Friday, March 12, 2010   9:46 PM IST
Supplements
Home>> Headlines
Latest News
സൂഫിയ അറസ്റ്റില്‍
Thursday, December 17, 2009
|
|
|
കൊച്ചി

കളമശേരി ബസ് കത്തിക്കല്‍ കേസിലെ പത്താം പ്രതിയും പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനിയുടെ ഭാര്യയുമായ സൂഫിയ മഅദനിയെ അറസ്റ്റ് ചെയ്തു. മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനു തൊട്ടുപിന്നാലെ കലൂര്‍ കറുകപ്പള്ളിയിലെ മഅദനിയുടെ വസതിയായ അല്‍-അബ്രയില്‍ വച്ച് സിറ്റി പൊലീസ് അസിസ്റ്റന്‍റ് കമ്മിഷണര്‍ സുനില്‍ ജേക്കബിന്‍റെ നേതൃത്വത്തിലാണു സൂഫിയയെ അറസ്റ്റ് ചെയ്തത്. ഈ സമയം, ഗേറ്റിനു പുറത്ത് നോര്‍ത്ത് സിഐ സുനീഷ് ബാബുവിന്‍റെ നേതൃത്വത്തില്‍ സിറ്റി പൊലീസിന്‍റെ അമ്പതോളം സായുധ കമാന്‍ഡോകള്‍ ഏത് അടിയന്തര സാഹചര്യത്തെയും നേരിടാന്‍ തയാറായി നിന്നു.

വിധിപ്പകര്‍പ്പ് വായിച്ച്, പൊലീസ് കമ്മിഷണറുടെ നിര്‍ദേശം ലഭിച്ചയുടന്‍ സുനില്‍ ജേക്കബിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഗേറ്റിനകത്തു കയറി. പൊലീസിനൊപ്പം അകത്തുകയറാനുള്ള മാധ്യമപ്രവര്‍ത്തകരുടെ ശ്രമം നേരിയ ഉന്തിനും തള്ളിനുമിടയാക്കി.

പൊലീസ് വാഹനത്തിനു പകരം, ഇന്നലെ രാവിലെ സൂഫിയയും സംഘവും കൊല്ലത്ത് അന്‍വാര്‍ശേരിയില്‍ നിന്നു കൊച്ചിയിലെത്താന്‍ ഉപയോഗിച്ച വാഹനത്തില്‍ പുറപ്പെടാന്‍ സൂഫിയയെ പൊലീസ് അനുവദിച്ചു. പിഡിപി പ്രവര്‍ത്തകരെയും മാധ്യമപ്രവര്‍ത്തകരേയും ഇരുവശങ്ങളിലേക്കും വകഞ്ഞുമാറ്റി 4.39 ഓടെ സൂഫിയയെയും കൊണ്ടുള്ള കറുത്ത സ്കോര്‍പ്പിയോ ഗേറ്റിനു പുറത്തേക്ക്. ഈ വാഹനത്തില്‍ സൂഫിയയോടൊപ്പം ബന്ധുക്കളായ സ്ത്രീകളുമുണ്ടായിരുന്നു.

