തീരുമാനം 31ന് മുന്‍പ് വേണം: ടീകോം
Friday,
December 25,
2009
തിരുവനന്തപുരം
സ്വന്തം ലേഖകന്‍
സ്മാര്‍ട്ട് സിറ്റിയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ശനിയാഴ്ച. ടീകോമിന്‍റെ ക്ഷണം സ്വീകരിച്ചു ദുബായിലേക്കു സംഘത്തെ അയക്കുന്നതു സംബന്ധിച്ചു തിങ്കളാഴ്ച തീരുമാനമാകും. ദുബായില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടത്തണമെന്നാണ് ഉദ്യോഗസ്ഥരുടെ നിലപാട്. ഇക്കാര്യം സ്മാര്‍ട്ട് സിറ്റി ചെയര്‍മാന്‍ കൂടിയായ മന്ത്രി എസ്. ശര്‍മയെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ മുഖ്യമന്ത്രിയുമായി ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടില്ല. ഡിസംബര്‍ 31നു മുന്‍പു തുടര്‍ ചര്‍ച്ചകളുടെയും ദുബായ് സന്ദര്‍ശനത്തിന്‍റെയും കാര്യത്തില്‍ തീരുമാനമായില്ലെങ്കില്‍ പദ്ധതി സംബന്ധിച്ചു പുനരാലോചിക്കാനാണു ടീകോമിന്‍റെ തീരുമാനം. ഇക്കാര്യം സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. അടുത്ത ദിവസം രേഖാമൂലം അറിയിക്കും.
ഡയറക്റ്റര്‍ ബോര്‍ഡിലെ ചര്‍ച്ചകള്‍ മുഖ്യമന്ത്രിയെ അടുത്ത ദിവസം ചീഫ് സെക്രട്ടറി രേഖാമൂലം അറിയിക്കും. ഇനി കേരളത്തിലേക്കു ചര്‍ച്ചയ്ക്കു വരില്ലെന്ന നിലപാടും മുഖ്യമന്ത്രിയുമായോ അദ്ദേഹം നിയോഗിക്കുന്ന സംഘവുമായോ ചര്‍ച്ച നടത്താന്‍ ടീകോം അറിയിച്ച താത്പര്യവും മുഖ്യമന്ത്രിയെ ഔദ്യോഗികമായി അറിയിക്കും.
ടീകോമുമായി ചര്‍ച്ചകള്‍ തുടരാന്‍ മുഖ്യമന്ത്രിക്കു താത്പര്യമില്ല. വന്‍ നിക്ഷേപകരെത്തിയാല്‍ അവര്‍ക്കു സ്ഥലത്തിന് ഉടമസ്ഥാവകാശം നല്‍കുന്നതിനാണു സ്വതന്ത്രാവകാശം വേണമെന്ന് ആവശ്യപ്പെടുന്നതെന്നു ടികോം സിഇഒ ഫരീദ് അബ്ദുള്‍ റഹ്മാന്‍ അറിയിച്ചിട്ടുണ്ട്. ഇതു റിയല്‍ എസ്റ്റേറ്റ് കച്ചവടമായി വ്യഖ്യാനിച്ചു മുഖ്യമന്ത്രി ടീകോമിനു തടയിടും. ഇതു സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ അദ്ദേഹം വിശ്വസ്തരുമായി നടത്തിക്കഴിഞ്ഞു.
സര്‍ക്കാര്‍ നിലപാടില്‍ അയവു വരുത്തിയാല്‍ ടീകോം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നാണ് ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍. ഇതുവരെ നിര്‍മാണ പ്രവര്‍ത്തനങ്ങളെക്കുറിച്ചു സര്‍ക്കാരോ ഡയറക്റ്റര്‍ ബോര്‍ഡോ ടീകോമിനോടു വിശദീകരണം ചോദിച്ചിട്ടില്ല. ഇനിയെങ്കിലും വിശദീകരണം ചോദിക്കണമെന്ന് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടും. സര്‍ക്കാര്‍ ഭാഗത്തുനിന്നു സ്വീകരിക്കേണ്ട നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയാത്തതാണ് വിശദീകരണം ചോദിക്കുന്നതിനു തടസം.
കഴിഞ്ഞ ദിവസം ചേര്‍ന്ന ഡയറക്റ്റര്‍ ബോര്‍ഡ് യോഗത്തില്‍ കാര്യമായ ചര്‍ച്ചകളൊന്നും നടന്നില്ല. ഭൂമിയുടെ സ്വതന്ത്രാവകാശം ടീകോം ആവശ്യപ്പെട്ടപ്പോള്‍ വ്യക്തമായ മറുപടി നല്‍കാന്‍ സര്‍ക്കാര്‍ പ്രതിനിധികള്‍ക്കായില്ല. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നാണു വ്യക്തമാക്കിയത്. യോഗത്തിനു മുന്‍പു തന്നെ ഇക്കാര്യത്തില്‍ തീരുമാനം അറിയിക്കണമെന്നു ടീകോം ആവശ്യപ്പെട്ടിരുന്നതാണ്. എന്നാല്‍ മുഖ്യമന്ത്രിയുമായോ മന്ത്രിസഭാ യോഗത്തിലോ ചര്‍ച്ച ചെയ്യാന്‍ കഴിയാത്തതാണു തീരുമാനം വ്യക്തമാക്കുന്നതിനു തടസമായത്.
സ്വതന്ത്രാവകാശത്തെക്കുറിച്ചു സര്‍ക്കാര്‍ നിലപാടു വ്യക്തമാക്കിയാല്‍ പദ്ധതിയുടെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാമെന്നാണു ടീകോം പറയുന്നത്. ഇതില്‍ വ്യക്തതയില്ലാതെ തങ്ങള്‍ക്കു മുന്നോട്ടു പോകാനാകില്ലെന്നും സര്‍ക്കാരിന്‍റെ തീരുമാനത്തിനായി കാത്തിരുന്നു സമയവും പണവും നഷ്ടപ്പെടുത്താന്‍ തങ്ങള്‍ക്കു കഴിയില്ലെന്നും ടീകോം പ്രതിനിധികള്‍ വ്യക്തമാക്കിയിരുന്നു.
Close...
Maximum Character Allowed -
4000