Sunday, August 01, 2010   5:12 AM IST
Supplements
Home>> News>> Kerala News
Kerala News
റോയല്‍റ്റി: എതിര്‍ത്തും അനുകൂലിച്ചും കലാകാരന്മാര്‍
Sunday, December 27, 2009
|
|
|
തൃശൂര്‍

ചലച്ചിത്ര ഗാനങ്ങള്‍ക്കു റോയല്‍റ്റി ഏര്‍പ്പെടുത്തുമെന്ന കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപനത്തിനു സമ്മിശ്ര പ്രതികരണവുമായി കലാകാരന്മാര്‍.

വിദ്യാധരന്‍ മാസ്റ്റര്‍

കേന്ദ്രസര്‍ക്കാ ര്‍ തീരുമാനം സ്വാഗതം ചെയ്യുന്നതായി സംഗീത സംവിധായകന്‍ വിദ്യാധരന്‍ മാസ്റ്റര്‍. സംഗീതലോകത്തെ കച്ചവടപ്രവണത ഇല്ലാതാക്കാന്‍ നിയമം ഉപകരിക്കും. പാട്ടിന്‍റെ യഥാര്‍ഥ ശില്‍പ്പികള്‍ രചയിതാവും സംഗീത സംവിധായകനും ഗായകനുമാണ്. ഒരു ഗാനത്തിനു സംഗീതം ചിട്ടപ്പെടുത്തുന്നതു മനസുകൊണ്ടുള്ള ത്യാഗം. സംഗീത സംവിധായകന്‍ ത്യാഗംചെയ്തു സൃഷ്ടിക്കുന്നത് ഉപയോഗിച്ചു മറ്റൊരാള്‍ സാമ്പത്തിക ലാഭമുണ്ടാക്കുന്നത് അനുവദിക്കാവുന്നതല്ല. സംഗീതം കേവലം ഉപജീവനമായി കാണുന്ന പ്രവണത പ്രോ ത്സാഹിപ്പിക്കാന്‍ കഴിയില്ലെന്നും വിദ്യാധരന്‍ മാസ്റ്റര്‍. നാടക ഗാനങ്ങളും ലളിത ഗാനങ്ങളും റോയല്‍റ്റിയുടെ പരിധിയില്‍ കൊണ്ടുവരണമെന്നും അദ്ദേഹം.

കല്ലറ ഗോപന്‍

ഒരു ഗാനത്തിന്‍റെ സൃഷ്ടിക്കു പിന്നില്‍ പ്രയത്നിച്ചവര്‍ക്ക് അതിന്‍റെ ഗുണഫലം റോയല്‍റ്റിയായി ലഭിക്കുന്നതിനോടു യോജിപ്പെന്നു പ്രശസ്ത ഗായകന്‍ കല്ലറ ഗോപന്‍. ഗാനങ്ങള്‍ രചിക്കുന്നതിനും അതിനു സംഗീതം ചിട്ടപ്പെടുത്തുന്നതിനും പിന്നില്‍ സര്‍ഗാത്മകമായ വേദനയുണ്ട്. ആ പരിശ്രമം സൃ ഷ്ടാക്കളുടെ ജീവിതത്തിന്‍റെ ഭൗതികമായ നിലനില്‍പ്പിനുകൂടി ഉപകരിക്കപ്പെടേണ്ടതു തന്നെയാണ്. സംവിധായകനും നിര്‍മാതാവും ഗാനരചയിതാവും മാത്രമാണ് ഒരു പാട്ടിന്‍റെ യഥാര്‍ഥ ശില്‍പ്പികള്‍. ഗായകന് അതിന്‍റെ റോയല്‍റ്റി നല്‍കേണ്ടതുണ്ടോയെന്നു പരിശോധിക്കണം. ഗായകനു നല്‍കുന്നെങ്കില്‍ പാട്ടിനു തബല വായിച്ചയാള്‍ക്കും നല്‍കേണ്ടി വരുമെന്നും അദ്ദേഹം.

