണ് കീമോതെറാപ്പി. ക്യാന്‍സര്‍ കണ്ടെത്തുന്നവരിലെല്ലാം കീമോതെറാപ്പി ചെയ്യണമെന്നു പറയുന്നതുപോലും തെറ്റായധാരണയാണ്. ക്യാന്‍സര്‍ ഏതു തരത്തിലുള്ളതാണെന്നും അതിന്‍റെ സൈസും സ്റ്റേജും ലൊക്കേഷനും ഒക്കെ അനുസരിച്ച് ട്രീറ്റ്മെന്‍റിലും വ്യത്യാസം വരുന്നു. റേഡിയേഷന്‍, സര്‍ജറി എന്നിവ കീമോയ്ക്കു പുറമേയുള്ള ട്രീറ്റ്മെന്‍റുകളാണ്. എന്നാല്‍ കീമോതെറാപ്പിയിലേക്കു വരുമ്പോള്‍ മറ്റുള്ളവയില്‍ നിന്നു കൂടുതല്‍ സംശയങ്ങളാണുള്ളത്.
മനംപിരട്ടല്‍, ഛര്‍ദ്ദി, മുടികൊഴിച്ചില്‍, ത്വക്കിനും നഖള്‍ക്കും വായ്ക്കുള്ളിലുമൊക്കെ നിറം മാറ്റം, വിശപ്പില്‍ വരുന്ന വ്യതിയാനം, അമിതവിശപ്പ് എന്നിവയെല്ലാം ഇതിന്‍റെ പാര്‍ശ്വഫലങ്ങളാണ്. എന്നാല്‍ ഏറ്റവും പ്രധാനവും പ്രശ്നമുണ്ടാക്കുന്നതും കീമോതെറാപ്പി ഇന്‍ഡ്യൂസ്ഡ് നോസിയ ആന്‍ഡ് വൊമിറ്റിങ് (സിഐഎന്‍വി) അഥവാ ഛര്‍ദ്ദിയും മനംപിരട്ടലും തന്നെ. കീമോതെറാപ്പി വഴി കെമിക്കലുകളും മെഡിക്കേഷനും ശരീരത്തിലേക്ക് എത്തുമ്പോള്‍ അതു നിരാകരിക്കുക ശരീരത്തിന്‍റെ സ്വഭാവമാണ്. അതിന്‍റെ ഭാഗമാണ് മനംപിരട്ടലും ഛര്‍ദ്ദിയും. ഇത് സ്ഥിരമായി ആവര്‍ത്തിക്കുമ്പോള്‍ ശരീരത്തിലെ ജലാംശം നഷ്ടപ്പെടുകയും പലതരം ആരോഗ്യപ്രശ്നങ്ങളുണ്ടാവുകയും ചെയ്യുന്നതു സ്വാഭാവികം. ശരീരം ക്ഷീണിക്കുക, വിശപ്പില്ലാതാവുക തുടങ്ങി നിരവധി പ്രശ്നങ്ങള്‍. ഇതോടെ രോഗി പലപ്പോഴും കീമോതെറാപ്പി മതിയാക്കാനോ കൃത്യമായ ഡോസുകള്‍ക്ക് എത്താതിരിക്കാനോ ഇടയുണ്ട്. ഇങ്ങനെ ചെയ്യുന്നത് ഛര്‍ദ്ദി ഒഴിവാക്കുമെങ്കിലും ജീവന്‍ നിലനില്‍ക്കുന്ന കാര്യം സംശയത്തിലാവും. കാരണം ക്യാന്‍സറിനുള്ള ചികിത്സയാണ് ഒഴിവാക്കപ്പെടുന്നത്.
