828 മീറ്റര്‍ ഉയരത്തില്‍ ദുബായിയുടെ കീര്‍ത്തിസ്തംഭം
Tuesday,
January 05,
2010
ദുബായ്
ആഗോള സാമ്പത്തിക മാന്ദ്യത്തില്‍ ദുബായ് തകര്‍ന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്ക്, ബുര്‍ജ് ദുബായ് എന്ന ആകാശഗോപുരത്തിലൂടെ ഗള്‍ഫ് വാണിജ്യ തലസ്ഥാനത്തിന്‍റെ മറുപടി. 828 മീറ്ററിന്‍റെ ഉയരപ്പെരുമ ഇനി അറബ് ലോകത്തിന്‍റെ സ്വന്തം. ഇന്നലെ രാത്രി വര്‍ണാഭമായ ചടങ്ങില്‍ ദുബായിയുടെ എന്‍ജിനീയറിങ് അദ്ഭുതം ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റഷീദ് അല്‍ മക്തൂം രാഷ്ട്രത്തിനു സമര്‍പ്പിച്ചു.
തായ്പെയ് 101 എന്ന ഭീമന്‍ കെട്ടിടത്തിന് ഇനി രണ്ടാം സ്ഥാനംമാത്രം. അവസാനനിമിഷം വരെ രഹസ്യമാക്കിവച്ചിരുന്ന ഉയരരഹസ്യം ഉദ്ഘാടനച്ചടങ്ങില്‍ പുറത്തുവിട്ടതിനൊപ്പം ഷെയ്ഖ് മറ്റൊരു പ്രഖ്യാപനവും നടത്തി. കീര്‍ത്തിസ്തംഭം ബുര്‍ജ് ഖലീഫയെന്ന പേരിലാകും അറിയപ്പെടുക.
ഗള്‍ഫിന്‍റെ തലയെടുപ്പായി ബുര്‍ജ് ദുബായ് മാറുമ്പോള്‍ അറബ് രാഷ്ട്രങ്ങള്‍ രണ്ടാം "ജന്മനാട്' എന്ന് അഭിമാനിക്കുന്ന ഇന്ത്യക്കാരനും സന്തോഷിക്കാം; ഇതിന്‍റെ നൂറാം നില ഒരു ഇന്ത്യന്‍ വ്യവസായിക്കു സ്വന്തം. ന്യൂ മെഡിക്കല്‍ സെന്‍റര്‍ (എന്‍എംസി) ഗ്രൂപ്പ് തലവന്‍ ബി.ആര്‍. ഷെട്ടി, സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും വേണ്ടിയുള്ള ഗസ്റ്റ്ഹൗസാക്കി മാറ്റി ഈ നില.
ചതുരശ്ര അടിക്ക് 860 ഡോളര്‍ വില വരുന്ന നൂറാം നിലയുടെ 15000 ചതുരശ്ര അടി ഷെട്ടി സ്വന്തമാക്കിയത് 50 കോടി രൂപ മുടക്കി. ലോകത്തിന്‍റെ മുകളില്‍ നിന്ന് ഇനി ഒരു വിഹഗവീക്ഷണമാകാമെന്നു ഷെട്ടി.
നൂറാം നിലവരെ കയറിപ്പറ്റാന്‍ എത്ര സമയമെടുക്കുമെന്ന ആശങ്കയും ഷെട്ടിക്കില്ല. എലവേറ്ററില്‍ നിമിഷങ്ങള്‍കൊണ്ടെത്താം ഏത് ഉയരത്തിലും. നൂറാം നിലയില്‍ അവസാനിക്കുകയല്ല ഷെട്ടിയുടെ ആകാശസ്വപ്നം. കെട്ടിടത്തിലെ 141ാം നിലയിലും ഷെട്ടി വാങ്ങിക്കൂട്ടി ഏതാനും മുറികള്‍. ഇത് ഓഫിസ് ആവശ്യത്തിന്. കെട്ടിടത്തിന്‍റെ നിര്‍മാണത്തിനുവേണ്ടി അഹോരാത്രം പണിയെടുത്തവരിലും ഇന്ത്യക്കാരേറെ. അപൂര്‍വമായ അനുഭവമായിരുന്നു കെട്ടിടത്തിന്‍റെ നിര്‍മാണമെന്നു നിര്‍മാണച്ചുമതല വഹിച്ച ഓവിങ് ആന്‍ഡ് മെറില്‍ കമ്പനിയുടെ എന്‍ജിനിയര്‍ ബില്‍ ബേക്കര്‍.
1044 ഫ്ളാറ്റുകളുള്‍പ്പെടെ വിശാലമായ നഗരത്തിന്‍റെ സൗകര്യങ്ങളെല്ലാമുണ്ട് ദുബായിയുടെ ആകാശഗോപുരത്തില്‍. വാണിജ്യസ്ഥാപനങ്ങള്‍, ഓഫിസുകള്‍, ഹെല്‍ത്ത് സെന്‍റര്‍ തുടങ്ങി എല്ലാമടങ്ങിയ മള്‍ട്ടിപ്ലക്സ്. 160 ഫ്ളാറ്റുകള്‍ ആഡംബരജീവിതം ഇഷ്ടപ്പെടുന്നവര്‍ക്കുവേണ്ടി.
2004ല്‍ നിര്‍മാണം തുടങ്ങിയ ബുര്‍ജ് ദുബായിക്കുവേണ്ടി ഇതുവരെ ചെലവാക്കിയത് 150 കോടി ഡോളര്‍. അമ്പതുലക്ഷം ചതുരശ്ര അടി വിസ്തൃതി. 26,000 ഗ്ലാസ് പാനലുകള്‍.
ലോകത്തെ ഏറ്റവും ഏറ്റവും ഉയരത്തിലുള്ള ഫ്ളാറ്റ്, ഒബ്സര്‍വേഷന്‍ ഡസ്ക് (124ാം നില), മോസ്ക് (158), സ്വിമ്മിങ്പൂള്‍ (76)... ഇങ്ങനെ തുടരുന്നു ബുര്‍ജ് ദുബായിയുടെ സവിശേഷതകള്‍.
Close...
Maximum Character Allowed -
4000