വി.കെ. സഞ്ജു
പ്രതീക്ഷകളുടെയും സ്വപ്നങ്ങളുടെയും സങ്കല്‍പ്പങ്ങളുടെയും വ്യവസായം, അതാണ് സിനിമ. കോടികളൊഴുകുന്ന ഗ്ലാമര്‍ സാമ്രാജ്യത്തില്‍ താരപദവിയിലേറി സ്വപ്നവിഹായസില്‍ വിഹരിച്ചവരേറെ. കാലിടറി വീണ് ആരോരുമറിയാതെ മണ്ണോടു മണ്ണടിഞ്ഞവര്‍ അതിലേറെ. ജയിച്ചവര്‍ സ്തുതിക്കുകയും തോറ്റവര്‍ പഴിക്കുകയും ചെയ്യുന്നൊരു സാങ്കല്‍പ്പിക ഫോര്‍മുലയുണ്ട് ആ ലോകത്ത് - വിജയത്തിന്‍റെ ഫോര്‍മുല.
എന്നാല്‍, പ്രപഞ്ചത്തിന്‍റെ സ്പന്ദന രഹസ്യങ്ങളെല്ലാമടങ്ങുന്ന ഗണിതശാസ്ത്രത്തിന് ആ സങ്കല്‍പ്പ ഫോര്‍മുല യാഥാര്‍ഥ്യമാക്കാന്‍ കഴിയില്ലേ? സിനിമ ഒരു വ്യവസായമായ കാലം മുതല്‍ ലോകത്താകമാനമുള്ള ചലച്ചിത്രകാരന്‍മാര്‍ അന്വേഷിച്ചുകൊണ്ടിരിക്കുന്ന ആ ഫോര്‍മുല കണ്ടെത്തിക്കഴിഞ്ഞെന്നാണ് ലണ്ടനിലെ കാസ് ബിസിനസ് സ്കൂളില്‍നിന്നുള്ള സംഘം അവകാശപ്പെടുന്നത്. തത്കാലം സീക്വലുകളുടെ വിജയ ഫോര്‍മുലയും അവയ്ക്കു മറ്റു ചിത്രങ്ങളുമായുള്ള താരതമ്യവും മാത്രം. സമ്പൂര്‍ണ വിജയ ഫോര്‍മുല പിന്നാലെ.
ഹോളിവുഡ് മുതല്‍ ഇങ്ങു കേരളം വരെ സിനിമാ ലോകത്തിന് ഏറെ പ്രിയങ്കരമാണ് സീക്വലുകള്‍, അഥവാ ചലച്ചിത്ര പരമ്പരകള്‍. സേതുരാമയ്യരും ദാസ - വിജയന്മാരും സേതുമാധവനും തോമസുകുട്ടിയും കൂട്ടുകാരുമൊക്കെ മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് നായകരുടെ കൂട്ടത്തിലുണ്ട്. രണ്ടാം വരവില്‍ ജനപ്രീതി നഷ്ടപ്പെട്ട നായകന്‍മാരും സിനിമകളും കുറവല്ല. ഇരുപതാം നൂറ്റാണ്ടിലെ സാഗറിനു ലഭിച്ച അംഗീകാരം രണ്ടാം വരവില്‍ ജാക്കിക്കു ലഭിച്ചില്ല. സ്പൈഡര്‍മാന്‍ 2 ആദ്യഭാഗത്തെ കവച്ചുവച്ചപ്പോള്‍, ബേസിക് ഇന്‍സ്റ്റിങ്റ്റ് 2 ബോക്സ് ഓഫിസില്‍ തവിടുപൊടിയാകണമെന്നായിരുന്നു പ്രേക്ഷകരുടെ വിധി.
ഇതിനൊക്കെ കാരണം തേടി പ്രേക്ഷക മനസുകളുടെ സങ്കീര്‍ണതകളിലേക്കും ആസ്വാദന മനഃശാസ്ത്രത്തിന്‍റെ നൂലാമാലകളിലേക്കുമൊന്നും പോകേണ്ടെന്നാണു വിജയ ഫോര്‍മുല കണ്ടെത്തിയെന്നു പറയുന്ന സംഘത്തിന്‍റെ തലവന്‍ പ്രൊഫ. തോര്‍സ്റ്റെന്‍ ഹെന്നിങ്-ത്യുറൊ പറയുന്നത്. പകരം, തന്‍റെ ഗണിതസൂത്രം അദ്ദേഹം മുന്നോട്ടു വയ്ക്കുന്നു.