ഇപ്പോഴിതാ കീമോതെറാപ്പിയുടെ സൈഡ് ഇഫക്റ്റായ മനംപിരട്ടലും ഛര്‍ദ്ദിയും കുറയ്ക്കാനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്തിയിരിക്കുന്നു. ക്യാന്‍സറിനുള്ള മരുന്നിനൊപ്പം ആന്‍റി നോസിയ/ വൊമിറ്റിങ് ഡ്രഗ് അഥവാ ആന്‍റി-എമെറ്റിക്സ് നല്‍കുന്നതാണ് പുതിയ രീതി. ഇതു വഴി മരുന്നുകള്‍ സൃഷ്ടിക്കാനിടയുള്ള പ്രശ്നങ്ങള്‍ ഒരുപരിധി വരെ കുറയ്ക്കുന്നു. ഇരുപത്തിനാലു മണിക്കൂര്‍ നേരം വരെ ഛര്‍ദ്ദി തടഞ്ഞുനിര്‍ത്താനും കഴിയും. കീമോതെറാപ്പി മരുന്നിനൊപ്പമോ ഒറ്റയ്ക്കോ നല്‍കാവുന്നതാണ് ആന്‍റി എമെറ്റിക്സ്. ക്യാന്‍സര്‍ ചികിത്സയില്‍ തന്നെ ആശാവഹമായ മാറ്റം വരുത്താന്‍ കഴിയുന്ന ഒരു രീതിയാണ് ഇത്. തലച്ചോറില്‍ നോസിയയ്ക്കും വൊമിറ്റിങ്ങിനും കാരണമാകുന്ന ന്യൂറോകിനിന്‍ എന്ന നാച്ചുറല്‍ സബ്സ്റ്റന്‍സിനെ തടയുകയാണ് ആന്‍റി എമെറ്റിക്സിന്‍റെ ജോലി.
ഛര്‍ദ്ദിയും മനംപിരട്ടലും ഒഴിവാക്കാന്‍ മരുന്നു കഴിച്ചെന്നു കരുതി പ്രശ്നങ്ങളെല്ലാം അവസാനിച്ചെന്നു കരുതരുത്. രോഗി സ്വയം ചെയ്യേണ്ട ചില സംഗതികള്‍ കൂടിയുണ്ട്.
1. പൊരിച്ചതും കൊഴുപ്പുള്ളതുമായ ഭക്ഷണം ഒഴിവാക്കുക.
2. ഒന്നിച്ചു ഭക്ഷണം കഴിക്കാതെ, കുറേശെയായി ഒരുപാട് തവണകളില്‍ കഴിക്കാന്‍ ശ്രമിക്കണം. ഒപ്പം നന്നായി ചവച്ചരച്ചു വേണം കഴിക്കാന്‍.
3. ഭക്ഷണം കഴിച്ചു രണ്ടു മണിക്കൂര്‍ നേരത്തേക്കു നിവര്‍ന്നു കിടക്കരുത്. തലയ്ക്കു സപ്പോര്‍ട്ടു കൊടുത്ത് ഇരിക്കാന്‍ ശ്രദ്ധിക്കണം.
4. ധാരാളം വെള്ളം കുടിക്കുക. കുറേശെയായി കുടിക്കുന്ന വെള്ളം ഡീ ഹൈഡ്രേഷന്‍ ഒഴിവാക്കും. എന്നാല്‍ ഭക്ഷണത്തിനു മുന്‍പായി വയറു നിറയെ വെള്ളം കുടിക്കുന്നത് ഒഴിവാക്കുക.
5. റിലാക്സേഷന്‍ ടെക്നിക്കുകളായ പാട്ടുകേള്‍ക്കുക, പുസ്തകം വായിക്കുക തുടങ്ങിയവ ശീലമാക്കുക.
6. കഫീനും പുകവലിയും ഒഴിവാക്കുക.
മരുന്നുകള്‍ക്കൊപ്പം കൃത്യമായ കൗണ്‍സിലിങ്ങും കൂടിയാവുമ്പോള്‍ കീമോതെറാപ്പിയോടുള്ള പേടിമാറ്റാന്‍ കഴിയും. ഒപ്പം ശരിയായ ചികിത്സയിലൂടെ ക്യാന്‍സറിനെ അകറ്റാനും.
Close...
Maximum Character Allowed -
4000