തെലുങ്കാന: സര്‍വകക്ഷിയോഗം ഇന്ന്
Tuesday,
January 05,
2010
ഹൈദരാബാദ്
തെലുങ്കാന പ്രശ്നപരിഹാരം ലക്ഷ്യമിട്ട് ആന്ധ്ര പ്രദേശിലെ എട്ടു പ്രധാന രാഷ്ട്രീയ കക്ഷികള്‍ കേന്ദ്ര ആഭ്യന്തരമന്ത്രി പി. ചിദംബരത്തിന്‍റെ അധ്യക്ഷതയില്‍ ഇന്നു യോഗം ചേരുന്നു. കോണ്‍ഗ്രസ്, തെലുങ്കുദേശം, ടിആര്‍എസ്, പ്രജാരാജ്യം, സിപിഎം, സിപിഐ, ബിജെപി, എംഐഎം എന്നീ കക്ഷികളെയാണു ചര്‍ച്ചയ്ക്കു വിളിച്ചിരിക്കുന്നത്.
പ്രത്യേക തെലുങ്കാന സംസ്ഥാനം രൂപീകരിക്കുമെന്നു കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച് ഒരു മാസത്തോളമാകുമ്പോഴും ഇരുപക്ഷവും വിട്ടുവീഴ്ചകള്‍ക്കു തയാറായിട്ടില്ല. ടിആര്‍എസും ബിജെപിയും ഇടതുപക്ഷവും ഒഴികെയുള്ള പാര്‍ട്ടികള്‍ക്കുള്ളില്‍ത്തന്നെ തെലുങ്കാനയ്ക്ക് എതിരായും അനുകൂലമായും വ്യക്തമായ പക്ഷങ്ങള്‍ രൂപംകൊണ്ടു കഴിഞ്ഞു. ഈ സാഹചര്യത്തില്‍ യോഗം പ്രക്ഷുബ്ധമാകുമെന്നാണു കരുതപ്പെടുന്നത്. കോണ്‍ഗ്രസിലും തെലുങ്കുദേശം പാര്‍ട്ടിയിലുമാണ് ഇരുപക്ഷങ്ങള്‍ക്കും വേണ്ടി ഏറ്റവും ശക്തമായ വേര്‍തിരിവുകള്‍ രൂപപ്പെട്ടിട്ടുള്ളത്.
പ്രത്യേക സംസ്ഥാനം ആവശ്യപ്പെട്ട് തെലുങ്കാന മേഖലയില്‍ ഇന്ന് പ്രക്ഷോഭങ്ങളും റോഡ്-റെയ്ല്‍ തടയല്‍ സമരങ്ങളും ആഹ്വാനം ചെയ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാന വിഭജനത്തിനെതിരേ തീരദേശ മേഖലയിലും റായലസീമയിലും പ്രക്ഷോഭങ്ങളുണ്ടാകും.
തെലുങ്കാന രാഷ്ട്രസമിതി നേതാവ് കെ. ചന്ദ്രശേഖര റാവു ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ ഞായറാഴ്ച തന്നെ സ്ഥലത്തെത്തിയിട്ടുണ്ട്. മുഖ്യമന്ത്രി കെ. റോസയ്യ ഇന്നലെ രാവിലെയും എത്തി. യോഗത്തിനു മുന്‍പ് അദ്ദേഹം പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങുമായും ആഭ്യന്തരമന്ത്രി ചിദംബരവുമായും ചര്‍ച്ച നടത്തും.
പ്രതീക്ഷിച്ചതു പോലെ, തെലുങ്കാനയ്ക്കു വേണ്ടി ശബ്ദമുയര്‍ത്തുമെന്നു റാവു പ്രഖ്യാപിച്ചു കഴിഞ്ഞു. കഴിഞ്ഞ സര്‍വകക്ഷി യോഗത്തില്‍ തെലുങ്കാനയ്ക്കു വേണ്ടി സംസാരിച്ച പ്രജാരാജ്യം മേധാവി ചിരഞ്ജീവി ഇത്തവണ ഐക്യ ആന്ധ്രയ്ക്കു വേണ്ടിയായിരിക്കും സംസാരിക്കുക.
Close...
Maximum Character Allowed -
4000