Sunday, March 14, 2010   6:38 AM IST
Supplements
Home>> News>> Kerala News
Kerala News
വയല്‍ നികത്തുന്നുണ്ടെന്നു റവന്യൂ മന്ത്രി
Thursday, December 17, 2009
|
|
|
തിരുവനന്തപുരം

സ്വന്തം ലേഖകന്‍

വയല്‍ നികത്തല്‍ വിരുദ്ധ നിയമം വന്ന ശേഷവും പലയിടത്തും വയല്‍ നികത്തുന്നുണ്ടെന്നു റവന്യൂ മന്ത്രി കെ.പി. രാജേന്ദ്രന്‍ സമ്മതിച്ചു. നിയമത്തിലെ പഴുതുകള്‍ ഉപയോഗിച്ചാണിതെന്നും വിശദീകരണം. ഇതിന് അനുമതി നല്‍കുന്നതിലെ അഴിമതി കണ്ടെത്തുകയും പല ഉദ്യോഗസ്ഥര്‍ക്കെതിരേയും നടപടി സ്വീകരിക്കുകയും ചെയ്തതായി വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി പറഞ്ഞു. നിയമം പ്രാബല്യത്തില്‍ വന്ന ശേഷവും വയല്‍ നികത്തല്‍ വ്യാപകമാകുന്നതിനെക്കുറിച്ചു പ്രതികരിക്കുകയായിരുന്നു മന്ത്രി. വയലുകളും തണ്ണീര്‍ത്തടങ്ങളും നികത്തുന്നതിനെതിരായ നിയമം നടപ്പാക്കുന്നതില്‍ കൂടുതല്‍ ശുഷ്കാന്തി വേണമെന്നാണു കലക്റ്റര്‍മാരുടെ യോഗത്തില്‍ ഉന്നയിച്ച വിമര്‍ശനത്തിലൂടെ മുഖ്യമന്ത്രി ഉദ്ദേശിച്ചത്. അത് അദ്ദേഹത്തിന്‍റെ ചുമതലയാണ്.

വയലിന്‍റെ വിസ്തൃതി ഞെട്ടിക്കുന്ന വിധം കുറഞ്ഞുവരുന്നതു ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണു നിയമമുണ്ടാക്കിയത്. അതു നന്നായി നടപ്പാക്കും. റവന്യൂ വകുപ്പിന്‍റെ മാത്രമല്ല മറ്റു വകുപ്പുകളുടെയും പോരായ്മകള്‍ മുഖ്യമന്ത്രി ഇടയ്ക്കു ചൂണ്ടിക്കാണിക്കാറുണ്ട്. തെരഞ്ഞെടുപ്പുകള്‍ അടുത്തടുത്തു വന്നപ്പോള്‍ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് അതിലേക്കു കൂടുതല്‍ ശ്രദ്ധിക്കേണ്ടി വന്നതിനാലാണു റവന്യൂ പിരിവു കുറഞ്ഞത്. ഇനി പിരിവ് ഊര്‍ജിതമാക്കും. ജീവനക്കാരുടെയും വാഹനങ്ങളുടെയും കുറവും പിരിവു കുറയാന്‍ കാരണമാകുന്നുണ്ടെന്നു മന്ത്രി പറഞ്ഞു.

സുനാമി പുനരധിവാസ പദ്ധതി പ്രകാരം പണിത വീടുകളുടെ താക്കോല്‍ദാനം 26നു കൊല്ലത്തെ മുദാക്കലില്‍ മുഖ്യമന്ത്രി നിര്‍വഹിക്കും. ആകെ നിര്‍മിക്കുന്ന 11,000 വീടുകളില്‍ 65 ശതമാനത്തോളം പൂര്‍ത്തിയായി. വീടുകളുടെ താക്കോല്‍ദാനം കാസര്‍ഗോഡ് ജില്ലയില്‍ 31നും മലപ്പുറത്ത് ജനുവരി 11നും നടക്കും.

മലപ്പുറത്തു കേന്ദ്ര പ്ലാനിങ് സഹമന്ത്രി വി. നാരായണ സ്വാമി പങ്കെടുക്കും. രണ്ടാംഘട്ട സുനാമി പുനരധിവാസ പദ്ധതികള്‍ക്ക് 1148 കോടി രൂപയാണു കേന്ദ്ര സഹായം. ഇതുവരെ 824.85 കോടി ലഭിച്ചു. ഇനി ലഭിക്കാനുള്ള 323.15 കോടി രൂപയുടെ പദ്ധതികള്‍ പുരോഗമിക്കുന്നു.

എഡിബിയില്‍ നിന്നുള്ള സഹായമാണു കേന്ദ്രം തരുന്നത്. കഴിഞ്ഞ ദിവസം എഡിബി ടീം കേരളത്തില്‍ വന്നു പദ്ധതിയുടെ പുരോഗതി വിലയിരുത്തി. 2010 മാര്‍ച്ച് 31നു പദ്ധതികള്‍ പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code