ഇന്ത്യന്‍ നേവിയില്‍ ആദ്യമായി വനിതാ വൈമാനികര്‍
Friday,
November 20,
2009
ചൈത്ര ജെ. ലക്ഷ്മി
വളര്‍ന്നു വലുതാവുമ്പോള്‍ ആകാശം കൈയെത്തിപ്പിടിക്കുമെന്നു സ്വപ്നം കണ്ട രണ്ടു പെണ്‍കുട്ടികള്‍. വലുതായപ്പോള്‍ അവര്‍ നേവിയില്‍ ചേര്‍ന്നു. ഒന്നര വര്‍ഷത്തെ കഠിനപരിശീലനങ്ങള്‍ക്കൊടുവില്‍ അവര്‍ സ്വപ്നം കണ്ടിരുന്ന ദിവസമെത്തി. സ്വപ്നം ചിറകിലേറി ആകാശത്തോളമെത്തിയ സന്തോഷത്തിലായിരുന്നു, നേവിയിലെ ആദ്യ വനിതാവൈമാനികര്‍ സബ് ലഫ്റ്റ്നന്‍റ് സീമ റാണി ശര്‍മയും സബ് ലഫ്റ്റ്നന്‍റ് അംബിക ഹൂഡയും. നേവിയുടെ മാരിടൈം പട്രോള്‍ എയര്‍ക്രാഫ്റ്റിലെ വൈമാനികരായി ഇരുവരും ഇന്നലെ കൊച്ചിയിലെ നേവല്‍ കമാന്‍ഡില്‍ ചുമതലയേറ്റു.
രാജ്യത്തെ സേവിക്കാന്‍ അവസരം ലഭിച്ചതിനെ ജീവിതത്തിലെ ഏറ്റവും അവിസ്മരണീയമായ നിമിഷമെന്നാണു ഹരിയാന സ്വദേശി അംബികയും ഉത്തര്‍പ്രദേശ് സ്വദേശി സീമയും വിശേഷിപ്പിച്ചത്. ഒന്നരവര്‍ഷമായി കാത്തുകാത്തിരുന്ന ദിവസമെത്തിയതിന്‍റെ ആഹ്ലാദം ഇരുവരും മറച്ചുവയ്ക്കുന്നില്ല. നേവിയിലെ ഏതെങ്കിലുമൊരു വിഭാഗത്തില്‍ ചേരുക എന്നതായിരുന്നു ലക്ഷ്യം. നിയോഗിക്കപ്പെട്ടതു വെല്ലുവിളികള്‍ നിറഞ്ഞ വിഭാഗത്തില്‍ത്തന്നെയായതില്‍ സീമയ്ക്ക് അഭിമാനം. നേവിയില്‍ ചേര്‍ന്നു രാജ്യത്തെ സേവിക്കണമെന്ന ആഗ്രഹം സഫലമായ സന്തോഷത്തിലാണ് അംബിക. കടമകള്‍ മികച്ച രീതിയില്‍ ചെയ്യാന്‍ കഴിയുമെന്ന ആത്മവിശ്വാസവുമുണ്ട് അംബികയ്ക്ക്. നേവല്‍ അക്കാഡമിയിലെ പരിശീലനത്തിനു ശേഷമാണ് ഐഎന്‍എസ് ഗരുഡയില്‍ ഒബ്സെര്‍വര്‍ പരിശീലനത്തിനായെത്തിയത്. അംബിക ബെസ്റ്റ് ട്രെയ്നിയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഡോര്‍ണിയര്‍ എയര്‍ക്രാഫ്റ്റിലാണ് ഇവര്‍ ചുമതലയേറ്റത്. റഡാറിന്‍റെ പ്രവര്‍ത്തനങ്ങള്‍, ഇലക്ട്രോണിക് വാര്‍ഫെയര്‍ സംവിധാനം, ഇലക്ട്രോണിക് സെന്‍സര്‍ ഓപ്പറേഷനുകള്‍ തുടങ്ങിയവ ഇവരുടെ ചുമതലകളില്‍ ഉള്‍പ്പെടുന്നു.