സീക്വല്‍ സിനിമകളുടെ തിയെറ്റര്‍ കലക്ഷനും സിഡി വില്‍പ്പനയ്ക്കുമുള്ള സാധ്യതകള്‍ മറ്റു സിനിമകളെ അപേക്ഷിച്ചു കൂടുതലായതിനാലാണ് ഇവയെ അടിസ്ഥാനമാക്കി ഫോര്‍മുല തയാറാക്കിയത്. മുന്‍ചിത്രങ്ങളിലെ പ്രധാന താരങ്ങളുടെ സാന്നിധ്യം മുഖ്യ ഘടകമാക്കിക്കൊണ്ടുള്ള കണക്കുകൂട്ടലില്‍, നിര്‍മാതാവിന് എന്തു വരുമാനം പ്രതീക്ഷിക്കാമെന്ന് ഏറെക്കുറെ കൃത്യമായി പ്രവചിക്കാമെന്നാണ് അവകാശവാദം. ഒപ്പമിറങ്ങുന്ന സീക്വല്‍ അല്ലാത്ത മറ്റൊരു സിനിമയുമായി വരുമാനം താരതമ്യം ചെയ്യാമെന്നും പറയുന്നു.
അടുത്തിടെ ടീനെജ് മ്യൂട്ടന്‍റ് നിന്‍ജ ടര്‍ട്ട്ല്‍സിന്‍റെ പരമ്പര അവകാശം വിറ്റുപോയത് ആറു കോടി ഡോളറിന്. സീക്വല്‍ റൈറ്റ്സ് സ്വന്തമാക്കാന്‍ ഹോളിവുഡില്‍ വന്‍ മത്സരങ്ങള്‍ തന്നെ നടക്കുന്ന സാഹചര്യത്തില്‍, ഈ ഫോര്‍മുല ഉപയോഗിച്ച്, മുടക്കാവുന്ന മുതലിന്‍റെ പരിധി നിശ്ചയിക്കാം. ഈ മാസം തന്നെ മാര്‍ക്കറ്റിങ് ജേണലിലൂടെ ഇതിന്‍റെ വിശദാംശങ്ങള്‍ പ്രസിദ്ധീകരിക്കും.
1998നും 2006നുമിടയ്ക്കു വടക്കേ അമേരിക്കന്‍ തിയെറ്ററുകളില്‍ റിലീസ് ചെയ്ത 101 സീക്വല്‍ സിനിമകള്‍ പഠനവിധേയമായി. വരാനിരിക്കുന്ന ദ ട്വിലൈറ്റ് സാഗ: ന്യൂ മൂണ്‍ എന്ന ചിത്രത്തിന്, ഒപ്പം റിലീസ് ചെയ്യുന്ന മറ്റൊരു ചിത്രത്തെക്കാള്‍ 3.4 കോടി ഡോളര്‍ അധിക കളക്ഷനും പ്രവചിച്ചിരിക്കുന്നു.
ട്വിലൈറ്റ് സാഗയ്ക്കു യുഎസില്‍ നിന്നുള്ള ആകെ വരുമാനം 26.7 കോടി ഡോളറായി കണക്കിലെടുക്കുന്നു. ഇതില്‍ 13.06 കോടി പ്രൊഡക്ഷന്‍ സ്റ്റുഡിയോയ്ക്കു തിരിച്ചുകിട്ടും. 75% റിസ്ക് ലെവലില്‍ കണക്കുകൂട്ടുമ്പോള്‍ നിര്‍മാതാക്കള്‍ക്ക് 10.9 കോടി ഡോളര്‍ പ്രതീക്ഷിക്കാമത്രെ. മറ്റൊരു ഇരട്ട സിനിമയ്ക്ക് 19.8 കോടി ഡോളര്‍ വരുമാനവും നിര്‍മാതാവിന് 9.69 കോടി തിരികെയും നിജപ്പെടുത്തുമ്പോള്‍, 75% റിസ്ക് ലെവലില്‍ 6.55 കോടി ലാഭം പ്രവചിക്കപ്പെടുന്നു.
ബേസിക് ഇന്‍സ്റ്റിങ്റ്റിന്‍റെ പരാജയ കാരണവും ഹെന്നിങ്-ത്യുറോ വിലയിരുത്തുന്നു. ഇതിലൊന്ന് താരങ്ങളുടെ തുടര്‍ച്ചയില്ലാത്തതാണ്. മൈക്കല്‍ ഡഗ്ലസ് രണ്ടാമത്തെ ചിത്രത്തിലുണ്ടായിരുന്നില്ല. ചിത്രങ്ങള്‍ തമ്മിലുള്ള ഇടവേള വലുതായിരുന്നതിനാല്‍ രണ്ടാം വരവില്‍ പ്രായം കടന്ന ഷാരണ്‍ സ്റ്റോണിനെയാണ് ആരാധകര്‍ സ്ക്രീനില്‍ കണ്ടത്.
