Thursday, February 09, 2012   5:34 AM IST
Supplements
Home>> News>> Sports
Sports
മാഞ്ചെസ്റ്ററിന് ഞെട്ടല്‍
Friday, November 27, 2009
|
|
|
ലണ്ടന്‍

ലിവര്‍പൂളിനു പിന്നാലെ ചാംപ്യന്‍സ് ലീഗ് ഫുട്ബോളില്‍ ഇംഗ്ലിഷ് പ്രിമിയര്‍ ലീഗ് ക്ലബ് മാഞ്ചെസ്റ്റര്‍ യുനൈറ്റഡിനും തോല്‍വി. 23 മത്സരങ്ങളില്‍ തോല്‍വി അറിയാതെയുള്ള മാഞ്ചെസ്റ്ററിന്‍റെ സ്വന്തം തട്ടകത്തിലെ വിജയക്കുതിപ്പിന് തുര്‍ക്കി ക്ലബ് ബെസ്കിറ്റ്സ് അന്ത്യം കുറിച്ചു. 20ാം മിനിറ്റില്‍ റോഡ്രിഗൊ ടെല്ലോയുടെ 30 വാര അകലെനിന്നുള്ള ഷോട്ടാണ് മാഞ്ചെസ്റ്റര്‍ വലയിലെത്തിയത്. നിലവിലുള്ള റണ്ണറപ്പായ മാഞ്ചെസ്റ്റര്‍ യോഗ്യത ഉറപ്പിച്ചതിനാല്‍ ഈ റിസല്‍റ്റ് മുന്‍പോട്ടുള്ള പ്രയാണത്തെ ബാധിക്കില്ലെന്നു മാത്രം. ഗ്രൂപ്പ് ബിയില്‍ 10 പോയിന്‍റാണ് മാഞ്ചെസ്റ്ററിന്. ജര്‍മന്‍ ക്ലബ് വൂള്‍ഫ്സ്ബര്‍ഗും സിഎസ്കെ മോസ്കൊയും ഏഴു പോയിന്‍റുമായി രണ്ടാം സ്ഥാനത്ത്.

ഇറ്റാലിയന്‍ പ്രമുഖര്‍ യുവന്‍റസ് ഗ്രൂപ്പ് എയിലെ തോല്‍വിയോടെ പുറത്താകലിന്‍റെ വക്കില്‍. ബോര്‍ഡോയ്ക്കെതിരേ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് യുവന്‍റസ് കീഴടങ്ങിയത്. അടുത്ത റൗണ്ട് ടിക്കറ്റ് നേടിയ ബോര്‍ഡോയാണ് ഗ്രൂപ്പില്‍ 13 പോയിന്‍റോടെ ഒന്നാമത്. ജര്‍മന്‍ ക്ലബ് ബയേണ്‍ മ്യൂണിക്കിനെക്കാള്‍ ഒരു പോയിന്‍റ് കൂടുതല്‍ സ്വന്തമാക്കിയ യുവന്‍റസിന് എട്ട് പോയിന്‍റുണ്ട്. ബയേണ്‍, മക്കബി ഹൈഫയെ എതിരില്ലാത്ത ഒരു ഗോളിനു പരാജയപ്പെടുത്തിയാണ് അടുത്ത റൗണ്ട് സാധ്യത നിലനിര്‍ത്തിയത്.

ലീഗിലെ മറ്റൊരു ഇംഗ്ലിഷ് പ്രതിനിധിയായ ചെല്‍സി, പ്രിമിയര്‍ ലീഗിലെ വിജയക്കുതിപ്പ് ചാംപ്യന്‍സ് ലീഗിലും തുടര്‍ന്നു. എഫ്സി പോര്‍ട്ടോയെ അവരുടെ തട്ടകത്തില്‍ കീഴടക്കിയ ചെല്‍സി ഡി ഗ്രൂപ്പിലെ ലീഡേഴ്സ് പട്ടവും സ്വന്തമാക്കി. ഫസ്റ്റ് ഹാഫ് ഗോള്‍രഹിത സമനിലയില്‍ അവസാനിച്ചെങ്കിലും ഫ്രഞ്ച് ഇന്‍റര്‍നാഷണല്‍ നിക്കൊളാസ് അനെല്‍ക്കയുടെ കിടിലന്‍ ഹെഡറിലൂടെ ചെല്‍സി വിജയ ഗോള്‍ സ്വന്തമാക്കി. ഇരു ടീമുകളും നേരത്തേ അടുത്ത റൗണ്ടിലേക്ക് യോഗ്യത ഉറപ്പിച്ചിരുന്നു. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ അത്ലറ്റി കോ മാഡ്രിഡും അപോയെല്‍ നിക്കോസിയയും 1-1 സമനിലയില്‍ പിരിഞ്ഞു.

സ്പാനിഷ് ക്ലബ് റയല്‍ മാഡ്രിഡ്, ഗ്രൂപ്പ് സി മത്സരത്തില്‍ ഏകപക്ഷീയമായ ഒറ്റ ഗോളിന് എഫ്സി സൂറിച്ചിനെ കീഴടക്കി. ഗൊണ്‍സാലോ ഹിഗ്വെയ്ന്‍റേതായിരുന്നു ഗോള്‍. പരുക്കേറ്റ് പുറത്തായിരുന്ന പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ റയലിനായി ഇറങ്ങി. ഇതേ ഗ്രൂപ്പില്‍ എസി മിലന്‍- മാഴ്സ മത്സരം 1-1 സമനിലയില്‍ അവസാനിച്ചു. പത്ത് പോയിന്‍റുമായി ഗ്രൂപ്പില്‍ റയല്‍ ഒന്നാമത്. അടുത്ത മത്സരത്തില്‍ മാഴ്സ റയലിനെ കീഴടക്കിയാലും മിലന്‍ സൂറിച്ചിനെ പരാജയപ്പെടുത്തിയാല്‍ സ്പാനിഷ് ക്ലബ്ബിന് അടുത്ത റൗണ്ട് ഉറപ്പിക്കാം.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code