തൊട്ടുപിന്നാലെ വെളുത്ത സ്കോര്‍പ്പിയോയില്‍ പിഡിപി വര്‍ക്കിങ് ചെയര്‍മാന്‍ പൂന്തുറ സിറാജും കുടുംബവും മറ്റു പിഡിപി നേതാക്കളുമുണ്ടായിരുന്നു. ഇതിനു പിന്നിലായി സിറ്റി പൊലീസ് അസിസ്റ്റന്‍റ് കമ്മിഷണര്‍ സുനില്‍ ജേക്കബിന്‍റെ നേതൃത്വത്തില്‍ വന്‍ പൊലീസ് പട. വനിതാ എസ്ഐ സി.എന്‍. രാജവും വനിതാ പൊലീസുകാരും പൊലീസ് സംഘത്തിലുണ്ടായിരുന്നു. കറുകപ്പള്ളിയില്‍നിന്നു ദേശാഭിമാനി ജംക്ഷനില്‍ എത്തുന്നതിനു തൊട്ടുമുന്‍പ് പ്രകടനമായി എതിരേ വന്ന പിഡിപി പ്രവര്‍ത്തകര്‍ വഴിമുടക്കിയതോടെ വാഹനവ്യൂഹം ഏതാനും നിമിഷം നിര്‍ത്തി. തൊട്ടുപിന്നാലെയെത്തിയ പൂന്തുറ സിറാജ് വാഹനത്തില്‍ നിന്നു പുറത്തിറങ്ങി പ്രവര്‍ത്തകരെ ശാന്തരാക്കിയതോടെ വാഹനവ്യൂഹം വീണ്ടും മുന്നോട്ട്. 4.55 ഓടെ സൂഫിയയെയും കൊണ്ടുള്ള പൊലീസ് സംഘം കളമശേരി കേസ് അന്വേഷിക്കുന്ന തൃക്കാക്കര അസിസ്റ്റന്‍റ് പൊലീസ് കമ്മിഷണര്‍ പി.എം. വര്‍ഗീസിന്‍റെ ഓഫിസിലെത്തി. മിനിറ്റുകള്‍ക്കകം എസിപിയും എത്തി. അവിടെവച്ച് അറസ്റ്റ് രേഖപ്പെടുത്തി. ഈ സമയം, സിറ്റി പൊലീസ് കമ്മിഷണര്‍ മനോജ് ഏബ്രഹാമും സ്ഥലത്തെത്തി. പൊലീസ് സ്റ്റേഷനില്‍ വച്ച് സൂഫിയയെ വൈദ്യ പരിശോധനയ്ക്കും വിധേയയാക്കി.

സൂഫിയയെ വീണ്ടും പുറത്തേക്കു കൊണ്ടുപോയ പൊലീസ് സംഘം വളരെപ്പെട്ടെന്നു തിരിച്ചെത്തിയത് അഭ്യൂഹങ്ങള്‍ക്കിടയാക്കി. കളമശേരി റൂട്ടില്‍ ഏകദേശം രണ്ടു കിലോമീറ്റര്‍ സഞ്ചരിച്ചതിനു ശേഷമാണ് തിരിച്ചെത്തിയത്. എന്നാല്‍, ഇതു മാധ്യമപ്രവര്‍ത്തകരെ പരിസരത്തുനിന്ന് അകറ്റാനായിരുന്നുവെന്നു പിന്നീടു വ്യക്തമായി. രാവിലെ മുതല്‍ വീടിനു പുറത്തു കാത്തുനിന്ന പിഡിപി പ്രവര്‍ത്തകര്‍ കാര്യമായ ചെറുത്തുനില്‍പ്പൊന്നുമില്ലാതെ അറസ്റ്റിനോടു സഹകരിച്ചു. ജാമ്യം നിഷേധിച്ചുവെന്നറിഞ്ഞപ്പോള്‍ അങ്ങിങ്ങായി മുദ്രാവാക്യം വിളികള്‍ ഉയര്‍ന്നെങ്കിലും പിഡിപി നേതാക്കള്‍ ഇടപെട്ട് തടഞ്ഞു.

സൂഫിയയെ വനിതാ പൊലീസിന്‍റെയും ബന്ധുക്കളായ സ്ത്രീകളുടെയും സാന്നിധ്യത്തില്‍ തൃക്കാക്കര അസിസ്റ്റന്‍റ് കമ്മിഷണര്‍ പി.എം. വര്‍ഗീസ് ചോദ്യംചെയ്തു മൊഴി രേഖപ്പെടുത്തി. ഇന്ന് ആലുവ കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.

|
|
|
Related News
Most Rated News
Most Visited News
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code