അതികഠിനമായ പരിശീലനമാണിവര്‍ നേടിയത്. ശാരീരികമായും മാനസികമായും സജ്ജമാകാന്‍ പരിശീലനം സഹായിച്ചു. ഏതാണ് കൂടുതല്‍ കഠിനമെന്നു പ്രത്യേകം ചൂണ്ടിക്കാണിക്കാന്‍ കഴിയില്ലെന്ന് ഇരുവരും പറഞ്ഞു. ഓരോ ചുവടും ഒരേ പോലെ പ്രയാസമേറിയതായിരുന്നു. എന്നാല്‍ സ്വപ്നത്തിലേക്കുള്ള കാല്‍വെയ്പുകളെന്ന നിലയില്‍ പരിശീലനം എന്‍ജോയ് ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു. മികച്ച വൈമാനിക തന്ത്രജ്ഞരാകാനുള്ള എല്ലാ തയാറെടുപ്പുകളും പൂര്‍ത്തിയാക്കാന്‍ സാധിച്ചുവെന്നാണ് ഇരുവരുടെയും വിശ്വാസം.
ഇന്ത്യന്‍ നേവിയിലെ ആദ്യ വനിതാ വൈമാനികരാകാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്ന് സീമയും അംബികയും ഒരേ സ്വരത്തില്‍ പറയുന്നു. പരിശീലനത്തിനിടയില്‍ സ്ത്രീകളായതിനാല്‍ ആരും വേര്‍തിരിച്ചു നിര്‍ത്തിയില്ല. വെല്ലുവിളികള്‍ നിറഞ്ഞ ഉദ്യോഗത്തോടൊപ്പം സ്വസ്ഥമായ കുടുംബജീവിതം നയിക്കാനാവുമോയെന്ന സംശയത്തിനും വ്യക്തമായ മറുപടിയുണ്ട് ഇരുവര്‍ക്കും. ജോലിയും കുടുംബജീവിതവും ഒരേപോലെ കൊണ്ടുപോകാന്‍ കഴിയുമെന്നാണു വിശ്വാസം. അതിനു തങ്ങള്‍ പര്യാപ്തരാണെന്ന് ഇവര്‍ക്ക് ഉറച്ച വിശ്വാസം.
ഇത്തരമൊരു പ്രൊഫഷന്‍ തെരഞ്ഞെടുക്കാള്ള പ്രചോദനത്തിനു പിന്നില്‍ കുടുംബത്തിന്‍റെ പ്രോത്സാഹനമുണ്ട്. ചെയ്യുന്നതെന്തും മികച്ചതായിരിക്കണമെന്നു സീമയ്ക്കു നിര്‍ബന്ധം. നേടിയ അറിവുകളെല്ലാം മികച്ച രീതിയില്‍ത്തന്നെ പ്രയോജനപ്പെടുത്താനുള്ള തയാറെടുപ്പിലാണിവര്‍.
ഉയരങ്ങളിലേക്കു സുരക്ഷിതമായി പറക്കണം. ഇതാണ് ഇന്ത്യന്‍ നാവികസേനയിലെ ആദ്യ വനിതാ വൈമാനികരുടെ ആഗ്രഹം.
സ്വപ്നങ്ങളെ വിശ്വസിക്കുക, സ്വന്തം കഴിവില്‍ വിശ്വസിക്കുക, സ്വന്തം ഹൃദയത്തെ സംതൃപ്തമാക്കുക. വിജയങ്ങളുടെ ആദ്യപടികളിലെത്താന്‍ വേറൊന്നും വേണ്ട. അംബിക ഹൂഡ പെണ്‍കുട്ടികള്‍ക്കു നല്‍കാനാഗ്രഹിക്കുന്ന സന്ദേശം ഇതാണ്. ഉയരങ്ങളിലേക്കു പറക്കാനുള്ള അവസരം പ്രയോജനപ്പെടുത്തുക. രാജ്യത്തിന്‍റെ അഭിമാനമായിത്തീരാന്‍ പരിശ്രമിക്കുക. സീമയുടെ സന്ദേശത്തിലും ആത്മവിശ്വാസം തുളുമ്പുന്നു, അഭിമാനവും.
Close...
Maximum Character Allowed -
4000