പാട്ടുകളുടെ തനിമ നിലനിര്‍ത്താന്‍ ഇത്തരമൊരു നിയന്ത്രണം ഒരു പരിധി വരെ ഗുണം ചെയ്യും. പഴയ പാട്ടുകള്‍ റീമിക്സ് ചെയ്തു കച്ചവടംചെയ്യുന്ന പ്രവണത ആശാസ്യമല്ല. അങ്ങനെ ചെയ്യുമ്പോള്‍ അതിന്‍റെ സൃഷ്ടാക്കളുടെ അനുമതി നിര്‍ബന്ധമാക്കുകയും അവര്‍ക്കുകൂടി സാമ്പത്തികമായി ഗുണം ചെയ്യുന്നതിനു സാഹചര്യമുണ്ടാക്കുകയും വേണം. കേരളത്തില്‍ ഗാനമേള രംഗത്തു പ്രവര്‍ത്തിക്കുന്ന കലാകാരന്‍മാരെ പുതിയ നിയമം പ്രതികൂലമായി ബാധിക്കും. റോയല്‍റ്റിയുടെ ബാധ്യത ഗാനമേളയില്‍ പങ്കെടുക്കുന്ന കലാകാരന്‍മാരുടെമേല്‍ ഏല്‍പ്പിക്കാന്‍ പാടില്ലെന്നും കല്ലറ ഗോപന്‍ പറഞ്ഞു.

എം.ഡി. പോളി

ഗാനമേള ട്രൂപ്പുകളില്‍ പ്രവര്‍ത്തിക്കുന്ന ആയിരക്കണക്കിനു കലകാരന്‍മാരുടെ ഉപജീവനത്തെ റോയല്‍റ്റി പ്രതികൂലമായി ബാധിക്കുമെന്നു തൃശൂരിലെ പ്രമുഖ ഗാനമേള ട്രൂപ്പ് ട്രാന്‍സ് ഓര്‍ക്കസ്ട്രയുടെ സംഘാടകനും സംഗീത സംവിധായകനുമായ എം.ഡി. പോളി. വര്‍ഷം 100നും 150നുമിടയില്‍ പരിപാടികളില്‍ പങ്കെടുക്കുന്ന ട്രൂപ്പുകള്‍ ഓരോ വര്‍ഷവും റോയല്‍റ്റി ഇനത്തില്‍ വലിയൊരു തുക നല്‍കേണ്ടി വരും. ട്രൂപ്പുകളുടെ നിലനില്‍പ്പിനെ ഇതു ദോഷകരമായി ബാധിക്കും. ജീവിതോപാധിയായി ഗാനമേള തെരഞ്ഞെടുത്തിട്ടുള്ളവരാണു ട്രൂപ്പുകളിലെ ഗായകരും ഉപകരണങ്ങള്‍ കൈകാര്യം ചെയ്യുന്നവരും.

പരിപാടികളുടെ നിരക്കു വര്‍ധിപ്പിക്കാന്‍ ട്രൂപ്പുടമകള്‍ നിര്‍ബന്ധിതരാകും. ഇതനുസരിച്ചു പരിപാടികളുടെ എണ്ണം കുറയും. ഒരു ഗാനമേള ട്രൂപ്പില്‍ 20നും 25നും ഇടയില്‍ കലാകാരന്‍മാരാണുള്ളത്. പരിപാടികള്‍ എണ്ണം കുറയുന്നത് അംഗങ്ങളുടെ എണ്ണം കുറയ്ക്കാന്‍ ട്രൂപ്പുടമയെ നിര്‍ബന്ധിതനാക്കും- പോളി പറയുന്നു.

ചലച്ചിത്രഗാനങ്ങള്‍ ഹിറ്റാകുന്നത് ഗാനമേളകളില്‍ ആ പാട്ട് അവതരിപ്പിക്കുമ്പോഴാണ്. പാട്ടിന്‍റെ സൃഷ്ടിയില്‍ ഗായകന്‍ ഒരു ഉപകരണം മാത്രമാണ്. സിനിമയുടെ പിന്നണിയില്‍ പാടുന്നതിനു ഗായകനു പ്രതിഫലം ലഭിക്കുന്നുണ്ട്. തുടര്‍ന്നും അയാള്‍ക്കു റോയല്‍റ്റി ഇനത്തില്‍ പണം ലഭിക്കുന്നതിനെക്കുറിച്ചു പരിശോധിക്കണം. പാട്ട് ആസ്വാദ്യമാകുന്നത് ഉപകരണങ്ങളുടെയും പശ്ചാത്തല സംഗീതത്തിന്‍റെയും കൂട്ടായ സംഭാവനകൊണ്ടാണ്. അങ്ങനെയെങ്കില്‍ ഉപകരണങ്ങള്‍ കൈകാര്യം ചെയ്യുന്നവര്‍ക്കും റോയല്‍റ്റി നല്‍കേണ്ടി വരും- പോളി ചൂണ്ടിക്കാട്ടി.

|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code