പുതിയ കാലഘട്ടത്തില്‍, സിനിമകളുടെ രണ്ടാം ഭാഗമോ മൂന്നാം ഭാഗമോ പോലുള്ള പരീക്ഷണങ്ങള്‍ക്ക് അര്‍ഥവ്യാപ്തികള്‍ ഏറെയാണെന്ന് സ്ക്രീന്‍ ഡൈജസ്റ്റ് എന്ന മീഡിയ റിസെര്‍ച്ച് കമ്പനിയിലെ ഫിലിം ആന്‍ഡ് സിനിമ വിഭാഗം മേധാവി ഡേവിഡ് ഹാന്‍കോക്ക് ചൂണ്ടിക്കാട്ടുന്നു. ഒരൊറ്റ സിനിമ എന്നതിലുപരി, ഒരു സിനിമയില്‍ ഒതുങ്ങാത്ത വലിയൊരു കഥയായാണ് സീക്വല്‍ ചിത്രങ്ങളിലൂടെ ഇന്നു സൃഷ്ടിക്കപ്പെടുന്നത്. കഥാതന്തുവുമായി ബന്ധം വിച്ഛേദിക്കാതിരിക്കാന്‍ ആസ്വാദകന്‍ നിര്‍ബന്ധിതനാകുകയാണ്. കഴിഞ്ഞ വര്‍ഷം യുഎസില്‍ റിലീസ് ചെയ്ത 4.2% ചിത്രങ്ങള്‍ മാത്രമായിരുന്നു സീക്വലുകള്‍. എന്നാല്‍, ബോക്സോഫിസ് വരുമാനത്തിന്‍റെ 20.6% ശതമാനവും കളക്റ്റ് ചെയ്തത് ഇവയിലൂടെയായിരുന്നു എന്നും ഉദാഹരണമായി ഹാന്‍കോക്ക് ചൂണ്ടിക്കാട്ടുന്നു.
തങ്ങളുടെ പ്രിയ കഥാപാത്രങ്ങള്‍ പുതിയ കഥകളിലൂടെ പുതിയ സാഹസങ്ങള്‍ കാഴ്ചവയ്ക്കുന്നത് പ്രേക്ഷകനെ ആകര്‍ഷിക്കുന്നു എന്നാണു പൊതുവായ വിലയിരുത്തല്‍. സിഡി വ്യവസായത്തിന്‍റെ കാര്യത്തിലും ഇതു ബാധകമാണ്. ഒരു ചിത്രത്തിന്‍റെ രണ്ടാം ഭാഗം തിയെറ്ററുകളിലെത്തുമ്പോള്‍ അതിന്‍റെ ആദ്യഭാഗത്തിന്‍റെ സിഡികളുടെ വില്‍പ്പന വര്‍ധിക്കുന്നു എന്നു നിരീക്ഷിച്ചിട്ടുണ്ട്. കേരളത്തില്‍ ഇതു സംബന്ധിച്ച പഠനങ്ങളൊന്നും നടന്നതായി അറിവില്ലെങ്കിലും, ഇന്‍ ഹരിഹര്‍ നഗര്‍, ദേവാസുരം, ഇരുപതാം നൂറ്റാണ്ട് തുടങ്ങിയ ചിത്രങ്ങളുടെ രണ്ടാം ഭാഗങ്ങള്‍ തിയെറ്ററില്‍ ഓടുന്ന സമയത്തു തന്നെ ആദ്യ ഭാഗങ്ങള്‍ സംപ്രേഷണം ചെയ്യാന്‍ ടെലിവിഷന്‍ ചാനലുകള്‍ മത്സരിച്ചിരുന്നു എന്നതു ശ്രദ്ധേയം.
മംഗലശേരി നീലകണ്ഠന്‍ നായകനല്ലാത്ത, ദേവാസുരത്തിന്‍റെ രണ്ടാം ഭാഗവും, വര്‍ഷങ്ങള്‍ക്കു ശേഷം വന്ന ഇന്‍ ഹരിഹര്‍ നഗറിന്‍റെ സെക്കന്‍റ് പാര്‍ട്ടും പ്രേക്ഷകര്‍ സ്വീകരിച്ച സാഹചര്യത്തില്‍ ത്യുറോയുടെ തിയറി മലയാളത്തില്‍ എത്രമാത്രം പ്രായോഗികമാകുമെന്നു പറയാനാവില്ല. പക്ഷേ, സാഗര്‍ എലിയാസ് ജാക്കി തിയറിയെ ശരിവയ്ക്കുകയും ചെയ്യുന്നു. കൂടുതല്‍ വിശകലനങ്ങള്‍ക്ക് ഫോര്‍മുല പരസ്യപ്പെടുത്തും വരെ കാത്തിരിക്കാം.
Close...
Maximum Character Allowed -
4000