ശുദ്ധസംഗീതത്തിന് അംഗീകാരം
കൊച്ചി
തലമുറകളായി കൈമാറിവന്ന ശുദ്ധസംഗീതത്തെ കലര്‍പ്പില്ലാതെ അവതരിപ്പിച്ച വിഷ്ണുപ്രിയ ഷേണായിക്കു ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ ശാസ്ത്രീയ സംഗീതത്തില്‍ ഒന്നാംസ്ഥാനം. യാരോ.. ഇവര്‍ യാരോ.... എന്ന ഭൈരവി രാഗത്തിലുള്ള കീര്‍ത്തനം ആലപിച്ചുതുടങ്ങിയപ്പോള്‍ത്തന്നെ സദസ് ഒന്നടങ്കം വിധി കല്‍പിച്ചു, ഒന്നാംസ്ഥാനം ഗവണ്‍മെന്‍റ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ വിഷ്ണു പ്രിയയ്ക്കു തന്നെ.
ശുദ്ധസംഗീതത്തോടുള്ള ഒടുങ്ങാത്ത അഭിനിവേശമാണു തന്നെ വിജയിയാക്കിയതെന്ന് ഈ കൊച്ചുമിടുക്കി മറച്ചുവച്ചില്ല. മുത്തച്ഛന്‍ സച്ചിതാനന്ദ ഷേണായിയുടെ കച്ചേരികള്‍ കേട്ടുവളര്‍ന്ന വിഷ്ണുപ്രിയയുടെ യാത്രകളില്‍ ചേച്ചിമാരായ വിനീതയുടേയും വീണയുടേയും പ്രോത്സാഹനമുണ്ടായിരുന്നു. ഇരുവരും സംഗീതക്കച്ചേരികള്‍ നടത്താറുണ്ട്. കാലടി സംസ്കൃത സര്‍വകലാശാലയിലില്‍ എംഎ ക്ലാസിക്കല്‍ മ്യൂസിക് വിദ്യാര്‍ഥിയാണു വിനീത. വീണയുടെ വിവാഹം കഴിഞ്ഞെങ്കിലും സംഗീതാഭ്യസനത്തിനു വിഹാഹം തടസമായിട്ടില്ല. ഇവര്‍ ആലപിക്കുന്ന രാഗങ്ങള്‍ വിഷ്ണുപ്രിയ കുട്ടിക്കാലത്തുതന്നെ എളുപ്പത്തില്‍ ഹൃദിസ്ഥമാക്കിയിരുന്നു. ചെറുപ്പത്തിലേ കഴിവു പ്രകടമാക്കിയ വിഷ്ണുപ്രിയക്കു മികച്ച പ്രോത്സാഹനവുമായി അച്ഛന്‍ വിദ്യാധരഷേണായും അമ്മ ശാന്തയും ഒപ്പമുണ്ട്. ജില്ല-ഉപജില്ലാ കലോത്സവങ്ങളില്‍ തുടര്‍ച്ചായി ഏഴുവര്‍ഷങ്ങളില്‍ വിഷ്ണുപ്രിയ മത്സരിക്കുന്നുണ്ട്. കഴിഞ്ഞവര്‍ഷം ഹൈസ്കൂള്‍ വിഭാഗത്തില്‍ ശാസ്ത്രീയസംഗീതത്തില്‍ ഒന്നാംസ്ഥാനം നേടിയിരുന്നു.
Close...
Maximum Character Allowed -
4000